Advertisment

കാര്‍ഷിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണം: ജോസ് കെ.മാണി

New Update

ചരല്‍ക്കുന്ന് : കേരളം നേരിടുന്ന അതീവ ഗുരുതരമായ കാര്‍ഷിക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

Advertisment

publive-image

ചരല്‍ക്കുന്നില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) ദ്വിദിന സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ഏറ്റവും കൂടുതല്‍ ദുരന്തം സമ്മാനിച്ചത് കാര്‍ഷിക മേഖലക്കാണ്.  പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിച്ചതും കാര്‍ഷിക മേഖലയാണ്.

വയനാടും, ഇടുക്കിയും, കുട്ടനാടും എല്ലാം ആ ദുരന്തത്തില്‍ നിന്നും കരകയറാതെ ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്.  ഒരു കാര്‍ഷിക ദുരന്തത്തിന്റെ മുഖത്താണ് കേരളം നില്‍ക്കുന്നത്.  കാര്‍ഷിക പ്രശ്‌നങ്ങളില്‍ സമഗ്രവും സമയബന്ധിതവുമായ പരിഹാരം കാണുന്നതിനായി കാര്‍ഷിക കമ്മീഷന് രൂപം നല്‍കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

തോമസ് ചാഴികാടന്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, പി.ടി ജോസ്, ജോസഫ് എം.പുതുശ്ശേരി എക്‌സ്.എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്. എം.എല്‍.എ എലിസബത്ത് മാമ്മന്‍ മത്തായി എക്‌സ്.എം.എല്‍.എ, പി.എം മാത്യു എക്‌സ്.എം.എല്‍.എ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എന്‍.എം രാജു പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാര്‍, ഉന്നതാധികാരസമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചേര്‍ന്ന വിവിധ സെഷനുകള്‍ക്ക് ഉന്നതാധികാര സമിതി അംഗങ്ങളായ പി.കെ സജീവ്, പ്രൊഫ. കെ.ഐ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

കെ.എം മാണിയുടെ വേര്‍പാടിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഏപ്രില്‍ മാസത്തില്‍ കെ.എം മാണി സ്മൃതിയുടെ ഭാഗമായി കോട്ടയത്ത് ലക്ഷം പേര്‍ പങ്കെടുക്കുന്ന മഹാസമ്മേളനം സംഘടിപ്പിക്കും. കെ.എം മാണി ജന്മദിനമായ ജനുവരി 29 ന് കാരുണ്യദിനമായി ആചരിക്കും. 140 നിയോജകമണ്ഡലങ്ങളിലേയും തെരെഞ്ഞെടുക്കപ്പെട്ട അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധങ്ങളായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കാനും ക്യാമ്പ് തീരുമാനിച്ചു. കുട്ടനാട് ഉപതെരെഞ്ഞെടുപ്പ് സംബന്ധിച്ച് ക്യാമ്പില്‍ ചേരുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനമെടുക്കും.

 

 

Advertisment