Advertisment

ഇരിക്കൂറിലെ ഇപ്പോഴത്തെ നാടകം കെ സി ജോസഫിന് വേണ്ടിയുള്ള ആസൂത്രിത നീക്കം ! കെ സി ഒൻപതാം തവണയും ഇരിക്കൂറിൽ നിന്നും മത്സരിച്ചേക്കും. എ ഗ്രൂപ്പിൻ്റെ കടുത്ത പ്രതിഷേധത്തെ തുടർന്ന് സജീവ് ജോസഫിനെ പിൻവലിക്കാൻ സാധ്യത. സ്ഥാനാർത്ഥിയെ പിൻവലിച്ചാൽ ഒത്തു തീർപ്പ് സ്ഥാനാർത്ഥിയായി ഒരിക്കൽ കൂടി കെ സി വരും ! പത്രികാ സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കെസി ഇന്നു ഇരിക്കൂറിൽ. ഇരിക്കൂറിലെ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യുന്നത് എ ഗ്രൂപ്പ് നേതാക്കൾ നേരിട്ടു തന്നെ ! സജീവിൻ്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കണ്ണൂരും പേരാവൂരും എ ഗ്രൂപ്പ് പാലം വലിക്കുമോയെന്ന സംശയത്തിൽ സ്ഥാനാർത്ഥികൾ

New Update

കണ്ണൂർ: ഇരിക്കൂർ സീറ്റിനെ ചൊല്ലിയുള്ള തർക്കം ജില്ലയിലെ കോൺഗ്രസിൽ പൊട്ടിത്തെറിയിലേക്ക്. പരസ്യമായി ഗ്രൂപ്പ് കൺവൻഷനകൾ വിളിച്ച് നേതൃത്വത്തെയും ഐ ഗ്രൂപ്പിനെയും വെല്ലുവിളിക്കാനൊരുങ്ങുകയാണ് എ ഗ്രൂപ്പ്. അതേ സമയം പ്രശ്ന പരിഹാരം നീണ്ടാൽ ഇരിക്കൂറിൽ ഒരുവട്ടം കൂടി കെ സി ജോസഫ് മത്സരിച്ചേക്കും.

Advertisment

publive-image

കണ്ണൂരിലെ വിജയസാധ്യത അനുസരിച്ച് കണ്ണൂർ, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളാണ് കോൺഗ്രസിനെ തുണയ്ക്കുന്നത്. ഇതിൽ കണ്ണൂർ, പേരാവൂർ സീറ്റുകളിൽ ഐ വിഭാഗവും, ഇരിക്കൂറിൽ എ വിഭാഗവുമാണ് മത്സരിക്കുക. എന്നാൽ ഇക്കുറി ഇരിക്കൂർ കൂടി ഐ വിഭാഗത്തിന് നൽകിയതാണ് പ്രതിഷേധത്തിന് കാരണം.

ഇരിക്കൂറിൽ ഗ്രൂപ്പ് സമവാക്യത്തിനപ്പുറം സജീവ് ജോസഫിന് സീറ്റ് നൽകിയത് ഹൈക്കമാൻഡ് ആണ്. ഗ്രൂപ്പിൻ്റെ താൽപര്യത്തിനപ്പുറം രാഹുൽ ഗാന്ധി നേരിട്ടെത്തിയാണ് ഈ നീക്കം നടത്തിയത്. രാഹുൽ വയനാട്ടിൽ മത്സരിച്ചപ്പോൾ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സജീവായിരുന്നു.

എന്നാൽ കെ സി ജോസഫ് മാറുന്ന സാഹചര്യത്തിൽ മണ്ഡലത്തിൽ സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കാമെന്ന പ്രതിക്ഷയിലായിരുന്നു എ ഗ്രൂപ്പ്. ഇതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ തകിടം മറിഞ്ഞത്. അതു കൊണ്ടു തന്നെ സജീവിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ നടക്കുന്ന പ്രതിഷേധം എ ഗ്രൂപ്പിൻ്റെ സംസ്ഥാന നേതാക്കളുടെ അറിവോടെയാണെന്നാണ് വിലയിരുത്തൽ.

സജീവിനെതിരെ പ്രതിഷേധം തുടർന്നാൽ അദ്ദേഹത്തെ പിൻവലിക്കാൻ നേതൃത്വം നിർബന്ധിതരാകും. ആ ഒഴിവിലേക്ക് പക്ഷേ സോണി സെബാസ്റ്റ്യനെ പരിഗണിക്കാനാവില്ല. ഇതോടെ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും.

ഈ സാഹചര്യത്തിൽ ഒരിക്കൽ കൂടി കെ സി ജോസഫ് മത്സരിക്കട്ടെയെന്ന നിർദേശം ഉയരാനാണ് സാധ്യത. ഇന്നു അനുനയ നീക്കങ്ങൾക്കായി ജില്ലയിലെത്തുന്ന കെ സി ജോസഫും എംഎം ഹസനും പ്രവർത്തകരെ കാണുന്നുണ്ട്. ഇതിനു ശേഷം ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കൾ ഒന്നടങ്കം കെ സി വേണമെന്ന ആവശ്യം ഉന്നയിച്ചക്കും.

പത്രികാ സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തികരിച്ച്, അതിനുള്ള തയ്യാറെടുപ്പിലാണ് കെ സി യുടെ ഇരിക്കൂർ യാത്ര. ഇന്നലെ തന്നെ ഇതിനുള്ള തയ്യാറെടുപ്പുകൾ അദ്ദേഹം നടത്തിയിരുന്നു.

Advertisment