Advertisment

നിയമസംഭയില്‍ വിപ്പ് ലംഘിച്ച പി.ജെ. ജോസഫും മോന്‍സ് ജോസഫും കാണിച്ചത് രാഷ്ട്രീയ വഞ്ചന; വിപ്പ് ലംഘിച്ച എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കേരളാ കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മറ്റി തീരുമാനം; കുട്ടനാട് ഉപതെരെഞ്ഞടുപ്പിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പൂര്‍ണ്ണ സജ്ജം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം :  അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തെരെഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച  എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കാന്‍ കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു.

കൂറുമാറ്റ നിരോധന നിയമത്തിന്റെ ചട്ടം 3(6) പ്രകാരം നിയസസഭാ അംഗത്തെ അയോഗ്യനാക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി 15 ദിവസത്തെ കുറ്റവിമുക്തമാക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടിക്ക് തീരുമാനമെടുക്കുന്നതിന് സമയപരിധിയുണ്ട് (condone).

കഴിഞ്ഞ  മാസം 24 ന് നടന്ന വോട്ടെടുപ്പിന്റെ സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ അജണ്ട ചര്‍ച്ച ചെയ്യുന്നതിനായി സ്റ്റിയറിംഗ് കമ്മറ്റി യോഗം പ്രത്യേകമായി വിളിച്ചുചേര്‍ത്തത്.

നിയമസഭയില്‍ വിപ്പ് ലംഘിച്ച പി.ജെ ജോസഫും, മോന്‍സ് ജോസഫും രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയെതെന്ന് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രേഖാമൂലം പരാതി നല്‍കുന്നതിന് നിയമസഭയിലെ കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ചീഫ് വിപ്പ് റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്തി.

ചിഹ്നവും, അംഗീകാരവും സംബന്ധിച്ച് ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധി, വിപ്പ് ലംഘനം  സംബന്ധിച്ച കാര്യത്തില്‍ ബാധകമാണെന്ന് നിയമസഭാ സ്പീക്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് എം.എല്‍.എമാര്‍ക്കും ഗുരുതരമായ നിയമപ്രത്യാഖാതമാണ് നേരിടേണ്ടിവരുന്നത്.

യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗം സ്വതന്ത്രരാഷ്ട്രീയ നിലപാട് സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുമ്പായി സ്വീകരിക്കാന്‍ സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനം വേഗത്തില്‍ തീരുനാനിക്കാന്‍ ജോസ് കെ.മാണി എം.പിയെ യോഗം ചുമതലപ്പെടുത്തി.

കുട്ടനാട് ഉപതെരെഞ്ഞടുപ്പിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പൂര്‍ണ്ണ സജ്ജമാണ്. മുമ്പ് നടന്ന തെരെഞ്ഞെടുപ്പുകളില്‍ രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) സ്ഥാനാര്‍ത്ഥികളാണ് അവിടെ മത്സരിച്ചത്. കാര്‍ഷിക മേഖലയായ കുട്ടനാട് കേരളാ കോണ്‍ഗ്രസ്സ് (എം) വലിയ ജനസ്വാധീനമുള്ള പ്രദേശമാണ്. ഉപതെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരുന്ന ഘട്ടത്തില്‍ തെരെഞ്ഞെടുപ്പില്‍ ആവശ്യമായ രാഷ്ട്രീയ  നിലപാട് പ്രഖ്യാപിക്കും.

ജോസഫ് വിഭാഗം നടത്തിയ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് യു.ഡി.എഫ് നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്, ചിഹ്നവും, അംഗീകാരവും, മേല്‍വിലാസവും നഷ്ടപ്പെട്ട ഇക്കൂട്ടര്‍ ഏത് ചിഹ്നത്തിലും, ഏത് പാര്‍ട്ടി മേല്‍വിലാസത്തിലുമാണ് മത്സരിക്കുന്നത് എന്നറിയാന്‍ കൗതുകമുണ്ട്.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നവിവാദമുയര്‍ത്തിയ ജോസഫ് വിഭാഗം ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന് കേരളാ കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ത്ഥിയില്ലെന്നും രണ്ടില ചിഹ്നം നല്‍കരുതെന്നും ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. രണ്ടില ചിഹ്നം ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി പാലായിലെ പരാജയത്തിന് വഴിയൊരുക്കിയ ജോസഫ് വിഭാഗം കുട്ടനാട്ടില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ രണ്ടില ചിഹ്നം ലഭിക്കാതിരിക്കുന്നത് കാലത്തിന്റെ നീതിയാണെന്നും യോഗം വിലയിരുത്തി.

ചിഹ്നവും, അംഗീകാരവും സംബന്ധിച്ച് ദേശീയ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെ സംബന്ധിച്ച് പി.ജെ ജോസഫ് നുണ പ്രചരിപ്പിക്കുകയാണ്. മാണി സാറിന്റെ വേര്‍പാടിന് ശേഷം കേരളാ കോണ്‍ഗ്രസ്സിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗീകാരവും, ഔദ്യോഗിക ചിഹ്നമായ രണ്ടിലയും ആര്‍ക്കാണ് അവകാശപ്പെട്ടത് എന്നതായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച തര്‍ക്ക വിഷയം.

ഒരു വര്‍ഷം നീണ്ടു നിന്ന നിയമ നടപടികള്‍ എം.പിമാരുടേയും, എം.എല്‍.എമാരുടേയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും മൂല്യവും സംസ്ഥാന കമ്മറ്റിയിലെ ഭൂരിപക്ഷവും ഉള്‍പ്പടെയുള്ള എല്ലാ വശങ്ങളും പരിശോധിച്ചാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. കമ്മീഷന്റെ ഉത്തരവില്‍ പാരഗ്രാഫ് 50 ല്‍ -ജൂണ്‍ 16 ന് കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗം ജോസ് കെ.മാണി എം.പിയെ ഏകകണ്ഠമായി തെരെഞ്ഞെടുത്ത തീരുമാനത്തിന് പൂര്‍ണ്ണ അംഗീകാരം നല്‍കിയിട്ടുണ്ട്.

പരമോന്നത ഭരണഘടനാ സ്ഥാപനമായ തെരെഞ്ഞെടുപ്പ് കമ്മീഷനേക്കാല്‍ വലിയ കമ്മീഷന്‍ ചമയുന്നവരുടെ വാദങ്ങള്‍ തോറ്റ് തുന്നം പാടിയവരുടെ വിലാപം മാത്രമാണ്. വിധിയെ സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി നുണയും ദുര്‍വ്യാഖ്യാനവും, പ്രചരിപ്പിക്കുന്ന ജോസഫ് വിഭാഗത്തിന്റെ നടപടികള്‍ക്കെതിരായി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനും യോഗം തീരുമാനിച്ചു.

ജോസ് കെ മാണി എം.പി,തോമസ് ചാഴികടൻ എം.പി, റോഷി അഗസ്റ്റിൻ എം.ൽ.എ, എൻ.ജയരാജ് എം.എൽ.എ, ജോസഫ് എം.പുതുശേരി, സ്റ്റീഫൻ ജോർജ്, പി.എം മാത്യു, പി.കെ സജീവ്,എം.എസ് ജോസ്, വി.ടി ജോസഫ്, കെ ഐ ആന്റണി,അലക്സ് കോഴിമല,പ്രമോദ് നാരായൺ, ഉഷാലയം ശിവരാജൻ,വിജി എം.തോമസ്,ജോബ് മൈക്കിൾ,ബാബു ജോസഫ്, ബെന്നി കക്കാട്, മുഹമ്മദ് ഇക്ബാൽ,ജോസ് ടോം, ബേബി ഉഴുത്തുവൽ, കുര്യാക്കോസ് പ്ലാപറമ്പിൽ, കെ.ജെ ദേവസിയ, ജോയ് കൊന്നക്കൽ, ജോണി പുല്ലാംതാനി, ടി എം ജോസഫ്, കുശലകുമാർ, സണ്ണി തെക്കേടം,ജോസ് പാലത്തിനാൽ, വി.സി ഫ്രാൻസിസ്, എൻ.എം രാജു, വഴു താനത് ബാലചന്ദ്രൻ , ജോസ് പുത്തൻ കാല, സഹായദാസ് നാടാർ, നിർമല ജിമ്മി, സാജൻ തൊടുക, അബേഷ് അലോഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment