Advertisment

കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ മാറാന്‍ പച്ചച്ചക്ക അത്യുത്തമം; അനേകര്‍ക്ക് ആശ്വാസമാവുന്ന പുതിയ പഠനം !

New Update

കൊച്ചി : നാടന്‍ ചക്ക കഴിക്കുന്നത് കീമോയുടെ പാര്‍ശ്വഫലങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കുമെന്നാണ് പുതിയ പഠനം. ഈ പ്രബന്ധത്തിന് അംഗീകാരവും ലഭിച്ചു കഴിഞ്ഞു. കീമോതെറപ്പിക്കു വിധേയരാകുന്നവരില്‍ 43% പേര്‍ക്കും കടുത്ത ക്ഷീണം, വയറിളക്കം, ന്യൂമോണിയ, വായിലെ വ്രണം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ വരാറുണ്ട്.

Advertisment

publive-image

പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നല്‍കിയപ്പോള്‍ ഈ പാര്‍ശ്വഫലങ്ങള്‍ വരുന്നില്ലെന്നാണു കൊച്ചി റിനൈ മെഡിസിറ്റിയിലെ പഠനത്തില്‍ കണ്ടെത്തിയത്. 50 രോഗികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഡോ.തോമസ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ രോഗികള്‍ക്ക് ചക്കപ്പൊടി ചേര്‍ത്ത വിഭവങ്ങള്‍ നല്‍കുകയും കീമോയുടെ പാര്‍ശ്വഫലങ്ങളിലെ വ്യത്യാസം നിരീക്ഷിക്കുകയുമായിരുന്നു.

നേരത്തേ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ക്ലിനിക്കല്‍ ഗവേഷണത്തിലൂടെ, പച്ചച്ചക്ക പുഴുക്ക് രൂപത്തിലോ നാടന്‍ വിഭവങ്ങളില്‍ ചേര്‍ത്തോ കഴിക്കുന്നത് പ്രമേഹം കുറയ്ക്കുമെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ പ്രധാന പങ്കുവഹിച്ചത് മൈക്രോസോഫ്റ്റിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ജയിംസ് ജോസഫ് ആയിരുന്നു. അദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ പരീക്ഷണത്തിനും മുന്നിട്ടിറങ്ങിയത്.

ഇതെക്കുറിച്ചുള്ള ക്ലിനിക്കല്‍ പഠന പ്രബന്ധം റോമിലെ യൂറോപ്യന്‍ ന്യൂട്രീഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. സാന്‍ ഡിയാഗോയില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച് സമ്മേളനത്തിലും കോവളത്ത് നാളെ തുടങ്ങുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച് സമ്മേളനത്തിലും ഇത് അവതരിപ്പിക്കും. രാജ്യാന്തര മെഡിക്കല്‍ ജേണലായ ബയോ മോളിക്യൂള്‍സില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചു.

പച്ചച്ചക്കയിലെ പെക്ടിന്‍ എന്ന രാസപദാര്‍ഥമാണ് പാര്‍ശ്വഫലങ്ങളില്‍ നിന്ന് കീമോ ചെയ്യുന്നവരെ രക്ഷിക്കുന്നത്. പഴങ്ങളിലുള്ള രാസപദാര്‍ഥമായ പെക്ടിന്‍ വേര്‍തിരിച്ചെടുത്താണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചക്കയില്‍ ഇത് ധാരാളമായി കാണപ്പെടുന്നു. അതിനാല്‍ത്തന്നെ ചക്ക ഉത്പന്നങ്ങളുടെ ഉപഭോഗം കീമോയുടെ ദൂക്ഷ്യഫലങ്ങളില്‍ നിന്ന് രക്ഷനേടാന്‍ രോഗികളെ സഹായിക്കുന്നു.

Advertisment