Advertisment

കുട്ടനാട് ജോസഫിന് തന്നെ; യുഡിഎഫ് സ്വതന്ത്രനായി അവതരിപ്പിക്കും! ജോസഫിന് വേണ്ടെങ്കില്‍ മാത്രം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും, ജോസ് കെ മാണിയെ പുറത്താക്കുന്നതില്‍ യുഡിഎഫില്‍ ഇപ്പോഴും രണ്ടഭിപ്രായം ! കേരളാ കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കി മുന്നണി മര്യാദ പാലിക്കണമെന്ന വാദത്തിനൊപ്പം ചെന്നിത്തലയടക്കമുള്ളവര്‍; തനിയെ പുറത്തു പോകട്ടെയെന്ന മറുവാദവും ശക്തം !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

തിരുവനന്തപുരം: കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കും. നിലവില്‍ മുന്നണിയില്‍ ഉറച്ചു നില്‍ക്കുന്ന ജോസഫ് വിഭാഗത്തിന് സീറ്റു നല്‍കണമെന്നാണ് മുന്നണിയിലെ ഭൂരിഭാഗം കക്ഷികളുടെയും നിലപാട്. ജോസഫ് വിഭാഗം മത്സരിക്കുന്നില്ല എന്ന നിലപാടിലേക്ക് എത്തിയാല്‍ മാത്രമെ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കു.

Advertisment

publive-image

നിലവില്‍ കേരളാ കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് ലഭിച്ച സാഹചര്യത്തില്‍ യുഡിഎഫ് സ്വതന്ത്രന്‍ എന്ന നിലയിലാകും ജോസഫ് വിഭാഗം അവിടെ മത്സരിക്കുക. ജോസ് വിഭാഗം കൂടെയില്ലാത്തത് വിജയ സാധ്യതയെ ബാധിക്കുമോയെന്നതും മണ്ഡലത്തിലെ നിലവിലെ സാഹചര്യവും നാളെ ചേരുന്ന യുഡിഎഫ് യോഗം വിലയിരുത്തും. ജോസഫ് വിഭാഗത്തിന് ഏതെങ്കിലും തരത്തിലുള്ള ആത്മവിശ്വാസ കുറവ് ഉണ്ടെങ്കില്‍ മാത്രമെ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകൂ.

അതേസമയം നാളെ ചേരുന്ന യുഡിഎഫ് യോഗം ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്നും പുറത്താക്കുന്നുവെന്ന തീരുമാനം എടുത്തേക്കും. ജോസഫ് വിഭാഗത്തിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കാനുള്ള ജോസ് കെ മാണിയുടെ തീരുമാനം കോണ്‍ഗ്രസിനെതിരെ കൂടിയുള്ള വെല്ലുവിളിയായാണ് അവര്‍ വിലയിരുത്തുന്നത്. യുഡിഎഫില്‍ നിന്നും പുറത്താക്കിയാല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിലപേശല്‍ ശക്തി കുറയുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

എല്‍ഡിഎഫിലേക്ക് ജോസ് കെ മാണിക്ക് ആദ്യം തന്നെ നേരിട്ടൊരു പ്രവേശനം സാധ്യമാകില്ലെന്നു തന്നെയാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. യുഡിഎഫില്‍ നിന്നും പുറത്താകുകയും എല്‍ഡിഎഫില്‍ ഘടകകക്ഷിയാകാതെ പുറത്തുനിന്നൊരു സഹകരണവും മാത്രമായാല്‍ അതു ആ പാര്‍ട്ടിയില്‍ വിള്ളല്‍ വീഴ്ത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ നേതാക്കള്‍ ജോസ് കെ മാണിയെ വിട്ടു ജോസഫിലേക്ക് മടങ്ങുമെന്നും കണക്കുകൂട്ടല്‍ ഉണ്ട്.

തരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുന്നണിയില്‍ ഇരുവിഭാഗത്തെയും നിലനിര്‍ത്തി മുമ്പോട്ടു പോകുന്നത് മുന്നണിയെ കുറച്ച് നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമന്നാണ് നേതാക്കളുടെ പക്ഷം. എന്നും ഇരു വിഭാഗവും തമ്മിലുള്ള കലഹം മുന്നണിക്കുള്ളില്‍ തുടരുന്നത് ദോഷം ചെയ്യും. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വിഭാഗം ഇനി മുന്നണിയില്‍ മതിയെന്നും നേതാക്കള്‍ക്കിടയില്‍ ധാരണയുണ്ട്.

അതിനിടെ യുഡിഎഫ് പുറത്താക്കിയെന്ന വികാരമുണ്ടാക്കി ഇടതുമുന്നണിയില്‍ ചേക്കേറാനാണ് ജോസ് കെ മാണി ശ്രമിക്കുന്നതെന്നു വിശ്വസിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും ഉണ്ട്. അതുകൊണ്ടുതന്നെ തദ്ദേശ തെരഞ്ഞെടുപ്പ് വരെ അവരെ പുറത്താക്കരുതെന്നും വേണമെങ്കില്‍ തനിയെ പോകട്ടെ എന്നു പറയുന്നവരും കുറവല്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളാണ് അന്തിമ അഭിപ്രായം പറയേണ്ടതെന്നാണ് മറ്റു ഘടകകക്ഷികളുടെ നിലപാട്.

അതേസമയം കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഡിസിസി പ്രസിഡന്റ് എം ലിജു, കെപിസിസി അംഗം അനില്‍ ബോസ് തുടങ്ങിയവര്‍ക്കാകും സ്ഥാനാര്‍ത്ഥിത്വത്തില്‍ മുഖ്യപരിഗണന.

kerala congress m
Advertisment