Advertisment

ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു; 130 റോക്കറ്റുകള്‍ ഇസ്രയേലിലേക്കു തൊടുത്തുവെന്ന് ഹമാസ്; ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്

New Update

ടെല്‍ അവീവ്: ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു വീണതിനു പിന്നാലെ 130 റോക്കറ്റുകള്‍ ഇസ്രയേലിലേക്കു തൊടുത്തുവെന്ന് ഹമാസ്. ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്നും ഹമാസ് മുന്നറിയിപ്പു നല്‍കി. വരും ദിവസങ്ങളിലൊന്നും വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഇരുഭാഗങ്ങളുടെയും നിലപാട് വ്യക്തമാക്കുന്നത്.

Advertisment

publive-image

ഹമാസിന്റെ ആക്രമണത്തില്‍ ദക്ഷിണഇസ്രയേലില്‍ ആറു വയസുള്ള കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ചു. ഗാസയിലെ അല്‍-ഫറോക് ടവര്‍ തകര്‍ത്തതിന്റെ തിരിച്ചടിയായാണ് 130 റോക്കറ്റുകള്‍ വര്‍ഷിച്ചതെന്നു ഹമാസ് പറഞ്ഞു. ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ടവറാണ് തകര്‍ത്തതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

ഹമാസിനെതിരെ കൂടുതല്‍ ആക്രമണം നടത്താനുള്ള ഒരുക്കത്തിലാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും അവര്‍ സ്വപ്‌നം പോലും കാണാത്ത തിരിച്ചടിയാവും നല്‍കുകയെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പു നല്‍കി.

തിങ്കളാഴ്ച മുതല്‍ ആയിരത്തിലേറെ റോക്കറ്റുകളാണ് ഗാസയില്‍നിന്ന് ഇസ്രയേലിലേക്ക് തൊടുത്തു വിട്ടത്. തുടര്‍ന്ന് ഇസ്രയേല്‍ തീരമേഖലയില്‍ 350ഓളം തവണ വ്യോമാക്രമണം നടത്തിയാണു തിരിച്ചടിച്ചത്.

സംഘര്‍ഷമൊഴിവാക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമം തുടരുന്നതിനിടെ ഗാസയിലും ഖാന്‍ യൂനിസിലും ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണ്. ഇസ്രയേലിന്റെ പ്രധാന വാണിജ്യകേന്ദ്രമായ ടെല്‍ അവീവിലും ബീര്‍ഷേബയിലും പ്രത്യാക്രമണവുമുണ്ടായി. വെസ്റ്റ് ബാങ്കിലും സംഘര്‍ഷമുണ്ട്.

പലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ ഗാസ നഗര മേധാവി ബാസം ഇസ അടക്കം നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസയുടെ മരണം ഹമാസും സ്ഥിരീകരിച്ചു.

2014 നു ശേഷം ഇസ്രയേല്‍ വധിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഹമാസ് മേധാവിയാണ് ഇസ. തിങ്കളാഴ്ച സംഘര്‍ഷം മൂര്‍ച്ഛിച്ച ശേഷം ഗാസയില്‍ 56 പേരും ഇസ്രയേലില്‍ മലയാളി നഴ്‌സ് അടക്കം 7 പേരും മരിച്ചു. ഇന്നലെ മാത്രം ഗാസയില്‍ വധിക്കപ്പെട്ടത് 26 പേരാണ്. ഇതില്‍ 14 പേര്‍ കുട്ടികളാണ്.

 

isrel attack
Advertisment