Advertisment

സർക്കാർ ഫീസുകളും, പിഴകളും, മോട്ടോർ വാഹന പിഴയും വർധിക്കാൻ സാധ്യത, സാമ്പത്തിക പ്രതിസന്ധിക്കിടെ നാളെ സംസ്ഥാന ബജറ്റ്; എന്തിനൊക്കെ വില കൂടും എന്തിനൊക്കെ കുറയും?

New Update

publive-image

Advertisment

തിരുവന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നാളെ ധനമന്ത്രി കെ.എൻ ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കും. എന്തിനൊക്കെ വില കൂടും എന്തിനൊക്കെ കുറയുമെന്നും നാളെ അറിയാം. ജനപ്രിയ ബജറ്റാണോ, ജനഹിത ബജറ്റാണോ ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അവതരിപ്പിക്കുക എന്ന് ഉറ്റു നോക്കുകയാണ് കേരളം. കേന്ദ്ര ബജറ്റിൽ പ്രതീക്ഷിച്ച ഒന്നും ഇല്ലാതായതോടെ ഇനി സംസ്ഥാന ബജറ്റിലാണ് ജനങ്ങളുടെ പ്രതീക്ഷ.

സംസ്ഥാനം കടുത്ത സാമ്പത്തിക ഞരുക്കത്തിലൂടെ കടന്ന് പോകുന്നതിനിടെയാണ് ബജറ്റ് അവതരണം. അതുകൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയായിരിക്കും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. കിഫ്ബി വഴി മാറ്റിവയ്ക്കുന്ന തുകയിൽ വലിയ തോതിൽ കുറവുണ്ടാകും. കേന്ദ്ര ബജറ്റിന്റെ ചുവട് പിടിച്ചാണ് ബജറ്റ് അവതിരിപ്പിക്കുന്നതെങ്കിൽ സിഗരറ്റ് ഉൾപ്പെടെയുള്ള പലയിനങ്ങള്‍ക്കും വില കൂടാനാവും സാധ്യത.

സർക്കാർ ഫീസുകളും, പിഴകളും, മോട്ടോർ വാഹന പിഴയും വർധിക്കാൻ സാധ്യതയുണ്ട്. അതേസമയം ഭൂ നികുതി എത്ര കൂടുമെന്നാണ് കണ്ടറിയേണ്ടത്. മദ്യത്തിന്‍റെ നികുതി ഇടയ്ക്ക് കൂടിയതിനാൽ ഇനി വർധിക്കുമോ എന്നാണ് അറിയേണ്ടത്. വെള്ളക്കരം അടക്കം വര്‍ധിപ്പിച്ച സാഹചര്യത്തിൽ നിത്യോപയോഗ സാധങ്ങൾക്ക് വില കൂടുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കഴിഞ്ഞ വർഷങ്ങളെ പോലെ റോഡ് നിർമ്മാണങ്ങൾക്കും കെട്ടിട നിർമ്മാണങ്ങൾക്കും കിഫ്ബി വഴി നീക്കിവെക്കുന്ന തുക കുറയ്ക്കാനാണ് സാധ്യത.

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കുള്ള ഫണ്ട് നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. ഇതിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ. ജനകീയ ഹോട്ടലുകൾക്കും, കൂടുംബശ്രീകൾക്കും തുക മാറ്റിവയ്ക്കാനും സാധ്യത ഉണ്ട്. ഒപ്പം കർഷകര്‍ക്കും ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. ചെറുകിട വ്യവസായങ്ങൾക്കും, പുതിയ സംരംഭകർക്കും ബജറ്റിൽ ഏറെ പ്രതീക്ഷയാണ് ഉള്ളത്.

അതേസമയം വലിയ പ്രഖ്യാപനങ്ങളാണ് ഇന്നലെ നടന്ന രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ നിർമല സീതാരാമൻ നടത്തിയിട്ടുള്ളത്. ഏഴ് ലക്ഷം രൂപ വരെ ആദായ നികുതിയില്ല എന്നതാണ് മധ്യവർഗ്ഗത്തെ സംബന്ധിച്ച് ഏറ്റവും പ്രതീക്ഷ നൽകുന്ന കാര്യം. നികുതി സ്ലാബുകൾ പരിഷ്‌കരിച്ചത് നികുതി ദായകർക്ക് ആശ്വാസം പകരുന്നതാണ്.

പിഎം ഗരീബ് കല്യാൺ അന്ന യോജന ഇനിയും ഒരു വർഷം കൂടി തുടരും എന്നതും രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനമായിരുന്നു. 81 കോടി ജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ. എല്ലാ മാസവും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുന്നതാണ് പദ്ധതി. ഇതിനായി രണ്ട് ലക്ഷം കോടി രൂപയാണ് സർക്കാർ ചെലവഴിക്കുക.

Advertisment