Advertisment

സുഹൃത്തുക്കള്‍ ഒരുക്കിയ ചതിക്കുഴിയില്‍പ്പെട്ട് കിടപ്പാടം പണയപ്പെടുത്തിയ യുവാവ് വന്‍ സാമ്പത്തിക ബാധ്യതയില്‍ പെട്ട് ദുബായില്‍ കുടുങ്ങിക്കിടക്കുന്നു ; നാട്ടിലുള്ള വീട്ടിലേക്ക് ജപ്തി നോട്ടീസുമായി ബാങ്കുകാരും ; ആ ചതിയുടെ കഥ ഇങ്ങനെ...

New Update

കഴക്കൂട്ടം :  സുഹൃത്തുക്കൾ ഒരുക്കിയ ചതിക്കുഴിയിൽപ്പെട്ട് കിടപ്പാടം പോലും പണയപ്പെടുത്തി വൻ സാമ്പത്തിക ബാധ്യതയിൽപെട്ട് ഭർത്താവ് മനോജ്(41) ദുബായിൽ കുടുങ്ങി കിടക്കുമ്പോൾ നാട്ടിൽ ബാങ്കുകാർ ജപ്തിനോട്ടിസുമായി എത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ ഭാര്യ ശാലിനിയും കുടുംബവും.

Advertisment

publive-image

സംഭവങ്ങൾ തുടങ്ങുന്നത് 2013ലാണ്. ഗൾഫിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന മനോജ്(41) കേരളത്തിലെ ഒരു പ്രമുഖ ടിവി താരത്തിന്റെ സഹോദരനും അയാളുടെ ബന്ധുക്കളുമായി പരിചയപ്പെട്ടു. തുടർന്ന് ഗൾഫിൽ പഴം-പച്ചക്കറി കൂട്ടുകച്ചവടം തുടങ്ങാനായി മനോജിന്റെ പേരിലുള്ള ചെമ്പഴന്തിയിലെ വീടും എട്ടര സെന്റ് ഭൂമിയും സുഹൃത്ത് ദീപൂനായരുടെ പേരിൽ എഴുതി കൊടുത്തു.

കൂട്ടു ബിസിനസ് ആവശ്യത്തിനായി കരമനയുള്ള ഐഡിബിഐ യുടെ ബ്രാഞ്ചിൽ നിന്ന് 48 ലക്ഷം രൂപ ലോണെടുക്കാനായിട്ടാണ് ഇങ്ങനെ ചെയ്തത്. ഒരു മാസത്തിനകം തിരിച്ചെടുത്തു കൊടുക്കാമെന്ന് ദീപുവിൽ നിന്ന് ഉറപ്പു ലഭിച്ചതിനെതുടർന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് മനോജിന്റെ ഭാര്യ കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഉദ്ദേശിച്ച ബിസിനസ് നടത്താനായില്ല. തുടർന്ന് മനോജ് ദുബായിൽ നിന്ന് ഒമാനിലേയ്ക്കു പോയി. അവിടെയും ദീപുവും അയാളുടെ ബന്ധുക്കളുമായെത്തി മനോജിന്റെ സ്പോൺസറായ അറബ് സ്വദേശിയിൽ നിന്നു പത്തു ലക്ഷം വാങ്ങിയെന്നാണ് പൊലീസിൽ പരാതി.

മനോജിന്റെ പാസ്പോർട്ട് പണയം വച്ചാണ് പണം വാങ്ങിയത്. പണം കിട്ടയതോടെ ദീപുവും ബന്ധുവും മുങ്ങി. സ്പോൺസർ മനോജിനെതിരെ കേസ് കൊടുക്കുകയും മനോജ് ഒമാനിൽ ജയിലിലാവുകയും ചെയ്തു. ഇപ്പോൾ ജയിൽ മോചിതനായെങ്കിലും ബാധ്യത തീർക്കാതെ നാട്ടിലെത്താനാവാത്ത അവസ്ഥയിലാണ് മനോജ്. ബാങ്കുകാർ പലവട്ടം ലോൺ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ചെമ്പഴന്തിയിൽ മനോജിന്റെ വീട്ടുകാർക്ക് നോട്ടിസ് അയച്ചു.

ഏതാനും ദിവസം മുൻപ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ എത്തിയപ്പോൾ ശാലിനിയും കുടുംബവും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പൊലീസും നാട്ടുകാരുമെത്തിയതോടെ ബാങ്ക് അധികൃതർ താൽക്കാലികമായി ജപ്തിനടപടി നിർത്തിവച്ചശേഷം മാർച്ച് നാലിനു മുൻപ് പണം അടയ്ക്കണമെന്ന് അറിയിച്ചിട്ടു മടങ്ങി. എങ്ങനെ ബാങ്കിന്റെ ബാധ്യത തീർക്കുമെന്നറിയാതെ വിഷമിക്കുകയാണ് ശാലിനി.

Advertisment