Advertisment

പഴയ വീര്യത്തോടെ ജവാന്‍ റം ഇന്നു മുതല്‍ നിര്‍മ്മാണം പുനരാരംഭിച്ചു ! നിര്‍മ്മാണം പുനരാരംഭിച്ചത് എട്ടുവര്‍ഷം മുമ്പുവരെ റം നിര്‍മ്മിച്ചിരുന്ന പഴയ കെമിസ്റ്റിനെ എത്തിച്ച്. തട്ടിപ്പില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സ്പിരിറ്റ് കരാറുകാര്‍. റിമാന്‍ഡിലുള്ള പ്രതികളെ നാളെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ജില്ലാ പോലീസ് മേധാവി ഇന്ന് പുളിക്കീഴ് സ്റ്റേഷനില്‍

New Update

publive-image

Advertisment

പത്തനംതിട്ട : സ്പിരിറ്റ് മോഷണം നടന്ന തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ ജവാന്‍ റം നിര്‍മാണം പുനരാരംഭിച്ചു. ഇന്നു രാവിലെയാണ് ജവാന്റെ നിര്‍മ്മാണം പുനരാരംഭിച്ചത്. നേരത്തെ സ്പിരിറ്റ് തിരിമറി നടന്നതോടെ മദ്യത്തിന്റെ നിര്‍മ്മാണം നിര്‍ത്തി വച്ചിരുന്നു.

നേരത്തെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ പ്രൊഡക്ഷന്‍ മാനേജരടക്കം ഒളിവില്‍ പോയതോടെയാണ് മദ്യനിര്‍മാണം നിലച്ചത്. പുതിയ ആളെ കണ്ടെത്തി മദ്യ നിര്‍മ്മാണം പുനരാരംഭിക്കാന്‍ നിര്‍ദേശം ലഭിച്ചതോടെ പഴയ ജീവനക്കാരനെ തിരികെവിളിക്കുകയായിരുന്നു.

ഇവിടെ എട്ട് വര്‍ഷം മുന്‍പ് കെമിസ്റ്റായി ജോലി ചെയ്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ജോര്‍ജ് ഫിലിപ്പിനെയാണ് മദ്യനിര്‍മ്മാണത്തിനായി കമ്പനിയിലെത്തിച്ചത്. റം നിര്‍മാണത്തില്‍ ഇദ്ദേഹത്തിന് മുന്‍ പരിചയമുണ്ട്. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ജവാന്റെ നിര്‍മ്മാണം.

അതിനിടെ സ്പിരിറ്റെത്തിക്കാന്‍ കരാറെടുത്ത കമ്പനി ഉടമകളെ ഇന്നലെ ചോദ്യം ചെയ്തു വിട്ടിരുന്നു. സ്പിരിറ്റ് നിര്‍മാണ കമ്പനിക്ക് പണം കൊടുത്ത് സ്പിരിറ്റ് വാങ്ങി ഫാക്ടറിയിലെത്തിച്ച് ഗുണനിലവാര പരിശോധനയും പൂര്‍ത്തിയാക്കിയാലേ പണം കിട്ടൂ. അത്തരമൊരു സാഹചര്യത്തില്‍ തങ്ങള്‍ക്ക് തട്ടിപ്പിന് കഴിയില്ലെന്നാണ് ഉടമകളുടെ മൊഴി.

ആവശ്യമെങ്കില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കും. കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനി ഇന്ന് എത്തും.

പുളിക്കീഴ് പൊലീസ് സ്റ്റേഷനിലും, ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലും എത്തി അന്വേഷണ പുരോഗതി വിലയിരുത്തും. അന്വേഷണ ഉദ്യോഗസ്ഥന്‍ മാറുന്നതിനാല്‍ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത് നാളത്തേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവല്ല ഡിവൈഎസ്പി സുനീഷ് ബാബുവിന് പകരം പുതിയ ഡിവൈഎസ്പിയായി രാജപ്പന്‍ റാവുത്തര്‍ ഇന്നലെ ചുമതലയേറ്റിരുന്നു. പുളിക്കീഴ് സിഐ ബിജു വി നായര്‍ക്ക് പകരം ഇഡി ബിജു ഇന്ന് ചുമതലയേല്‍ക്കും. ഇതിനു ശേഷമാകും കൂടുതല്‍ അന്വേഷണമുണ്ടാകുക.

Advertisment