Advertisment

ഹൃദയം കൊണ്ട് ഹിന്ദുസ്ഥാനിയാണ് ;ഇന്ത്യൻ ദേശീയപതാകയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലെ വിദ്യാർത്ഥികൾ ചുവടുവെച്ചു ;സ്കൂളിന്‍റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂഡൽഹി: ബോളിവുഡ് ഗാനത്തിനനുനുസരിച്ച് വിദ്യാർത്ഥികൾ ചുവടു വെച്ചപ്പോൾ സ്കൂളിന് സസ്പെൻഷൻ. കറാച്ചിയിലെ സ്കൂളിന്‍റെ രജിസ്ട്രേഷനാണ് സസ്പെൻഡ് ചെയ്തത്. 'ഫിർ ബി ദിൽ ഹേ ഹിന്ദുസ്ഥാനി' (ഹൃദയം കൊണ്ട് ഹിന്ദുസ്ഥാനിയാണ്) എന്ന ബോളിവുഡ് ഗാനത്തിനാണ് ഇന്ത്യൻ ദേശീയപതാകയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലെ വിദ്യാർത്ഥികൾ ചുവടുവെച്ചത്. സ്കൂളിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു ഈ നൃത്തം.

Advertisment

publive-image

കറാച്ചിയിലെ മമ ബേബി കെയർ സ്കൂളിലെ വിദ്യാർത്ഥികളാണ് ബോളിവുഡ് ഗാനത്തിന് അനുസരിച്ച് നൃത്തം ചെയ്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെ നൃത്തം കണ്ട സിന്ധിലെ ഡയറക്ടറേറ്റ് ഓഫ് ഇൻസ്പെക്ഷനിലെ ഉദ്യോഗസ്ഥരാണ് സ്കൂളിനെതിരെ നടപടി സ്വീകരിച്ചത്. ഷാരുഖ് ഖാൻ ചിത്രമായ 'ഫിർ ബി ദിൽ ഹേ ഹിന്ദുസ്ഥാനി' എന്ന സിനിമയിലെ അതേ വരികളിലുള്ള ഗാനത്തിനായിരുന്നു വിദ്യാർത്ഥികൾ ചുവടു വെച്ചത്.

സ്കൂളിന്‍റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തത് വ്യക്തമാക്കി കൊണ്ടുള്ള കത്ത് ഡയറക്ടറേറ്റ് സ്കൂൾ അധികൃതർക്ക് അയച്ചു. അത്യന്തം അധിക്ഷേപാർഹമായ നടപടിയാണിതെന്നും രാജ്യത്തിന്‍റെ അന്തസ്സിന് എതിരാണ് നടപടിയെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇത്തരം പ്രവർത്തനങ്ങളോട് ഒട്ടും സഹിഷ്ണുതാപരമായിരിക്കില്ല പ്രതികരണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഡയറക്ടറേറ്റിനു മുമ്പിൽ ഹാജരാകാൻ സ്കൂൾ അധികൃതർക്ക് കത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, കത്തിനോട് തൽക്കാലം പ്രതികരിക്കേണ്ടതില്ലെന്നാണ് സ്കൂൾ അധികൃതരുടെ തീരുമാനം. സ്കൂളിന്‍റെ മറ്റ് ബ്രാഞ്ചുകളുടെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമോയെന്നാണ് സ്കൂൾ അധികൃതർ ഇപ്പോൾ ഭയക്കുന്നത്.

Advertisment