Advertisment

കയ്പ്പമംഗലത്ത് ഇക്കുറി യുഡിഫിന് സീറ്റ് വിഭജനം കയ്‌പ്പേറും ! മണ്ഡലത്തില്‍ സംഘടനാ സംവിധാനം പോലുമില്ലാത്ത ആർഎസ്‌പിക്ക് സീറ്റു നല്‍കരുതെന്നാവശ്യം. സീറ്റ് വിട്ടുനല്‍കുന്നതിനെതിരെ പ്രമേയം പാസാക്കി യൂത്ത് കോണ്‍ഗ്രസ്. മണ്ഡലത്തില്‍ ആർഎസ്‌പിക്ക് സ്വാധീനമില്ലെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയം. സിപിഐ സ്ഥാനാര്‍ത്ഥി പിടിച്ച വോട്ടിന്റെ പകുതിപോലും പിടിക്കാത്ത ആർഎസ്‌പിക്കെതിരെ രൂക്ഷ വിമര്‍ശനം ! യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭ സുബിനെ മത്സരിപ്പിക്കണമെന്നും ആവശ്യം

New Update

publive-image

Advertisment

തൃശ്ശൂര്‍: സംസ്ഥാനത്ത് മുന്നണി മര്യാദയുടെ പേരില്‍ ഒരു സ്വാധീനമില്ലാത്ത പാര്‍ട്ടിക്കും ചില മണ്ഡലങ്ങളില്‍ ചിലപ്പോള്‍ സീറ്റ് നല്‍കേണ്ടിവരും. അങ്ങനെ കഴിഞ്ഞ തവണ യുഡിഎഫ് നല്‍കിയ മണ്ഡലങ്ങളിലൊന്നാണ് തൃശൂരിലെ കയ്പ്പമംഗലം. അന്നു തന്നെ കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇത്തവണയും കയ്പ്പമംഗലത്ത് യുഡിഎഫ് സീറ്റ് ആര്‍എസ്പിക്ക് നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ആർഎസ്‌പിക്ക് ഇത്തവണ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി. മണ്ഡലത്തില്‍ ആർഎസ്‌പിക്ക് യാതൊരു തരത്തിലുള്ള സ്വാധീനവുമില്ലെന്നും, സംഘടനാസംവിധാനം പോലും ശരിക്കില്ലാത്ത പാര്‍ട്ടിക്ക് ഇവിടെ സീറ്റ് നല്‍കേണ്ടതില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ പറയുന്നുണ്ട്.

കയ്പ്പമംഗലത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണ്. സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണെങ്കില്‍ അനായാസം വിജയിക്കാം എന്നിരിക്കെ ആർഎസ്‌പിക്ക് സീറ്റ് നല്‍കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തുന്നു.

ഘടകകക്ഷിയുടെ സമ്മര്‍ദ്ദത്തിന് മാത്രം വഴങ്ങി എന്തിനാണ് വിജയസാധ്യതയുള്ള ഒരു സീറ്റ് നഷ്ടപ്പെടുത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ ചോദിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടിഎന്‍ പ്രതാപന്‍ കൈപ്പമംഗലത്ത് ലീഡ് ചെയ്തിരുന്നുവെന്നതും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്.

കയ്പ്പമംഗലത്ത് കഴിഞ്ഞ തവണ യുഡിഎഫില്‍ നിന്ന് ആർഎസ്‌പിയാണ് മത്സരിച്ചത്. സിപിഐ പ്രതിനിധിയായി മത്സരിച്ച ഇ.ടി ടൈസണ്‍ മാസ്റ്ററാണ് ഇവിടെ അന്ന് ആർഎസ്‌പിയെ തോല്‍പ്പിച്ച് വിജയിച്ചത്. അന്ന് ആർഎസ്‌പിക്ക് കിട്ടിയത് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ക്ക് കിട്ടിയതിന്റെ പകുതി വോട്ട് മാത്രം. ഇതാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് തന്നെ കയ്പ്പമംഗലത്ത് സീറ്റ് നല്‍കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കഴിഞ്ഞ തവണ ഇവിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ശോഭ സുബിന്റെ പേരാണ് ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ അവസാനനിമിഷം സീറ്റ് ആർഎസ്‌പിക്ക് നല്‍കുകയായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് മികച്ച ഭൂരിപക്ഷത്തോടെ ഇവിടെ നിന്നും ജയിച്ച ക്രഡിറ്റും ശോഭാ സുബിനുണ്ട്.

ഇത്തവണ ശോഭ സുബിന് തന്നെ അവസരം നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. 2011-ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ അന്ന് ജയിച്ചത് വിഎസ് സുനില്‍കുമാറായിരുന്നു. അന്ന് ജെഎസ്എസ് നേതാവ് ഉമേഷ് ചള്ളിയിലിനെയാണ് വിഎസ് സുനില്‍കുമാര്‍ തോല്‍പിച്ചത്.

thrissur news
Advertisment