Advertisment

സന്യാസിമാരുടേയോ മെത്രാൻമാരുടേയോ പിറകെ നടക്കുന്നതുകൊണ്ട് പാർട്ടി വളരില്ല എന്ന് ബി.ജെ.പി നേതാക്കൾ മനസ്സിലാക്കണം; ഒരു മുസ്ലീമിനോ രണ്ട് ക്രിസ്ത്യാനിക്കോ സീറ്റ് കൊടുത്തതുകൊണ്ടും കാര്യമില്ല ; പാർട്ടി വളരണമെങ്കിൽ പ്രവർത്തിക്കണം; ചുരുക്കത്തിൽ ബി.ജെ.പിക്ക് കേരളത്തിൽ ഒന്നോ രണ്ടോ സീറ്റ് കിട്ടിയാൽ ഭാഗ്യം !

New Update

കേരളത്തിൽ ബി.ജെ.പി തകർന്നടിയും

Advertisment

publive-image

വരുന്ന കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടി നേരിടാൻ പോകുന്നത് ബി.ജെ.പി ആയിരിക്കും.ശബരിമല വിഷയത്തോടു കൂടി ഒരു വലിയ വിഭാഗം ബി.ജെ.പി യോട് അനുകൂല സമീപനം സ്വീകരിച്ചെങ്കിലും അത് മുതലാക്കുവാൻ ബി.ജെ.പിയുടെ കേരള നേതൃത്ത്വത്തിന് സാധിച്ചില്ല എന്നത് ഒരു വസ്തുതയായി അവശേഷിക്കുന്നു.

നേതാക്കളുടെ പടലപിണക്കങ്ങളും ഒതുക്കലും അണികളിൽ നിരാശ പടർത്തുന്നു.

ദേശീയ ശ്രദ്ധ ആകർഷിച്ച വനിതാ നേതാവ് എന്ന നിലയിൽ അംഗീകരിക്കപ്പെട്ട ശോഭാ സുരേന്ദ്രനോട് കേരള നേതൃത്വം കാണിക്കുന്ന അനീതി ഇതിനുദാഹരണമാണ്.

ശോഭ സുരേന്ദ്രൻ രക്ഷപ്പെടരുത് എന്ന ദൃഢപ്രതിജ്ഞയാണ് വി.മുരളീധരനും കെ.സുരേന്ദ്രനും ഉള്ളത്.

കഴിഞ്ഞ തവണ പാലക്കാട് ജയിച്ച് കയറാൻ സാധ്യത ഉണ്ടായിരുന്ന ശോഭയെ സി.കൃഷ്ണകുമാർ എന്ന നേതാവിനെക്കൊണ്ട് കാല് വാരിച്ച് വീഴ്ത്തി. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ശോഭ സുരേന്ദ്രന് ലഭിച്ച വോട്ട് വി.മുരളീധരനേയും കെ.സുരേന്ദ്രനേയും അലോസരപ്പെടുത്തി.

ഇത്തവണ ശോഭക്ക് സീറ്റ് നൽകാതിരിക്കുവാൻ ഇരുവരും പരമാവധി ശ്രമിച്ചെങ്കിലും കൊടുക്കേണ്ടിവരും എന്നുറപ്പ്.

കഴക്കൂട്ടത്ത് മത്സരിച്ചാൽ ശോഭാ സുരേന്ദ്രന് നല്ല സാധ്യത ഉണ്ട്. എന്നാൽ താൻ മത്സരിച്ച് തോറ്റ കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ മത്സരിച്ച് ജയിക്കുന്നത് വി.മുരളീധരന് ചിന്തിക്കാൻ പോലും കഴിയില്ല.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പോളിങ്ങിന് ദിവസങ്ങൾ അവശേഷിക്കുമ്പോൾ ഒരു ജനാധിപത്യ മര്യാദയുമില്ലാതെ അർദ്ധരാത്രിക്ക് സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നാടു കടത്തിയത് കേരള ബി.ജെ.പിയിലെ ചേരിപ്പോര് മൂലമാണ്. പിന്നീട് കുമ്മനം രാജശേഖരനെ ഗവർണർ സ്ഥാനം രാജി വയ്പിച്ച് തിരുവനതപുരം പാർലമെന്റ് മണ്ഡലത്തിൽ മത്സരിപ്പിച്ചു.

പരാജയപ്പെട്ട കുമ്മനത്തിനെ ആരും തിരിഞ്ഞ് നോക്കിയില്ല.ഇപ്പോൾ നേമത്ത് മത്സരിക്കുന്ന കുമ്മനം രാജശേഖരനെ അധിക്ഷേപിക്കുന്ന തരത്തിലാണ് ഒ.രാജഗോപാൽ സംസാരിക്കുന്നത്.

തന്റെ പിൻഗാമിയല്ല കുമ്മനമെന്നും താൻ പിടിച്ച വോട്ട് കുമ്മനത്തിന് ലഭിക്കാൻ സാധ്യതയില്ല എന്നുമാണ് ഒ.രാജഗോപാൽ പറഞ്ഞത്. ദിവസം മൂന്ന് നേരം കോൺഗ്രസിനേയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും വിമർശിക്കുന്ന കെ.സുരേന്ദ്രന് ഇതേക്കുറിച്ചൊന്നും പറയാനില്ലേ?

അച്ചടക്കം എന്നത് ബി.ജെ.പിയിൽ ഉണ്ടോ?

ആത്മവിശ്വാസക്കുറവ് കൊണ്ടല്ലേ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്നത്. രണ്ട് സ്ഥലത്തും സുരേന്ദ്രൻ പരാജയപ്പെടാനാണ് സാധ്യത.

ഹൈന്ദവർക്കു പോലും ബി.ജെ.പിയിൽ വിശ്വാസമില്ലാത്തപ്പോൾ ക്രൈസ്തവരും മുസ്ലീങ്ങളും എങ്ങിനെയാണ് ബി.ജെ.പിയെ വിശ്വസിക്കുന്നത്.

സഭാ നേതാക്കളേയും മെത്രാൻമാരേയും കണ്ടത് കൊണ്ട് കേരളത്തിൽ ആരും വോട്ട് ചെയ്യില്ല. ഇത് കെ.സുരേന്ദ്രൻ മനസ്സിലാക്കണം.അബ്ദുള്ളക്കുട്ടി വന്നത് കൊണ്ടോ കണ്ണന്താനം വന്നത് കൊണ്ടോ ജേക്കബ് തോമസ് വന്നത് കൊണ്ടോ ബി.ജെ.പിക്ക് ഗുണം ഉണ്ടാവാൻ പോകുന്നില്ല.

ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കണം. സ്ഥാനാർത്ഥിയുടെ പകിട്ടും പത്രാസും കണ്ട് വോട്ട് ചെയ്യുന്നവരല്ല മലയാളികൾ .

യു.ഡി.എഫ് ഉം എൽ.ഡി.എഫും പാവപ്പെട്ട എത്രയോ ചെറുപ്പക്കാർക്ക് സ്ഥാനാർത്ഥിത്വം നൽകി. ബി.ജെ.പി. ആർക്കാണ് നൽകിയത്? ഇന്ത്യയിൽ ബി.ജെ.പി വളർന്നത് നരേന്ദ്രമോദി എന്ന നേതാവിന്റെ വ്യക്തി പ്രഭാവം കൊണ്ട് മാത്രമാണ്. മോദിയെ ഒന്ന് മാറ്റി നിർത്തി നോക്കൂ.

അപ്പോഴറിയാം എന്താണ് സംഭവിക്കുന്നതെന്ന് .

മോദിക്ക് തത്തുല്യനായ ഒരു നേതാവ് കോൺഗ്രസിൽ ഇല്ലാത്തതു കൊണ്ടാണ് കോൺഗ്രസ് പരാജയപ്പെടുന്നത്. എന്നാൽ കേരളത്തിൽ കോൺഗ്രസിന് മികച്ച നേതൃത്വമുണ്ട്.

അതുകൊണ്ട് പിണറായി വിരുദ്ധ വോട്ടുകൾ എന്തായാലും ബി.ജെ.പിക്ക് കിട്ടില്ല. അത് യു.ഡി.എഫ് കൊണ്ട് പോകും.

വി.മുരളീധരന്റേയും കെ.സുരേന്ദ്രന്റേയും നേതൃത്വം കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചക്ക് സഹായകരമല്ല. ചുരുക്കത്തിൽ ബി.ജെ.പിക്ക് കേരളത്തിൽ ഒന്നോ രണ്ടോ സീറ്റ് കിട്ടിയാൽ ഭാഗ്യം

സന്യാസിമാരുടേയോ മെത്രാൻമാരുടേയോ പിറകെ നടക്കുന്നതുകൊണ്ട് പാർട്ടി വളരില്ല എന്ന് ബി.ജെ.പി നേതാക്കൾ മനസ്സിലാക്കണം. ഒരു മുസ്ലീമിനോ രണ്ട് ക്രിസ്ത്യാനിക്കോ സീറ്റ് കൊടുത്തതുകൊണ്ടും കാര്യമില്ല.

പാവപ്പെട്ടവരുടയും സാധാരണക്കാരുടേയും ഇടയിൽ പ്രവർത്തിച്ച് സ്വാധീനമുണ്ടാക്കണം.

നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും പറഞ്ഞ് മനസ്സിലാക്കാനുള്ള കഴിവ് കേരള നേതാക്കൾക്കില്ല. മറ്റ് സംസഥാനങ്ങളിൽ നിന്ന് രാജ്യസഭയിലെത്തി മന്ത്രിയായിട്ട് കാര്യമൊന്നുമില്ല. പാർട്ടി വളരണമെങ്കിൽ പ്രവർത്തിക്കണം.

ലേഖനം: തിരുമേനി

kerala bjp
Advertisment