Advertisment

ഗോൾവാക്കറെ വെള്ളപ്പൂശാൻ രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ മുരളീധരൻ മാപ്പു പറയാൻ തയ്യാറാവണം; കെസി വേണുഗോപാല്‍

New Update

തിരുവനന്തപുരം: ഗോൾവാക്കറെ വെള്ളപ്പൂശാൻ രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ മുരളീധരൻ മാപ്പു പറയാൻ തയ്യാറാവണമെന്ന് കെസി വേണുഗോപാല്‍ . ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നെഹ്രു ട്രോഫി വള്ളം കള്ളിയുടെ ചരിത്രം സഹിതം കെസി വേണുഗോപാല്‍ വി മുരളീധരനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Advertisment

publive-image

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസ്സിന് ആർ എസ് എസ് ആചാര്യൻ ഗോൾവാക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ടുള്ള ബിജെപി നേതാക്കളുടെ ന്യായീകരണങ്ങളും പ്രസ്താവനകളും ചരിത്രപരമായ വിഡ്ഢിത്തരങ്ങളുടെ ഘോഷയാത്രയാണ്. യഥാർത്ഥ ചരിത്രത്തെ വളച്ചൊടിച്ചും, സത്യം മൂടി വെച്ചും തെറ്റിദ്ധാരണ പരത്തിയും, തങ്ങളുടെ ചെയ്തിക്ക് ന്യായീകരണം കണ്ടെത്താനുമുള്ള മൂഢ ശ്രമത്തിലാണവർ.

കേരളത്തിലെ ആരോഗ്യ ഗവേഷണ മേഖലയിൽ അഭിമാനകരമായ പുരോഗതികൾ എഴുതിച്ചേർത്തു വെച്ച സ്ഥാപനമാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി. ഈ കൊറോണ കാലത്തും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നിർണായകവും ശാസ്ത്രീയവുമായി ഏകോപിപ്പിക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടിട്ടുണ്ട്.

ജി. കാർത്തികേയൻ തുടങ്ങി വെച്ച ഈ ഗവേഷണ സ്ഥാപനം ശ്രീ കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലയളവിലാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. പിന്നീട് യു പി എ സർക്കാർ അധികാരത്തിലിരുന്നപ്പോൾ കേരളത്തിലെ ആരോഗ്യ ഗവേഷണ മേഖലയിൽ കൂടുതൽ കരുത്തു പകരാൻ കേന്ദ്ര സർക്കാർ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി കേന്ദ്രം ഏറ്റെടുത്തു.

കേരളത്തിലെ യു ഡി എഫ് സർക്കാരും കേന്ദ്രത്തിലെ യു പി എ സർക്കാരും പടുത്തുയർത്തിയ കേരളത്തിന്റെ അഭിമാനകരമായ ഈ സ്ഥാപനത്തെ നമ്മുടെ രാജ്യത്തു വർഗീയ വിദ്വേഷത്തിന്റെ വിത്ത് വിതച്ച ഒരു നേതാവിന്റെ പേരിൽ നാമകരണം ചെയ്യുന്നത് പ്രബുദ്ധരായ മലയാളി സമൂഹത്തിനു ഒരിക്കലും അംഗീകരിക്കാൻ സാധിക്കുകയില്ല.

ശ്രീ നാരായണ ഗുരുവും, അയ്യങ്കാളിയും അടക്കമുള്ള സാമൂഹ്യ പരിഷ്കർത്താക്കൾ വഴി തെളിച്ച കേരളത്തിലെ മത-സാമൂഹിക സൗഹാർദ പരിസരത്തിനു എങ്ങനെയാണു ഗോൾവാക്കറുടെ ആശയധാരയെ സ്വാഗതം ചെയ്യാനാവുക.

ഇതിനെല്ലാമപ്പുറം ഈ ചെയ്തിക്ക് ന്യായീകരണം കണ്ടെത്താൻ നെഹ്‌റു ട്രോഫിക്ക് നെഹ്രുവുമായി എന്ത് ബന്ധമാണുള്ളതെന്ന തരത്തിലുള്ള കേന്ദ്ര സഹ മന്ത്രി വി മുരളീധരന്റെ പരാമർശം ചരിത്രപരമായ അജ്ഞതയും, ബാലിശവുമാണെന്നതിൽ നെഹ്‌റു ട്രോഫിയുടെ ചരിത്രം അറിയുന്ന ഏവർക്കും അറിയാവുന്ന കാര്യമാണ്.

പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ആലപ്പുഴ സന്ദർശനത്തിൽ നിന്നാണ് ആലപ്പുഴയുടെയും മലയാളിയുടെയും അഭിമാനമായ ഈ ജലോത്സവത്തിന്റെ തുടക്കം. നെഹ്രുവിനോടുള്ള ആദരസൂചകമായി 1952 ലാണ് ആദ്യത്തെ വള്ളം കളി അരങ്ങേറിയത്.

പണ്ഡിറ്റ് നെഹ്രുവിന്റെ കേരള സന്ദർശനവേളയിൽ കോട്ടയം മുതൽ ആലപ്പുഴ വരെ കുട്ടനാട്ടിലൂടെ ജലയാത്ര നടത്തേണ്ടി വന്നപ്പോൾ ബോട്ടുകളുടെ വലിയൊരു നിര അദ്ദേഹത്തെ അനുഗമിക്കുകയുണ്ടായി. ഇതിനെത്തുടർന്ന് നടത്തിയ ചുണ്ടൻ വള്ളങ്ങളുടെ ആവേശകരമായ ആദ്യ മത്സരത്തിൽ "നടുഭാഗം ചുണ്ടൻ" ഒന്നാം സ്ഥാനത്തെത്തി.

കായൽപരപ്പുകളെ ആവേശജ്വലമാക്കിയ പ്രകടനം കണ്ട് എല്ലാ സുരക്ഷാ സംവിധാനങ്ങളും തിരസ്കരിച്ചു വിജയികളായ വള്ളത്തിൽ നെഹ്‌റു ചാടിക്കയറിയ ചരിത്രം ഓരോ ആലപ്പുഴക്കാരന്റെയും അഭിമാനവും, ആവേശവുമാണ്. ആദ്യ മത്സരത്തിലെ വിജയികൾക്ക് മരത്തിൽ തീർത്തൊരു ട്രോഫിയാണ് സമ്മാനിച്ചിരുന്നത്.

പിന്നീട് ഡൽഹിയിൽ തിരിച്ചെത്തിയ നെഹ്‌റു വിജയികൾക്ക് തടിയിൽ തീർത്ത പീഠത്തിൽ ഉറപ്പിച്ച വെള്ളികൊണ്ടുണ്ടാക്കിയ സ്വന്തം കയ്യൊപ്പോടു കൂടിയുള്ള വള്ളത്തിന്റെ രൂപം സമ്മാനമായി നൽകിയാണ് ഈ ആവേശകരമായ ജലോത്സവത്തിന് പിന്തുണ പകർന്നത്.

കേരളത്തിലെയും ആലപ്പുഴയിലെയും ജനങ്ങൾക്ക് സുപരിചിതമായ ഈ ചരിത്ര സത്യത്തെ പോലും മറച്ചു പിടിച്ചു ശ്രീ മുരളീധരൻ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണ്. ഗോൾവാക്കറെ വെള്ളപ്പൂശാൻ രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ മുരളീധരൻ മാപ്പു പറയാൻ തയ്യാറാവണം.

യാഥാർഥ്യങ്ങളെ മറച്ചു പിടിച്ചും അസത്യം പ്രചരിപ്പിച്ചും കേരളത്തിലും അശാന്തിയുടെയും, വർഗീയ വിദ്വേഷ രാഷ്ട്രീയത്തിന്റെയും അപ്പോസ്തലന്മാർക്കു സ്വാഗതമോതുന്ന ബി ജെ പിയുടെ രാഷ്ട്രീയ കുബുദ്ധിയെ പ്രബുദ്ധരായ മലയാളി സമൂഹം അവജ്ഞയോടെ തന്നെ തള്ളിക്കളയും എന്നതിൽ സംശയം വേണ്ട.

kc venugopal
Advertisment