Advertisment

ജഡ്ജിമാരുടെ പരാമര്‍ശത്തില്‍ ഇടപെടാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; പരിഹാരം അതിനകത്ത് തന്നെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് നിയമകാര്യ സഹമന്ത്രി

New Update

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ നാല് ജഡ്ജിമാരുടെ പരാമര്‍ശത്തില്‍ ഇടപെടാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ‘നമ്മുടെ നീതിന്യായ വ്യവസ്ഥ ലോകം മുഴുവന്‍ പേരുകേട്ടതാണ്. അതിന് സ്വതന്ത്രാധികാരവുമുണ്ട്. അതിനാല്‍ത്തന്നെ നിലവിലെ പ്രശ്‌നത്തിനു പരിഹാരം അതിനകത്തു തന്നെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്’, നിയമകാര്യ സഹമന്ത്രി പി.പി.ചൗധരി പറഞ്ഞു.

Advertisment

നീതിന്യായവ്യവസ്ഥയുടെ ആഭ്യന്തര പ്രശ്‌നമായതിനാല്‍ ഇതില്‍ ഇടപെടാനില്ലെന്നതാണു കേന്ദ്രസര്‍ക്കാരിന്റെ നയമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുമില്ല. അതേസമയം പ്രശ്‌നം എത്രയും പെട്ടെന്നു തീര്‍ക്കുന്നതിന് സുപ്രീംകോടതിക്കു ബാധ്യതയുണ്ട്. നീതിന്യായ വ്യവസ്ഥയിന്മേലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഇടിവേറ്റിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച്.

publive-image

അതേസമയം, സിപിഐ നേതാവ് ഡി.രാജ ജസ്റ്റിസ് ജെ.ചെലമേശ്വറിനെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത് വിവാദമായി. ചെലമേശ്വറുമായുള്ള രാജയുടെ കൂടിക്കാഴ്ച വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ പ്രതിനിധിയായല്ലെന്നും പിന്നീട് സിപിഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഢി വ്യക്തമാക്കി. സുപ്രീംകോടതി പ്രശ്‌നത്തില്‍ സിപിഐ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യറിക്കു തന്നെ ഇതു പരിഹരിക്കാന്‍ സാധിക്കുമെന്നും റെഡ്ഢി പറഞ്ഞു.

വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ക്കുതന്നെ പരിചയമുള്ളതിനാലാണ് ഇത്തരമൊരു സന്ദര്‍ഭത്തില്‍ ചെലമേശ്വറിനെ കാണാന്‍ പോയതെന്ന് രാജയും വ്യക്തമാക്കി. ഇക്കാര്യത്തില്‍ രാഷ്ട്രീയം ചേര്‍ക്കേണ്ടതില്ല. ദീര്‍ഘകാലത്തെ പരിചയം കാരണമാണ് ഇത്തരമൊരു നിര്‍ണായക സന്ദര്‍ഭത്തില്‍ കാണാന്‍ പോയത്. കൂടിക്കാഴ്ചയില്‍ ചെലമേശ്വര്‍ പറഞ്ഞ കാര്യങ്ങളും രാജ പുറത്തുവിട്ടു. ‘ജഡ്ജിമാര്‍ക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടത് സര്‍ക്കാരും പൊതുജനങ്ങളുമാണ്’, എന്നാണ് ചെലമേശ്വര്‍ പറഞ്ഞതെന്നും രാജ വ്യക്തമാക്കി.

സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ചത് നാല് മുതിര്‍ന്ന ജഡ്ജിമാരാണ്. ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലംഗ ജഡ്ജിമാരാണ് പരസ്യമായി പത്രസമ്മേളനം വിളിച്ച് കോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളോടുള്ള എതിര്‍പ്പ് തുറന്നടിച്ചത്. ജസ്റ്റിസ് ചെലമേശ്വറിനു പുറമെ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ച് കോടതിക്കു പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്. ജഡ്ജിമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി.

കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് മുന്നറിയിപ്പ് നല്‍കിയ ജഡ്ജിമാര്‍, സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ലെന്നും തുറന്നടിച്ചു. തങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് പിന്നീട് ആരും പറയരുതെന്ന് പറഞ്ഞാണ് കടുത്ത വിമര്‍ശനങ്ങളിലേക്ക് ജഡ്ജിമാര്‍ കടന്നത്. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയിലാണ് ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്.

Advertisment