Advertisment

കാപ്പൻ വഞ്ചകനെന്ന് വാസവൻ, കാപ്പനെ ജോസ് തളയ്ക്കുമെന്ന് ബെന്നി മൈലാടൂർ ; ജനകീയ യാത്രാ ഉദ്ഘാടന വേദിയിൽ കാപ്പനെതിരെ ആഞ്ഞടിച്ച് ഇടതു നേതാക്കൾ

New Update

പാലാ: ജോസ്. കെ. മാണി നയിക്കുന്ന ജനകീയ യാത്രാ ഉദ്ഘാടന വേദിയിൽ മാണി. സി. കാപ്പനെതിരെ ആഞ്ഞടിച്ച് സി.പി.എം, എൻ. സി. പി. നേതാക്കൾ. വഞ്ചകനും ചതിയനുമാണ് മാണി സി .കാപ്പനെന്നും അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കാപ്പൻ്റെ സ്ഥാനം ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും ജനകീയ യാത്ര ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പറഞ്ഞു.

Advertisment

publive-image

കൂടുവിട്ട് കൂടുമാറുന്ന മാണി .സി. കാപ്പൻ ഇത്തവണ കാലേകൂട്ടി അച്ചാരം വാങ്ങി കച്ചവടം നടത്തിയാണ് യുഡിഎഫ് ക്യാമ്പിൽ എത്തിയത്. മാണി. സി. കാപ്പൻ്റെ ചതി പ്രവർത്തി ഇടതു മുന്നണി ഒരിക്കലും അംഗീകരിക്കില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർന്നുപോകുമെന്നാണ് കാപ്പൻ കരുതിയത്.

യു.ഡി.എഫുമായി നേരത്തേ തന്നെ ഉണ്ടാക്കിയ ബന്ധത്തെ തുടർന്നാണ് രമേശ് ചെന്നിത്തലയും പിജെ ജോസഫും കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥി ആകുമെന്ന് മുൻകൂട്ടി പലവട്ടം പറഞ്ഞത്. ഇടതുമുന്നണിയെ ഇങ്ങനെയൊന്നും ആർക്കും തകർക്കാൻ പറ്റില്ല .തന്നെ ജയിപ്പിച്ച ഇടതുമുന്നണിയോടോ മുഖ്യമന്ത്രിയോടോ ഒരു വാക്കു പോലും പറയാതെ, ഒരു നാടിനെ ആകെ അവഗണിച്ചുകൊണ്ടാണ് കാപ്പൻ യുഡിഎഫിലേക്ക് ചേക്കേറിയതെന്നും വാസവൻ പറഞ്ഞു.

ചതിച്ചും വഞ്ചിച്ചും ഒറ്റുകൊടുത്തും നെറികെട്ട രാഷ്ട്രീയത്തിന്റെ ആൾരൂപമായി മാണി സി കാപ്പൻ ഇന്ന് മാറിയിരിക്കുകയാണെന്നും വി എൻ വാസവൻ തുറന്നടിച്ചു. പാലായിൽ ഇടതുമുന്നണിയെ വെല്ലാൻ ആർക്കും കഴിയില്ല.

യഥാർത്ഥ കേരള കോൺഗ്രസ് ജോസ് കെ. മാണി നയിക്കുന്ന പാർട്ടിയാണ്. പാർട്ടിയും ചിഹ്നവും കൊടിയും ചെയർമാൻ സ്ഥാനവും ജോസ് കെ മാണിക്കാണ് നിയമപരമായി ലഭിച്ചതെന്നും വാസവൻ ചൂണ്ടിക്കാട്ടി.

യു.ഡി. എഫ്. യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി "പാമ്പാടി രാജൻ " എന്ന ആനയോടാണ് കാപ്പനെ ഉപമിച്ചതെന്നും ഈ രാജനെ എന്നന്നേയ്ക്കുമായി തളയ്ക്കുന്ന പാപ്പാനായിരിക്കും ജോസ്. കെ. മാണിയെന്നും എൻ. സി. പി. സംസ്ഥാന കമ്മിറ്റി അംഗം ബെന്നി മൈലാടൂർ പറഞ്ഞു.

ഇടതുമുന്നണി സർക്കാരിന്റെ ജനകീയമുഖം പൊതുജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനാണ് ജനകീയ യാത്രയുമായി താൻ രംഗത്തുവന്നിട്ടുള്ളത് ജോസ് കെ മാണി പറഞ്ഞു. പാവപ്പെട്ടവരെ ചേർത്ത് പിടിക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഇടതു സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടം.

അതുകൊണ്ടുതന്നെ കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ജോസ് .കെ. മാണി തുടർന്നു. കോട്ടയം ജില്ലയിലെ പ്രമുഖ ഇടതു മുന്നണി നേതാക്കളും നിരവധി ജനപ്രതിനിധികളും ജനകീയ യാത്രയെ വരവേൽക്കാനെത്തിയിരുന്നു.

jose k mani mani ckappan
Advertisment