Advertisment

കണ്ണൂരില്‍ യുവാവിന്റെ മരണം കൊലപാതകമെന്ന് ഉറപ്പിക്കാന്‍ നിര്‍ണായകമായത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ നാല് തെളിവുകള്‍; ആത്മഹത്യയെന്ന് കരുതിയ കേസ് കൊലപാതകമായത് ഇങ്ങനെ..

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂർ: നിർമാണത്തൊഴിലാളിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. കഴിഞ്ഞ ജൂൺ 22ന് മുണ്ടേരി കാനച്ചേരി മാവിലച്ചാലിൽ വീടിനു സമീപത്തെ വയലിൽ നിർമാണത്തൊഴിലാളി കെ.സിനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെയിന്റിങ് തൊഴിലാളിയായ മാവിലച്ചാൽ വടയമ്പേത്തുവീട്ടിൽ പി.സന്തോഷ് (46) ആണ് അറസ്റ്റിലായത്.

Advertisment

publive-image

കൃഷിയിടത്തിൽ ഷെഡ് കെട്ടിയതിനെച്ചൊല്ലി, മദ്യപിച്ചശേഷമുണ്ടായ തർക്കത്തിലാണു സന്തോഷ് സിനോജിന്റെ ജീവനെടുത്തതെന്നു പൊലീസ് പറഞ്ഞു. സ്വാഭാവിക മരണമായി കരുതിയ സംഭവത്തിലാണ്, പൊലീസ് അന്വേഷണത്തിലൂടെ കൊലപാതകമാണെന്നു തെളിഞ്ഞത്. കൊലപാതകം നടന്ന് ഒരു മാസം തികഞ്ഞ ദിവസമാണു പ്രതി അറസ്റ്റിലായത്.

തലേന്നു രാത്രി വീട്ടിൽ നിന്നു പോയ സിനോജ് തിരിച്ചെത്താത്തിനെത്തുടർന്നു വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണു പിറ്റേന്നു രാവിലെ ആറരയോടെ വയലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമായാണു കരുതിയതെങ്കിലും നാട്ടുകാരിൽ ചിലർ ദുരൂഹതയുണ്ടെന്നു പൊലീസിനെ അറിയിച്ചു.

കഴുത്തിനു ക്ഷതമുണ്ടെന്നും കഴുത്തു ഞെരിച്ചിട്ടുണ്ടാകാമെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതാണു കേസിൽ വഴിത്തിരിവായത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കാണപ്പെട്ടതിന്റെ 20 മീറ്റർ മാത്രം അകലെയുള്ള വീട്ടിലെ താമസക്കാരനായ സന്തോഷ് പിടിയിലായത്.

സിനോജിന്റെ മരണം കൊലപാതകമെന്നു പൊലീസ് ഉറപ്പിച്ചതും പ്രതി അറസ്റ്റിലായതും ’ദൈവത്തിന്റെ കയ്യൊപ്പ്’ പതിഞ്ഞ നാലു തെളിവുകളിലൂടെ. കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിലാണു കഴുത്തിനു പിന്നിലെ ക്ഷതം കണ്ടെത്തിയത്. കഴുത്തു ഞെരിച്ചിട്ടുണ്ടെന്ന സാധ്യതയും ഫൊറൻസിക് സർജൻ പൊലീസിനോടു പങ്കുവച്ചു.

സിനോജിന്റെ മൃതദേഹം കാണപ്പെട്ടതിന് 20 മീറ്റർ അകലെയായിരുന്നു ബൈക്ക് നിർത്തിയിരുന്നത്. എന്നാൽ മൃതദേഹം കണ്ടെടുക്കുമ്പോൾ താക്കോൽ ബൈക്കിലോ, സിനോജിന്റെ ദേഹത്തോ, മൃതദേഹം കിടന്നിരുന്ന പരിസരത്തോ ഉണ്ടായിരുന്നില്ല. തെളിവിനായി പൊലീസും നാട്ടുകാരും ഇവിടെ പരിശോധന നടത്തിയിരുന്നു. എന്നാൽ മൃതദേഹം ഇവിടെനിന്നു നീക്കി മണിക്കൂറുകൾ കഴിഞ്ഞു താക്കോൽ കണ്ടെത്തി, അതും മൃതദേഹം കിടന്നിടത്തുനിന്നു തന്നെ. താക്കോൽ ആരോ ഇവിടെ കൊണ്ടുവന്നിട്ടുവെന്ന സംശയം ബലപ്പെട്ടു.

മൃതദേഹത്തിന്റെ കയ്യിൽ മുറുകെപ്പിടിച്ചിരുന്ന ഒരു മുടിനാര് നിർണായക തെളിവായി. ഇതു സിനോജിന്റേത് അല്ലെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഈ മൂന്നു തെളിവുകളും കൊലപാതകം എന്ന സാധ്യത ഉറപ്പിച്ചു.

കഴുത്തു മുതൽ അരവരെ നീളത്തിലുള്ള പോറൽ എങ്ങനെ ഉണ്ടായെന്ന ചോദ്യത്തിനു പരസ്പര വിരുദ്ധമായ മറുപടികളാണു സന്തോഷ് പൊലീസിനു നൽകിയത്. മൽപിടിത്തത്തിനിടയിൽ സിനോജിന്റെ താക്കോൽകൊണ്ടു പോറിയതാണെന്നു പൊലീസ് കണ്ടെത്തി.

തന്റെ ചോര പുരണ്ട താക്കോൽ സന്തോഷ് സംഭവ സ്ഥലത്തുനിന്നു മാറ്റുകയും കഴുകി വൃത്തിയാക്കി പിന്നീട്, മൃതദേഹം കിടന്നിടത്ത് ഉപേക്ഷിക്കുകയുമായിരുന്നു. മൃതദേഹത്തിന്റെ കയ്യിലെ മുടിനാര് സന്തോഷിന്റേതാണെന്നും ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു.

murder case arrest report
Advertisment