Advertisment

യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണം ; തങ്ങളുടെ 34 സൈനികർക്കു തലച്ചോറിനു ക്ഷതമേറ്റതായി യുഎസ് വെളിപ്പെടുത്തൽ 

New Update

വാഷിങ്ടൻ : ഇറാഖിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ തങ്ങളുടെ 34 സൈനികർക്കു തലച്ചോറിനു ക്ഷതമേറ്റതായി യുഎസ് വെളിപ്പെടുത്തൽ. ഇതിൽ 11 പേർ പരുക്കിൽനിന്നു മോചിതരായെന്നും പെന്റഗൺ അറിയിച്ചു. ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ഈ മാസം 3ന് വ്യോമാക്രമണത്തിൽ വധിച്ചതിനു പ്രതികാരമായാണ് ജനുവരി 8ന് ഇറാൻ ഇറാഖിലെ യുഎസ് സൈനികതാവളം ആക്രമിച്ചത്.

Advertisment

publive-image

ആക്രമണത്തിൽ തങ്ങള്‍ക്കു കാര്യമായി നഷ്ടം സംഭവിച്ചിട്ടില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങൾ തെറ്റെന്നു തെളിയിക്കുന്നതാണു പെന്റഗൺ വെളിപ്പെടുത്തൽ.

പരുക്കേറ്റവരിൽ 17 പേർ ജർമനിയിൽ ചികിത്സയിലായിരുന്നു. ഇതിൽ എട്ട് പേർ യുഎസിൽ തിരിച്ചെത്തിയിട്ടുണ്ട്. ഒൻപതു പേർ ജർമനിയിൽ തന്നെ തുടരുകയാണെന്നും പെന്റഗൺ അറിയിച്ചു. ആക്രമണത്തിൽ തങ്ങളുടെ 11 സൈനികർക്കു പരുക്കറ്റതായി യുഎസ് സെൻട്രൽ കമാൻഡ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണു വ്യക്തത വരുത്തി പെന്റഗൺ രംഗത്തെത്തിയത്.

അൽ അസദ് താവളത്തിലെ 17 സൈനികർക്കാണ് ആക്രമണത്തിന്റെ ആഘാതം മൂലം തലച്ചോറിനു ക്ഷതമേറ്റത്. ആക്രമണം നടക്കുമ്പോൾ 1,500 സൈനികരും ബങ്കറുകളിലായിരുന്നു. ഇതിനിടെ, യുഎസ് സേനയുമായി ചേർന്നുള്ള പ്രവർത്തനം പുനരാരംഭിച്ചെന്ന റിപ്പോർട്ട് ഇറാഖ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

‘വിഷം പുരട്ടിയ കത്തി പിന്നിൽ ഒളിപ്പിച്ചുവച്ച കോമാളിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കഴിഞ്ഞ ദിവസം പറഞ്ഞത്. യുഎസിനു നേരെ ഇറാൻ നടത്തിയ ആക്രമണം അമേരിക്കയുടെ പ്രതിച്ഛായയ്ക്കു തിരിച്ചടിയായി. മധ്യപൂർവദേശത്തുനിന്ന് യുഎസിനെ പിന്മാറാൻ നിർബന്ധിക്കുന്നതാണ് അവർക്കു നൽകാനുള്ള യഥാർഥ ശിക്ഷ’ – ആയത്തുല്ല ഖമനയി പറഞ്ഞു.

Advertisment