Advertisment

ലീഗിലെ പ്രശ്നങ്ങള്‍ രമ്യതയിലേയ്ക്ക് ? കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള കലാപനീക്കങ്ങളോട് 'നോ' പറഞ്ഞ് പാണക്കാട് തങ്ങള്‍. കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം ത്രുപ്തികരമെന്നും തങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

കോഴിക്കോട് ∙ മുത്തലാഖ് ബില്‍ ചര്‍ച്ചാ വിവാദത്തെ തുടര്‍ന്ന്‍ മുസ്ലീം ലീഗില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ രമ്യതയിലേയ്ക്ക് . ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പാർലമെന്ററി പാർട്ടി നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വച്ച് കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ച വിവാദങ്ങള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്‌ തങ്ങൾ 'നോ' പറഞ്ഞിരിക്കുകയാണ്.

സംഭവത്തില്‍ കുഞ്ഞാലിക്കുട്ടി പാർട്ടിക്കു നൽകിയ വിശദീകരണം തൃപ്തികരമാണെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും പാണക്കാട് തങ്ങള്‍ അഭ്യർഥിച്ചതോടെ കുഞ്ഞാലിക്കുട്ടിക്കെതിരെ അവസരം കാത്ത് തക്കം പാര്‍ത്തിരുന്നവര്‍ നിരാശയിലായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയോടു ഒരു വിശദീകരണം ചോദിക്കലില്‍ തങ്ങള്‍ കാര്യങ്ങള്‍ ഒതുക്കി എന്നതാണ് സത്യം.

publive-image

മുത്തലാഖ് ബിൽ ചർച്ച ചെയ്ത ദിവസം ലോക്സഭയിൽ എത്താതിരുന്നതിലാണ് കുഞ്ഞാലിക്കുട്ടി പാർട്ടിക്കു വിശദീകരണം നൽകിയത്. ഈ വിശദീകരണം തൃപ്തികരമെന്നു പാണക്കാട് ഹൈദരലി ശിഹാബ്‌ തങ്ങൾ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നു നിര്‍ദേശിച്ച തങ്ങൾ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഏവരോടും അഭ്യർഥിച്ചു.

ലീഗിലെ എംപിമാരില്‍ ഇ.ടി.മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഭിന്നതയിലാണ്. പാണക്കാട് കുടുംബത്തില്‍തന്നെ കുഞ്ഞാലികുട്ടിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ നിലപാട് പരസ്യമായി പറഞ്ഞത് ഈ ഭിന്നതയുടെ ഭാഗമായിട്ടാണ്. എന്നാല്‍ എല്ലാവരെയും തൃപ്തിപ്പെടുത്തിയാണ് ഹൈദരലി ശിഹാബ്‌ തങ്ങൾ ഇപ്പോള്‍ പ്രശ്നം പരിഹരിച്ചിരിക്കുന്നത്.

publive-image

ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻകൂടിയായ ഹൈദരലി ശിഹാബ് തങ്ങളാണു വിശദീകരണം ആവശ്യപ്പെട്ടത്. നേരത്തേ, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്താതിരുന്നതും ചർച്ചയായി.

ലീഗ് അണികൾക്കിടയിൽനിന്നു പരമ്പരാഗതമായി ലീഗിനൊപ്പം നിൽക്കുന്ന മതസംഘടനയായ ‘സമസ്ത’യിൽനിന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇടതുപക്ഷത്തിന്റെ വിമർശനത്തിനു പുറമേ ഐഎൻഎൽ, എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയവ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തതോടെ ലീഗ് പ്രതിരോധത്തിലായി.

വിവാദം കത്തുമ്പോൾ കുഞ്ഞാലിക്കുട്ടി ദുബായിലായിരുന്നു എന്നതു പ്രശ്നം രൂക്ഷമാക്കി. ലീഗിന്റെ 2 എംപിമാരിൽ ഇ.ടി.മുഹമ്മദ് ബഷീറാണു സഭയിലുണ്ടായിരുന്നത്. മുസ്‍ലിം പുരുഷൻമാരെ ക്രിമിനലുകളായി മുദ്ര കുത്തുന്ന ബിൽ അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പ്രസംഗിച്ച അദ്ദേഹം നിഷേധവോട്ട് രേഖപ്പെടുത്തി. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കേണ്ടതിനാലാണു കുഞ്ഞാലിക്കുട്ടി സഭയിൽ എത്താതിരുന്നതെന്നാണു പാർട്ടി കേന്ദ്രങ്ങൾ ആദ്യം പറഞ്ഞത്.

pk kun
Advertisment