Advertisment

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വക്താക്കള്‍ക്കും നേതാക്കള്‍ക്കും വിലക്കേര്‍പ്പെടുത്തി കോണ്‍ഗ്രസ് ! നേതാക്കള്‍ വിഷയത്തില്‍ പരസ്യപ്രസ്താവന നടത്തരുതെന്നും നിര്‍ദേശം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഉടന്‍ അഭിപ്രായ ഐക്യമുണ്ടാക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നീക്കം ! ഘടകകക്ഷി നേതാക്കളുമായി സുധാകരന്‍ സംസാരിക്കും. ലീഗിന്റെ നിലപാടിന് പൂര്‍ണമായി വഴങ്ങിയാല്‍ ക്രൈസ്തവര്‍ പൂര്‍ണമായി എതിരാകുമെന്ന് പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി ഒരു വിഭാഗം നേതാക്കള്‍ !

New Update

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ആശയക്കുഴപ്പത്തിലായ യുഡിഎഫില്‍ പ്രശ്‌ന പരിഹാരത്തിനായി തിരക്കിട്ട നീക്കങ്ങള്‍. വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും. സര്‍ക്കാര്‍ നീക്കത്തെ ആദ്യം സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുസ്ലീംലീഗ് വിഷയത്തില്‍ വിമര്‍ശനം നടത്തിയതോടെ തിരുത്തിയത് യുഡിഎഫിന് വലിയ ദോഷമാണ് ഉണ്ടാക്കിയത്.

Advertisment

publive-image

ലീഗിന്റെ വിരട്ടലില്‍ സതീശന്‍ പേടിച്ചുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതു ഏറ്റുപിടിച്ച് യുഡിഎഫിനെതിരെ ന്യൂനപക്ഷ വിഷയത്തില്‍ ആക്രമണം നടത്താനാണ് ഇടതു നീക്കം. ഇതിന് അടിയന്തരമായി തടയിടാനാണ് സുധാകരന്‍ വേഗത്തില്‍ ഇടപെടുന്നത്.

യുഡിഎഫ് നിലപാട് ഉടന്‍ അറിയിക്കുമെന്നും പുതിയ സ്‌കീം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നുമാണ് കെ സുധാകരന്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി പാര്‍ട്ടിയിലെയും ഘടക കക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുമായി സുധാകരന്‍ ആശയവിനിമയം തുടങ്ങിട്ടുണ്ട്. ലീഗിന്റെ നിലപാടിനോട് പൂര്‍ണമായി യോജിക്കുന്നത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഹൈക്കോടതി വിധിയെയും സര്‍ക്കാരിന്റെ നടപടിയെയും മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്വാഗതം ചെയ്തിട്ടുള്ളതും കോണ്‍ഗ്രസിന് വിനയായി. അതിനിടെ വിഷയത്തില്‍ ആശയക്കുഴപ്പം രൂക്ഷമായിരിക്കെ പരസ്യ പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് വിലക്കേര്‍പ്പെടുത്തി.

നിലപാട് അന്തിമമാക്കുന്നത് വരെ വിഷയത്തിന്മേലുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് വക്താക്കള്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശമുണ്ട്. അനാവശ്യമായി പാര്‍ട്ടി നിലപാടെന്ന പേരില്‍ ഒന്നും വിളിച്ചു പറയരുതെന്നാണ് നിര്‍ദേശം.

congress k sudhakaran
Advertisment