Advertisment

തിരുവനന്തപുരം കരമന ജയമാധവന്‍ നായരുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്: ജയമാധവന്‍റെ മരണത്തില്‍ അസ്വാഭാവികത: കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഗൂഡാലോചന നടന്നെന്നും വിവരം: കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴികള്‍ പൊളിയുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരം കരമന ജയമാധവൻ നായരുടെ മരണത്തിൽ നിർണായക കണ്ടെത്തലുകളുമായി പൊലീസ്. ജയമാധവൻറെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയ പൊലീസിന് അദ്ദേഹത്തിൻറെ കുടുംബത്തിലെ കോടികളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ നടന്ന ഗൂഡാലോചനയെ കുറിച്ചും വിവരം കിട്ടി.

Advertisment

publive-image

ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടിൽ അസ്വാഭാവിക സാഹചര്യങ്ങളിൽ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവൻ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്.

ഇതോടെ ഉമാമന്ദിരത്തിൻറെ സ്വത്തുക്കളുടെ വിൽപ്പനയും നിർമ്മാണ പ്രവർത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനും രജിസ്ട്രേഷൻ വകുപ്പിനും ജില്ലാ ക്രൈംബ്രാഞ്ച് കത്തു നൽകി.

ജയമാധവൻ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻനായരും അകന്ന ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത വർധിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രൻ നായരുടെ ഇടപെടലുകളിൽ സംശയമുണർത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയത്.

അബോധാവസ്ഥയിൽ വീട്ടിൽ കണ്ട ജയമാധവൻ നായരെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചുവെന്നായിരുന്നു രവീന്ദ്രൻ നൽകിയ മൊഴി. മരണത്തിന് മുമ്പ് സ്വത്തുക്കൾ വിൽക്കാൻ തനിക്ക് അനുമതി പത്രം നൽകിയെന്നും രവീന്ദ്രൻ പറഞ്ഞിരുന്നു.

എന്നാൽ ഈ മൊഴി ശരിയില്ലെന്ന് സ്ഥാപിക്കുന്ന തെളിവുകൾ അസി.കമ്മീഷണർ സുൽഫിക്കറിൻറെ നേതൃത്വത്തിൽ ശേഖരിച്ചു. ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് പ്രധാനം. ജയമാധവൻ നായരെ താൻ ആശുപത്രിയിൽ കൊണ്ടുപോയിട്ടില്ലെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി.

സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം അയൽവാസികളെ അറിയിക്കാതെ വേലക്കാരിയെ വിളിച്ചുവരുത്തി അരമണിക്കൂറിന് ശേഷം എന്തിനാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെതെന്ന കാര്യവും സംശയം ഉണർത്തുന്നു.

മാത്രമല്ല ജയമാധവൻറെ വീട്ടിൽ വച്ച് വിൽപ്പത്രം തയ്യാറാക്കി സാക്ഷികൾ ഒപ്പിട്ടുവെന്ന മൊഴിയും കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒപ്പിട്ട സാക്ഷികളിൽ ഒരാളായ അനിൽ, തൻറെ വീട്ടിൽകൊണ്ടുവന്നാണ് രവീന്ദ്രൻ പേപ്പർ ഒപ്പിട്ടതെന്ന് പൊലീസിനെ അറിയിച്ചു. മാനസിക വിഷമങ്ങൾ ഉണ്ടായിരുന്ന ജയമാധവൻ മദ്യം വാങ്ങി നൽകിയിരുന്നുവെന്നതിന് രവീന്ദ്രൻ തന്നെ രേഖപ്പെടുത്തിയ ഡയറിയാണ് അന്വേഷണ സംഘത്തിന് തുമ്പായത്.

ജയമാധവൻറെ മരണത്തിനു ശേഷം അകന്ന ബന്ധുവായ മുൻ കളക്ടർ മോഹൻദാസ് ഉൾപ്പെടെയുളളവർ യോഗം ചേർന്ന് രേഖകളുണ്ടാക്കി സ്വത്തുക്കൾ തട്ടിയെടുക്കാൻ ഗൂഡാലോചന നടത്തിയതിൻറെ തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

KARAMANA
Advertisment