സുധീരന്‍ എല്ലാ പരിധിയും ലംഘിച്ചു; നഴ്‌സറി കുട്ടികളെ പോലെയാണ് സുധീരന്‍ പെരുമാറുന്നതെന്ന് കെ.സി.ജോസഫ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, June 13, 2018

തിരുവനന്തപുരം: പരസ്യപ്രസ്താവന പാടില്ലെന്ന കെപിസിസിയുടെ നിര്‍ദേശം മറികടന്ന് വാര്‍ത്താസമ്മേളനം നടത്തിയ വി.എം.സുധീരനെതിരെ ആഞ്ഞടിച്ച് കെ.സി.ജോസഫ്. സുധീരന്‍ എല്ലാ പരിധിയും ലഘിച്ചുവെന്ന് കെ.സി.ജോസഫ് പറഞ്ഞു. നഴ്‌സറി കുട്ടികളെ പോലെയാണ് സുധീരന്‍ പെരുമാറുന്നതെന്നും കെ.സി.ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സുധീരന്‍ ഉന്നയിച്ചത്. കെപിസിസി പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സംഗതയായിരുന്നുവെന്നായിരുന്നു സുധീരന്റെ ആരോപണം. കെപിസിസി അധ്യക്ഷനായ അന്ന് മുതല്‍ എനിക്ക് ഏറെ സ്‌നേഹമുള്ള അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നോട് നിസ്സഹകരണമാണ് കാട്ടിയത്.

വീട്ടില്‍ പോയി കണ്ടിട്ടും അദ്ദേഹത്തിന്റെ ഭാവം നീരസത്തിന്റേതായിരുന്നു. ഞാന്‍ അര്‍ഹനാണ് കെപിസിസി അധ്യക്ഷനാകാന്‍. അങ്ങനെ വന്നയാളാണ് ഞാന്‍. എനിക്ക് ഒരു വ്യക്തിതാത്പര്യവുമില്ല. എന്നിട്ടും ഒരിക്കലും കാണിക്കാന്‍ പാടില്ലാത്ത ക്രൂരമായ നിസംഗതയാണ് അദ്ദേഹം കാട്ടിയത്. ഞാന്‍ ചുമതലയേല്‍ക്കുന്ന സമയത്ത് പോലും അദ്ദേഹം വന്നില്ല. പിന്നീട് മിക്ക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിസ്സഹകരിച്ചു.

ജനപക്ഷ യാത്രയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. പിന്നീട് നടത്തിയ ജനരക്ഷാ യാത്രയും ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയാണ്. എങ്കിലും ജാഥാ ക്യാപ്റ്റനായ എന്റെ പേര് പോലും പറയാന്‍ അദ്ദേഹത്തിന് പിശുക്കായിരുന്നു. ഗ്രൂപ്പ് മാനേജര്‍മാരുടെ വെട്ടിനിരത്തലാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഇടയാക്കിയത്.

വാര്‍ഡിലെ പ്രവര്‍ത്തകര്‍ തന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കണമെന്ന് നിര്‍ദേശിച്ചു. പക്ഷേ അത് ഗ്രൂപ്പ് മാനേജര്‍മാര്‍ അട്ടിമറിച്ചു. അതിന്റെ ഫലമായി നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ പലയിടത്തും റിബലായി. വലിയ തോല്‍വിക്ക് കാരണം ഇവര്‍ തന്നെയാണ്. സോളാര്‍ വിവാദം വന്നപ്പോള്‍ അതിനെ പ്രതിരോധിച്ചയാളാണ് താനെന്നും സുധീരന്‍ പറഞ്ഞു.

×