Advertisment

കര്‍ഷകരക്ഷക്കായി സഹകരണമേഖലയുടെ ഇടപെടല്‍ വേണം:   കേരളാ കോണ്‍ഗ്രസ്സ് (എം) ഓണ്‍ലൈന്‍ നേതൃയോഗം

New Update

കോട്ടയം : കോവിഡ് മഹാവ്യാധി തകര്‍ത്ത് തരിപ്പണമാക്കിയ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങാകാന്‍ കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ ഗൗരവപൂര്‍വ്വമായ ഇടപെടല്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്സ് (എം) ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് നേതൃയോഗം ആവശ്യപ്പെട്ടു. പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പാര്‍ട്ടിയുടെ 14 ജില്ലാ പ്രസിഡന്റുമാരും, എം.പിമാരും, എം.എല്‍.എമാരും, മുന്‍ എം.എല്‍എമാരും പങ്കെടുത്തു.

Advertisment

publive-image

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ വഴി സംഭരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളണം. കേരളബാങ്കിന് 826 ശാഖകളും 70447 കോടി നിക്ഷേപവും 1643 സഹകരണബാങ്കുകള്‍ക്കായി ഏകദേശം മൂവായിരത്തില്‍പ്പരം ശാഖകളും 95478 കോടി രൂപ നിക്ഷേപവുമുണ്ട്. ഇതില്‍ 1086 സഹകരണ ബാങ്കുകള്‍ക്ക് സ്വന്തമായി ഗോഡൗണും 108  വാടക ഗോഡൗണുകളുമുണ്ട്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ശാഖകളുള്ള കേരള ബാങ്കിന്റെയും, സഹകരണ സ്ഥാപനങ്ങളുടേയും ഈ ബൃഹത്തായ ശൃംഖലയെ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തണം.

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ നെഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മലയാളികളെ തിരിച്ചെത്തിക്കുന്നതിന് മുന്‍ഗണന നല്‍കണം. ഇതര സംസ്ഥാനങ്ങളില്‍ ആയിരകണക്കായ മലയാളികളാണ് തിരിച്ചെത്താനാകാകെ ലോക്ക്ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയിട്ടുള്ളത്. അന്യനാടുകളില്‍ തൊഴിലെടുക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്ത് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍, പരീക്ഷ, ഇന്റര്‍വ്യൂ, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി സമീപ സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്തവര്‍ തുടങ്ങി ആയിരകണക്കിന് ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിശ്ചലമായതിനെത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അരക്ഷിതാവസ്ഥയില്‍ തുടരുകയാണ്.

publive-image

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലേക്ക് എത്തിക്കുന്നതുന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടണം. തിരിച്ചെത്തുന്നവര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ മതിയായ കോറന്റൈന്‍ സൗകര്യങ്ങളും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്താനും കേരളത്തിന് കഴിയേണ്ടതുണ്ട്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസിമലയാളികള്‍ വലിയ പ്രതിസന്ധിയിലാണ്. ഇവരെ തിരികെ എത്തിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനും, നിര്‍ദേശങ്ങളും കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പ്രവാസികളെ തിരികെ എത്തിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, തോമസ് ചാഴിക്കാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ ജോസഫ് എം.പുതുശ്ശേരി, സ്റ്റീഫന്‍ ജോര്‍ജ്, പി.എം മാത്യു, 14 ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു. ലോക്ക് ഡൗണ്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും സ്വഭാവത്തെ മാറ്റിമറിച്ച സാഹചര്യത്തില്‍ താഴെതട്ടില്‍ വരെ ഇത്തരം നൂനത സംവിധാനങ്ങള്‍ സംഘടനാപ്രവര്‍ത്തനത്തിനായി പരീക്ഷിക്കുമെന്ന് ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു.

Advertisment