Advertisment

കാപ്പന്റെ ആരോപണം വികസന പരാജയത്തിന്റെ ജാള്യത മറയ്ക്കുവാനെന്ന് കേരളാ കോൺ.ജോസ് വിഭാഗം: പാലായുടെ വികസനം പ്രഖ്യാപനങ്ങളിലൊതുങ്ങി എന്നും ആരോപണം

author-image
സുനില്‍ പാലാ
New Update

പാലാ: കേരള കോൺഗ്രസ് ഏതാനും മാസം മുൻപ് എൽ.ഡി.എഫിൽ എത്തിയതോടെ കോടികളുടേതായ വികസന പ്രഖ്യാപനങ്ങൾ നടപ്പാകുന്നതിൽ "ചിലർ " തടസ്സം നിന്നതായി മാണി' സി.കാപ്പൻ നടത്തിയിട്ടുള്ള. ആരോപണം വികസന പരാജയത്തിൽ നിന്നും തലയൂരാനും കഴിവുകേടിലുള്ള ജാള്യത മറയ്ക്കുവാനും വേണ്ടി മാത്രമുള്ളതാണെന്ന് കേരള കോൺ.(എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് ആരോപിക്കുന്നു.

Advertisment

publive-image

കാപ്പൻ യുഗം ആരംഭിച്ചതോടെ പാലായുടെ വികസനവും വഴിമുട്ടിയതായി യോഗം ആരോപിച്ചു. കെ.എം.മാണി ധന കാര്യ മന്ത്രിയായിരുന്നപ്പോൾ വിഭാവനം ചെയ്ത് പാലായിൽ തുടങ്ങി വച്ച പാലാറിംഗ് റോഡ് ഒന്നാം ഘട്ടവും ,ഗ്രീൻ ടൂറിസം അമിനിറ്റി സെന്ററും ,ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്റെ അഡീഷണൽ ബ്ലോക്കും രാമപുരം, മുത്തോലി ആശുപത്രി ബഹുനില മന്ദിരങ്ങളും ഉൾപ്പെടെ പൂർത്തിയാക്കുന്നതിന് ഒരു തടസ്സവും വരുത്താതെ എൽ.ഡി.എഫ് സർക്കാർ പൂർത്തിയാക്കുകയാണ് ഉണ്ടായത്. വികസന പ്രവർത്തനങ്ങൾക്ക് ഒരു തടസ്സവും ഉണ്ടാക്കിയിട്ടില്ല.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, ചക്കാമ്പുഴ സ്കൂൾ, പാലാ സ്റ്റേഡിയം എന്നിവയ്ക്കായി എല്ലാം കോടികളാണ് ഒരു ഉത്തരവിന്റെയും നടപടി ക്രമത്തിന്റെയും പിൻബലമില്ലാതെ കൈയ്യടി നേടുവാൻ വേണ്ടി മാത്രം കാപ്പൻ പ്രഖ്യാപിച്ചത്. കളരിയാoമാക്കൽ അപ്രോച്ച് റോഡിനു വേണ്ടി നിരവധി വിജ്ഞാപന പനങ്ങ ൾ വേണ്ടിടത്ത് പ്രാഥമിക സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനo പോലും ഉണ്ടായിട്ടില്ല.

സമാന്തര റോഡിലെ 100 മീറ്റർ കുപ്പി കഴുത്ത് ഭാഗം ഏറ്റെടുത്ത് കൈമാറുന്നതിന് റവന്യൂ ചട്ടങ്ങൾ അനുസരിച്ചുള്ള ഒരു വിധ നടപടിയും സ്വീകരിക്കാതെ കഴിഞ്ഞ മാർച്ചിലും പിന്നീട് സെപ്തംബറിലും റോഡ് നിർമാണം പൂർത്തിയാക്കിയിരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നും നടന്നില്ല.

കാപ്പൻ്റെ സ്വന്തം പാർട്ടി ഭരിക്കുന്ന വകുപ്പായിട്ടും ടിക്കറ്റേതിര വരുമാനo ലക്ഷ്യമിട്ട്10 കോടി മുടക്കി നിർമ്മിച്ച കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കെട്ടിടത്തിൽ വെള്ളം എത്തിക്കുന്നതിനോ വൈദ്യുതി ലഭ്യമാക്കുന്നതിനോ അവസാന മിനിക്കുപണിക്കു പോലും ശ്രമിച്ചില്ല.കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടാക്കിയത്.

ബസ് സർവ്വീസുകൾ 96-ൽ നിന്നും 56 ആയി കുറച്ചു. ഗ്രാമീണ സർവ്വീസുകളും പ്രഭാത ട്രിപ്പുകളും ഇല്ലാതാക്കി.ഇതിനെല്ലാം കുറ്റക്കാരനാക്കിഎ.ടി.ഒ യെ സ്ഥലം മാറ്റുക മാത്രമാണ് ഉണ്ടായത്. സാങ്കേതിക തടസ്സം മൂലം പണി നിലച്ച അരുണാപുരം മിനി ഡാം പദ്ധതി റീ ടെൻഡർ ചെയ്യുവാനും ഒരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല.

നിർധന രോഗികളുടെ ആശ്രയമായ പാലാ ജനറൽ ആശുപത്രിൽ ഒരിടപെടലും നടത്തിയില്ല.40 കോടിയുടെ ബഹുനില മന്ദിരങ്ങൾ കാടും മാറാലയും പിടിച്ച് കിടക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാത്തതിനാൽ അനുവദിക്കപ്പെട്ട ഉപകരണങ്ങളും ഡോക്ടർമാരുടെ തസ്തികളും ചികിത്സാ വിഭാഗങ്ങളും ഇവിടെ നിന്നും മാറ്റപ്പെടുകയാണ് ഉണ്ടായത്. ഡയാലിസിസ് ഉപകരണങ്ങൾ അനുവദിച്ചത് സമാന സ്വകാര്യ സ്ഥാപനങ്ങളുടെ ഇടപെടലുകളെ തുടർന്ന് ഇല്ലാതാക്കി.

സ്വകാര്യ ലാറ്റക്സ് ഉൽപാദകരുടെ താത്പര്യം സംരക്ഷിക്കുവാൻ കൂട്ടുനിന്നതിനാലാണ് ലാറ്റക്സ് ഫാക്ടറി തുറക്കുന്നത് തടസ്സപ്പെട്ടത്. ഈ ഫാക്ടറി തുറക്കുന്നതിന് വേണ്ടി സർക്കാർ മുൻകൈ എടുത്ത് രൂപീകരിച്ച കൺസോർഷ്യത്തിലേക്ക് എൽ.ഡി.എഫ് ഭരിക്കുന്ന സൗകരണ സ്ഥാപനങ്ങൾ കോടികളുടെ സാമ്പത്തിക സഹായം ലഭ്യമാക്കിയിട്ടും ഫാക്ടറികൾ തുറക്കാൻ ശ്രമിക്കാത്തത് ദുരൂഹത നിറഞ്ഞതാണ്.

ഒരിടപെടലും നടത്താതെ തെരഞ്ഞെടുപ്പു വിഷയമാക്കുവാൻ കാരണം കണ്ടെത്തുകയാണ്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള പ്രഖ്യാപനങ്ങളും വാർത്താ സൃഷ്ടിക്കലും മാത്രം നടത്തി എൽ.ഡി.എഫ് സർക്കാരിന്റെ വികസന പദ്ധതികൾ മനപ്പൂർവ്വം തടസ്സപ്പെടുത്തി പാലായുടെ ഒന്നര വർഷം നഷ്ടമാക്കിയതായി കമ്മിറ്റി ആരോപിച്ചു.യോഗത്തിൽ പ്രസിഡണ്ട് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോസ് ടോം,പ്രൊഫ. ലോപ്പസ്മാത്യു, ബേബി ഉഴുത്തുവാൻ, ജോസ് കല്ലക്കാവുങ്കൽ , രാജേഷ് വാളിച്ചാക്കൽ ,പെണ്ണമ്മ ജോസഫ്, സുനിൽ പയ്യപ്പിള്ളി, തോമസ് ആന്റണി, ജോസ് കുട്ടി പൂവേലി എന്നിവർ പ്രസംഗിച്ചു.

Advertisment