Advertisment

പാര്‍ട്ടിയില്‍ നിന്ന് പോയവരെക്കുറിച്ചോ, വന്നവരെക്കുറിച്ചോ തനിക്കൊന്നും പറയാനില്ല.... താമരക്കുമ്പിളിലല്ല മമ ഹൃദയം എന്ന് മാത്രമേ പറയാനുള്ളൂ : മുല്ലപ്പള്ളിയെ പരിഹസിച്ച് കെ മുരളീധരൻ

New Update

മലപ്പുറം: കെപിസിസിയുടെ പുനഃസംഘടനാ പട്ടിക സംബന്ധിച്ച വിഷയത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി കെ മുരളീധരന്‍ എംപി. പട്ടികയെക്കുറിച്ചുള്ള തന്‍റെ വിമര്‍ശനം തുറന്ന് പറഞ്ഞത് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചേരാത്തതുകൊണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഒരു ഫോറത്തില്‍ത്തന്നെയാണ് താന്‍ അഭിപ്രായം പറഞ്ഞത്.

Advertisment

publive-image

പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അഞ്ച് മാസമായി ചേരാത്തത് ഇനി തന്‍റെ കുറ്റം കൊണ്ടാണോ എന്ന് ചോദിച്ച കെ മുരളീധരന്‍, 'താമരക്കുമ്ബിളിലല്ല മമ ഹൃദയം' എന്ന് മുല്ലപ്പള്ളിയെ പരി​ഹസിക്കുകയും ചെയ്തു.

പാര്‍ട്ടിയില്‍ നിന്ന് പോയവരെക്കുറിച്ചോ, വന്നവരെക്കുറിച്ചോ തനിക്കൊന്നും പറയാനില്ല.താമരക്കുമ്ബിളിലല്ല മമ ഹൃദയം എന്ന് മാത്രമേ പറയാനുള്ളൂ എന്നായിരുന്നു മുരളീധരന്‍റെ പരിഹാസം. യുവാക്കളുടെയും സ്ത്രീകളുടെയും എണ്ണം കെപിസിസി പട്ടികയില്‍ തീരെ കുറവാണ്. അത് പട്ടികയുടെ ന്യൂനത തന്നെയാണ്. ആ വാദത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും മുരളീധരന്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് നടത്തിയ മനുഷ്യ ശൃംഖലയില്‍ യുഡിഎഫിന് വോട്ട് ചെയ്ത പലരും പങ്കെടുത്തിട്ടുണ്ട്. താനടക്കം ജയിച്ചത് ആ മനുഷ്യരുടെ വോട്ടു കൊണ്ടാണ്. ആ ന്യൂനപക്ഷത്തിന്‍റെ പിന്തുണ, ആ വോട്ട് പോകാതെ നോക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

കെപിസിസി പുനഃസംഘടനയെക്കുറിച്ച്‌ രൂക്ഷ വിമര്‍ശനമാണ് പട്ടിക പുറത്തു വന്നതിന് പിന്നാലെ മുരളീധരന്‍ ഉയര്‍ത്തിയത്. ബൂത്ത് പ്രസിഡന്‍റ് ആകാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ഭാരവാഹികളാകുന്നു എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇതിന് മറുപടിയുമായി മുല്ലപ്പള്ളിയും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ ഇത്തരം വിമര്‍ശനമുണ്ടെങ്കില്‍ അത് പറയേണ്ടിടത്ത് പറയണം. പുറത്ത് പറയുന്നത് പാര്‍ട്ടിക്ക് ഗുണമുണ്ടാക്കില്ല. പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിന് മറുപടിയുമായാണ് 'താമരക്കുമ്ബിള്‍' പരാമര്‍ശവുമായി മുരളീധരന്‍ രം​ഗത്തെത്തിയത്.

Advertisment