Advertisment

കോട്ടയത്ത് കടയുടമ ഹോട്ടലിന് തീയിട്ടത് കടമുറി ഒഴിയുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ ; പൊള്ളലേറ്റ ഹോട്ടലുടമ പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറിയത് ചോരുന്ന സിലിണ്ടറിനടുത്തേക്ക്‌

New Update

ഏറ്റുമാനൂർ : കടമുറി ഒഴിയുന്നതു സംബന്ധിച്ച തർക്കത്തിനിടെ കടയുടമ വാടകക്കാരൻ നടത്തുന്ന മറ്റൊരു ഹോട്ടലിനു തീയിട്ടു. പത്തോളം പേർ ഭക്ഷണം കഴിക്കുന്നതിനിടെയിലാണ് ഹോട്ടലിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ആളുകൾ ഇറങ്ങിയോടി.

Advertisment

publive-image

പൊള്ളലേറ്റ വാടകക്കാരൻ കോതനല്ലൂർ പാലത്തടത്തിൽ ദേവസ്യയെയും (60) ആക്രമണം നടത്തിയ കടയുടമ പൊന്നുംമാക്കൽ ബേബിയെയും (70) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു. ബേബിക്കെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 9ന് കാണക്കാരിയിലെ അപ്പൂസ് ഹോട്ടലിലായിരുന്നു തീവയ്പ്.

കാണക്കാരിയിൽ ബേബിയുടെ ഉടമസ്ഥതയിലുള്ള കടയിൽ ദേവസ്യ 7 വർഷം മുൻപ് മറ്റൊരു ഹോട്ടൽ നടത്തിയിരുന്നു. വാടകത്തർക്കത്തെത്തുടർന്ന് ഈ ഹോട്ടൽ ഒഴിയാൻ ബേബി ദേവസ്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഹോട്ടലിൽ 8 ലക്ഷം രൂപ മുടക്കി നവീകരണം നടത്തിയെന്നും ആ പണം തിരികെ തന്നാൽ ഒഴിയാമെന്നും ദേവസ്യ പറഞ്ഞതായി പൊലീസ് പറഞ്ഞു. നാലാഴ്ച മുൻപ് ഈ ഹോട്ടൽ നിർത്തി. പണം സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം തുടർന്നു.

ഇതിനിടെയാണ് ബേബിയുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ഹോട്ടലിൽ വച്ച് ഇന്നലെ ആക്രമണം ഉണ്ടായത്.കന്നാസിൽ പെട്രോളുമായി വന്ന ബേബി കൗണ്ടറിലിരുന്ന മാനേജർ മായയുടെ കൈയിൽ കത്തു കൊടുത്ത ശേഷം പെട്രോൾ അകത്തേക്ക് ഒഴിച്ചു തീവച്ചു. ദേഹത്തു തീപടർന്ന ദേവസ്യ അടുക്കളയിലേക്ക് ഓടി. ആളിപ്പടർന്ന തീയിൽ നിന്ന് ദേവസ്യയ്ക്കൊപ്പം ബേബിക്കും പൊള്ളലേറ്റു.

10 മിനിറ്റോളം തീ ആളിക്കത്തിയതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. മായ ഉൾപ്പെടെ ആറു ജീവനക്കാർക്കു പരുക്കില്ല. ബേബി കൈമാറിയ കത്തു കത്തിപ്പോയി. ഹോട്ടലിലെ ടിവി, ഫ്രിജ്, ഫർണിച്ചർ അടക്കമുള്ള വസ്തുക്കൾ പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേന എത്തി തീയണച്ചു. പെട്രോൾ ഒഴിച്ച് ബേബി തന്നെ കൊല്ലാൻ ശ്രമിച്ചെന്ന് ദേവസ്യ മൊഴി നൽകി. ആക്രമണം നടത്തിയില്ലെന്നു ബേബിയും ആശുപത്രിയിൽ മൊഴി നൽകി.

Advertisment