Advertisment

കഴക്കൂട്ടത്ത് നഷ്ടമായ പ്രതാപം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ! പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. എസ് എസ് ലാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും; യൂണിവേഴ്‌സിറ്റി കോളേജിലെ ചെങ്കോട്ട തകര്‍ത്ത പഴയ കെ എസ് യുകാരനെ ഇക്കുറി മണ്ഡലം പിടിക്കാനുള്ള നീക്കത്തില്‍ ഞെട്ടി എതിരാളികളും ! കോവിഡ് വിഷയത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഡോ. ലാല്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവം; സിപിഎമ്മിനായി ഇക്കുറിയും കടകംപള്ളി സുരേന്ദ്രന്‍ തന്നെ; ബിജെപിയില്‍ വി മുരളീധരനോ കെ സുരേന്ദ്രനോ ? കഴക്കൂട്ടത്ത് ഇക്കുറി പോരാട്ടം തീപാറും !

New Update

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രൊഫഷണലുകളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. കഴക്കൂട്ടം മണ്ഡലത്തില്‍ ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. എസ് എസ് ലാലാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നവരില്‍ പ്രധാനി. മണ്ഡലം നിശ്ചയിച്ചിട്ടില്ലെങ്കിലും മത്സരത്തിന് സന്നദ്ധനാകാന്‍ നേതൃത്വം ലാലിനെ അറിയിച്ചിട്ടുണ്ട്.

Advertisment

publive-image

യൂണിവേഴ്‌സിറ്റി കോളേജിലെ പോരാട്ട കാലത്തേക്കുള്ള മടക്കമാണ് ഡോ. എസ് എസ് ലാലിന് ഇത്തവണത്തെ തെരഞ്ഞെടുപ്പ് രംഗം. എസ്എഫ്‌ഐ ശക്തികേന്ദ്രത്തില്‍ ചെയര്‍മാനായി കെഎസ്‌യു പതാക പാറിച്ചതായിരുന്നു ആദ്യ രാഷ്ട്രീയ വിജയം.

പതിറ്റാണ്ടുകള്‍ക്കിപ്പുറം മറ്റൊരു ദൗത്യത്തിലേക്ക് ഇറങ്ങുകയാണ് ലാല്‍. സംസ്ഥാന ആരോഗ്യവകുപ്പിലും ഐക്യരാഷ്ട്രസഭയിലുമായി മൂന്നരപതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ലാലിന്റെ വരവ്.

2016ല്‍ ഏറ്റവും വാശിയേറിയ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. കടകംപള്ളി സുരേന്ദ്രനും വി മുരളീധരനും എം എ വാഹിദും ഏറ്റുമുട്ടിയപ്പോള്‍ 7347 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കടകംപള്ളി വിജയിച്ചു. ഇത്തവണയും ത്രികോണ പോരിന് കളമൊരുങ്ങുമ്പോഴാണ് യുഡിഎഫ് നിരയില്‍ ഡോ. എസ്എസ് ലാല്‍ മത്സരത്തിന് സജ്ജനാകുന്നത്.

കോണ്‍ഗ്രസിന്റെ സംഘടനാ സംവീധാനത്തെ മണ്ഡലത്തില്‍ സജീവമാക്കുകയാണ് ആദ്യ പ്രശ്‌നം. ഇതിനുള്ള നടപടികള്‍ പാര്‍ട്ടി തുടങ്ങിയിട്ടുണ്ട്. എ ക്ലാസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മണ്ഡലത്തില്‍ താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഊര്‍ജിതമാക്കി. എംഎ വാഹിദ് മൂന്നാം സ്ഥാനത്തെക്ക് തള്ളപ്പെട്ട 2016ലെ ഫലവും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് പ്രകടനവും വിലയിരുത്തുമ്പോള്‍ സംഘടനാപരമായ തിരിച്ചുവരവാണ് കഴക്കൂട്ടത്ത് കോണ്‍ഗ്രസിന് മുന്നിലെ കടമ്പ.

അതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കടകംപള്ളി സുരേന്ദ്രനെ തന്നെ രംഗത്തിറക്കാനാണ് സാധ്യത. മന്ത്രിയെന്ന നിലയില്‍ കടകംപള്ളി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്നു തന്നെ സിപിഎം പ്രതീക്ഷിക്കുന്നു. കടകംപള്ളിയില്ലെങ്കില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിനാകും കഴക്കൂട്ടത്ത് പരിഗണന.

ബിജെപി എപ്ലസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ മണ്ഡലത്തില്‍ വി മുരളീധരനോ, കെ സുരേന്ദ്രനോ സ്ഥാനാര്‍ത്ഥിയാകും. അതുകൊണ്ടുതന്നെ വിഐപി പോരില്‍ ഇത്തവണയും കഴക്കൂട്ടം ശ്രദ്ധാകേന്ദ്രമാകുമെന്നുറപ്പ്.

election news
Advertisment