Advertisment

മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍ യാത്രക്കായി ദുരിതാശ്വാസ ഫണ്ടിലെ തുക ഉപയോഗിച്ചത് പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്നതു പോലെയെന്ന് ചെന്നിത്തല; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്‍

New Update

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹെലികോപ്ടര്‍ യാത്രയെ വിമര്‍ശിച്ച് കോണ്‍ഗ്രസും ബിജെപിയും. മുഖ്യമന്ത്രിക്ക് പാര്‍ട്ടി സമ്മേളന വേദിയില്‍നിന്ന് ഹെലികോപ്റ്ററില്‍ തലസ്ഥാനത്തെത്താന്‍ ദുരിതാശ്വാസ ഫണ്ടിലെ തുക ഉപയോഗിച്ചത് അക്ഷരാര്‍ഥത്തില്‍ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്നതു പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Advertisment

തൃശൂരിലെ സിപിഐഎം സമ്മേളനവേദിയില്‍ നിന്നുള്ള യാത്രയ്ക്ക് എട്ടുലക്ഷം രൂപയാണ് ചെലവായത്. ഓഖിപ്പണം വകമാറ്റിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ, ദുരിതാശ്വാസനിധിയില്‍നിന്നു പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഫണ്ട് വകമാറ്റിയത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

publive-image

മുഖ്യമന്ത്രിക്ക് പാര്‍ട്ടി സമ്മേളന വേദിയില്‍നിന്ന് ഹെലികോപ്റ്ററില്‍ തലസ്ഥാനത്തെത്താന്‍ ദുരിതാശ്വാസ ഫണ്ടിലെ തുക ഉപയോഗിച്ചത് അക്ഷരാര്‍ഥത്തില്‍ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്നതു പോലെയാണെന്ന് ചെന്നിത്തല ആരോപിച്ചു. കയ്യോടെ പിടിച്ചതു കൊണ്ടാണ് ഇപ്പോള്‍ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ തടിതപ്പിയത്. എന്നാലും കളവ് കളവല്ലാതാകുന്നില്ല. ദുരിതബാധിതര്‍ക്കു വേണ്ടി ഉപയോഗിക്കേണ്ട പണം ഇത്തരത്തില്‍ യാത്ര നടത്താന്‍ മുഖ്യമന്ത്രി ഉപയോഗിച്ചത് അതീവ ദൗര്‍ഭാഗ്യകരമാണ്. പ്രകൃതിക്ഷോഭം മൂലമുള്ള ദുരിതാശ്വാസത്തിനായി വകയിരിത്തിയ തുകയില്‍ നിന്നാണു ഹെലികോപ്റ്റര്‍ യാത്രയ്ക്കായി എട്ടു ലക്ഷം മുഖ്യമന്ത്രി ചെലവഴിച്ചത്. ഈ മാസം ആറാം തീയതിയാണ് സ്വകാര്യ ഹെലികോപ്റ്റര്‍ കമ്പനിക്ക് പണം നല്‍കിയുള്ള ഉത്തരവിറങ്ങിയത്. എന്നാല്‍ അത് കയ്യോടെ കണ്ടുപിടിച്ചപ്പോള്‍ റദ്ദാക്കി തടിയൂരുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്റ്റര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണു പിണറായി വിജയന്റേത്. ഓഖി ദുരിതാശ്വാസനിധിയില്‍ നിന്നു പാര്‍ട്ടിസമ്മേളനത്തിനുവേണ്ടി പണം ചെലവഴിച്ച നടപടി ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്.

പാവപ്പെട്ട ജനം ഓഖി ദുരന്തത്തിന്റെ പേരില്‍ ദുരിതമനുഭവിക്കുമ്പോള്‍ പിണറായിക്ക് ഇതെങ്ങനെ കഴിഞ്ഞു? ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് ഒരു ഹൃദയമില്ല എന്നതിന്റെ തെളിവാണിത്. കോടിക്കണക്കിനു രൂപയുടെ സമ്പാദ്യമുള്ള സിപിഐഎമ്മിന് അവരുടെ പാര്‍ട്ടി ഫണ്ടില്‍നിന്ന് കാശെടുത്ത് ഹെലികോപ്റ്ററിനു ചെലവാക്കാമായിരുന്നു. ധാര്‍മികതയ്ക്കും രാഷ്ട്രീയ സദാചാരത്തിനും നിരക്കാത്ത നിലപാടെടുത്ത മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

pinarayivijayan
Advertisment