Advertisment

വയസ്സ് ഇത്രയും ആയിട്ടും ഇവൾക്ക് ഒരു ഉത്തരവാദിത്വം ഇല്ല. പറയാതെ പഠിക്കില്ല.. എപ്പോഴും കളി തന്നെ കളി! ഇളയ കൊച്ചിനെ നോക്കാനുള്ള മനസ്സൊന്നും ഇല്ല.! ഒരു പക്വത ഇല്ലെന്നേ ; കൗണ്‍സിലറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

New Update

ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് കടക്കുന്നതോടെ കുഞ്ഞുങ്ങളുടെ സ്വഭാവ രീതികളിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകും. മാതാപിതാക്കൾ കരുതലോടെ മക്കളെ ചേർത്തു പിടിക്കേണ്ട സമയമാണിത്. എന്നാൽ പക്വതയോടെ ഇത്തരം സാഹചര്യങ്ങൾ മറികടക്കാൻ വേണ്ട ധാരണ ചില മാതാപിതാക്കൾക്ക് ഉണ്ടായെന്നു വരില്ല. അമ്മയും മകളും തമ്മിലുള്ള ബന്ധം എങ്ങനെയാവണം എന്നതിനെപ്പറ്റി കുറിപ്പ് എഴുതിയിരിക്കുകയാണ് കൗൺസിലിങ് സൈക്കോളജിസ്റ്റായ കല.

Advertisment

publive-image

കല പങ്കുവച്ച കുറിപ്പ് വായിക്കാം;

അമ്മയ്ക്ക് പ്രായം 30, മകൾക്കു 7. പ്രശ്നം എന്താണെന്ന് വച്ചാൽ വയസ്സ് ഇത്രയും ആയിട്ടും ഇവൾക്ക് ഒരു ഉത്തരവാദിത്വം ഇല്ല. പറയാതെ പഠിക്കില്ല.. എപ്പോഴും കളി തന്നെ കളി! ഇളയ കൊച്ചിനെ നോക്കാനുള്ള മനസ്സൊന്നും ഇല്ല.! ഒരു പക്വത ഇല്ലെന്നേ... അമ്മയുടെ പരാതി കേട്ടുകൊണ്ട്, എന്റെ മുന്നിൽ ഒരു ബാർബി ഡോൾ ഇരിക്കുന്നുണ്ട്. പ്രതി അവളാണല്ലോ.! നക്ഷത്രക്കണ്ണുകൾ ചിമ്മിച്ചു എന്നെ നോക്കി ഇടയ്ക്കു ചിരിക്കും.. പിന്നെ അവളുടെ മമ്മി പറയുന്ന കാര്യങ്ങൾ തല ചരിച്ചു നോക്കി കേൾക്കും.

ആണോ? അമ്മ പറയുന്നത് ശരി ആണോ? "ആ.. എന്താന്ന് അറിയില്ല.. എനിക്ക് മമ്മി പറയാതെ പഠിക്കാൻ തോന്നില്ല. എപ്പോഴും കളിക്കാൻ തോന്നും. അപ്പോ മമ്മി എന്നെ അടിക്കും. അന്നേരം ഡാഡി പറയും ഇനിയും അടി കൊടുക്കണം. എന്നാലേ അവള് നന്നാകൂ.."- നല്ല സ്ഫുടമായി അവൾ കാര്യങ്ങൾ പറഞ്ഞു. സ്വന്തം കുറ്റം സമ്മതിച്ചു കൊണ്ട്.

ഒരു ട്യൂഷൻ ടീച്ചറെ ഏർപ്പാടാക്കിയിട്ടുണ്ട്. അവരാണ് ബാക്കി ശിക്ഷ നടത്തുന്നത്! ഇതിനെ കുറിച്ച് ഇനിയൊന്നും എഴുതാനില്ല! ആ കുഞ്ഞിനെ ഒന്ന് കാണേണ്ടതാണ്. എല്ലാ തെറ്റും എന്റേത് എന്ന നിലയ്ക്ക് ഒരു ഇരുപ്പ്. എന്റെ പ്രഫഷണൽ രീതികളുമായി പൊരുത്തപ്പെടാൻ പറ്റാതെയാണ് അമ്മ കുഞ്ഞുമായി ഇറങ്ങിയത്. മറ്റേതെങ്കിലും മികച്ച കൗൺസിലർ അവരെ സഹായിച്ചിട്ടുണ്ടാകാം. നാളെ ഇവൾ കൗമാരത്തിൽ എത്തും. ആ അമ്മയും മകളും തമ്മിൽ ഉള്ള ബന്ധം എങ്ങനെ ആയിത്തീരും?

കൗമാരക്കാരിയായ മകളെ വാർത്തെടുക്കാൻ അമ്മമാരോട് സാധാരണ ഞാൻ പറയുന്നത് ഇങ്ങനെയാണ്.

"അവളൊരു വ്യക്തിയായി കഴിഞ്ഞു. എങ്കിലും അവൾക്ക് അമ്മയുടെ പിന്തുണയും സ്നേഹവും, കരുതലും ഏറെ ആവശ്യമാണ്. അവൾ ജീവിതം പഠിച്ചു കൊണ്ട് ഇരിക്കുക ആണ്.. അവൾക്ക് അംഗീകാരം ഏറെ ആവശ്യമാണ്. അവളുടെ വൈകാരികതയെ അംഗീകരിക്കുക. അവളിലുള്ള നന്മകളെ അഭിനന്ദിക്കുക. അതുവഴി ബന്ധങ്ങളോടുള്ള അവളുടെ അടുപ്പം ഉണ്ടാക്കി എടുക്കുക. ഒരു സ്ത്രീയായി മാറിക്കൊണ്ടിരിക്കുന്ന അവൾക്കു ഭൂമിയിൽ കാലുറപ്പിക്കാനുള്ള തന്റേടം നേടി എടുക്കേണ്ടതുണ്ട്. ആകാശത്തിനു കീഴെ എന്തിനെപ്പറ്റിയും അവളോട്‌ സംസാരിക്കണം. അവൾക്ക് ചോദ്യങ്ങൾ ധൈര്യത്തോടെ ചോദിക്കാനുള്ള ഒരാളാണ്, അമ്മ. അവളിൽ സ്ത്രീയായി ജനിച്ചതിൽ അഭിമാനം ഉണ്ടാക്കി എടുക്കേണ്ടവർ. ഏത് പ്രതിസന്ധിയിലും അവൾക്ക് പിടിച്ചു നിൽക്കാനുള്ള ത്രാണി ഉണ്ടാക്കി കൊടുക്കേണ്ടവൾ. മകളുടെ കൗമാരം അമ്മയുടെ കൈകളിലൂടെ ആകണം.

മുകളിലെ കേസിൽ, ബാല്യത്തിൽ കിട്ടാത്ത ഭാഗ്യം അവൾക്ക് കൗമാരത്തിൽ കിട്ടുമോ?

Advertisment