ജവാന് തീ പിടിച്ചോ?…. വെള്ളവുമായി ഓടിയെത്തി മദ്യം വാങ്ങാനെത്തിയവര്‍…ബിവറേജിന് പിടിച്ച തീ കുടിയന്മാര്‍ കെടുത്തി

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, May 15, 2019

കോട്ടയം: കോട്ടയം  കറുകച്ചാല്‍ വിദേശ മദ്യ ഷോപ്പിലാണ് ചെറിയ തോതില്‍ തീപിടിത്തമുണ്ടായത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അഞ്ചര മണിയോടെ കറുകച്ചാല്‍ വിദേശ മദ്യ ഷോപ്പില്‍ കറണ്ട് പോയിരുന്നു.

ഇതോടെ ജനറേറ്ററിലായിരുന്നു മദ്യ ഷോപ്പിന്‍റെ പ്രവര്‍ത്തനം. ഏകദേശം അരമണിക്കൂര്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞപ്പോള്‍ ജനറേറ്ററിന് തീ പിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ ജനറേറ്റര്‍ കത്തിതുടങ്ങുകയായിരുന്നു.എന്നാല്‍ വരി നിന്നവരടക്കമുള്ളവരുടെ സമോയോചിതമായ ഇടപെടല്‍ മദ്യ കുപ്പികള്‍ക്കടക്കം രക്ഷയായി.  ജവാനെ രക്ഷിക്കാനായി നൂറുകണക്കിന് നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി.

ജവാന്‍ മദ്യം സൂക്ഷിച്ചിരുന്നതിനടുത്തായിരുന്നു ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. ജനറേറ്റര്‍ കത്തിതുടങ്ങിയപ്പോള്‍ തന്നെ വരി നിന്നവരും നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചു.

വിദേശ മദ്യ ശാലയ്ക്ക് സമീപത്തുണ്ടായിരുന്ന കിണറ്റില്‍ നിന്ന് വെള്ളംകോരി ഏവരും ഒരേ മനസ്സാല്‍ പരിശ്രമിച്ചതോടെയാണ് തീ അണയ്ക്കാനായത്. ഇതിനിടെ വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സും എത്തിയിരുന്നു. ഇതോടെയാണ് വലിയ ദുരന്തം ഒഴിവായത്. ഓടികൂടിയവര്‍ ബക്കറ്റിലും കാലി കുപ്പിയിലുമൊക്കെയാണ് വെള്ളം എത്തിച്ചത്.

 

×