Advertisment

ജംബോ കമ്മറ്റികള്‍ പൊളിച്ചെഴുതി പാര്‍ട്ടി ശക്തിപ്പെടുത്താന്‍ കേരളാ കോണ്‍ഗ്രസ് എമ്മും ! ഉന്നതാധികാര സമിതി ഇനി ഉണ്ടായേക്കില്ല. സ്റ്റിയറിങ് കമ്മറ്റിക്ക് അധികാരം കൂടും ! സ്റ്റിയറിങ് കമ്മറ്റിയുടെ അംഗബലം 30ലേക്ക് ചുരുക്കും. പാര്‍ട്ടി ഫണ്ടായി ലെവി പിരിക്കും. പഞ്ചായത്തംഗം മുതല്‍ പാര്‍ലമെന്റ് അംഗം വരെ ഒരുമാസത്തെ ലെവി നല്‍കണം ! നേതാക്കളുടെ എണ്ണത്തിലല്ല, പ്രവര്‍ത്തനത്തിലാണ് കാര്യമെന്ന് തിരിച്ചറിഞ്ഞ് കേരളാ കോണ്‍ഗ്രസ് മാണി

New Update

publive-image

Advertisment

കോട്ടയം: ഒരു കേരളാ കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം മൂത്ത് അടി തുടരവേ പാര്‍ട്ടിയെ ശക്തിപ്പെടുത്താനൊരുങ്ങി മറുവിഭാഗം. സംഘടനാ സംവിധാനം മെച്ചപ്പെടുത്താനും കമ്മറ്റികള്‍ അംഗബലം കുറച്ച് ശക്തിപ്പെടുത്താനുമാണ് കേരളാ കോണ്‍ഗ്രസ് എം ലക്ഷ്യമിടുന്നത്. പാര്‍ട്ടിയെ സെമി കേഡര്‍ തലത്തിലേക്ക് ഉയര്‍ത്താനും നീക്കം ശക്തമാണ്.

പാര്‍ട്ടി ഫണ്ട് സ്വരൂപണത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മാതൃക പിന്തുടര്‍ന്ന് ലെവി ഏര്‍പ്പെടുത്താന്‍ കേരളാ കോണ്‍ഗ്രസ് എമ്മും തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ജനപ്രതിനിധികളാണ് ലെവി നല്‍കേണ്ടത്. പഞ്ചായത്തംഗം മുതല്‍ എംപി വരെയുള്ളവര്‍ തങ്ങളുടെ ഒരുമാസത്തെ ശമ്പളം ലെവിയായി നല്‍കണം.

സംഘടനാ പരിഷ്കരണം പഠിക്കുന്ന സമിതി നിര്‍ദേശിക്കുന്നതനുസരിച്ച് ഇതില്‍ മാറ്റം വരുത്തും. പാര്‍ട്ടിയുടെ മറ്റ് സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ലെവി നല്‍കണോയെന്ന കാര്യം സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും തീരുമാനിക്കുക.

പാര്‍ട്ടി കമ്മറ്റികളില്‍ കാര്യമായ പൊളിച്ചെഴുത്ത് ഉടനുണ്ടാകും. ജോസഫ് വിഭാഗം കൂടെയുണ്ടായിരുന്ന സമയത്തേതുപോലെ ജംമ്പോ കമ്മറ്റികള്‍ ഇനിയുണ്ടാകില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. ഉന്നതാധികാര സമിതി വേണ്ടെന്നു വച്ചേക്കുമെന്നാണ് സൂചന.

സ്റ്റിയറിങ് കമ്മിറ്റി പാര്‍ട്ടിയുടെ പ്രധാന കമ്മറ്റിയായി മാറും. പാര്‍ട്ടി പിളരും മുമ്പ് അതിലെ അംഗങ്ങള്‍ 111 ആയിരുന്നു. നിലവില്‍ 62 പേരുണ്ട്. ഇതു 30 ആയി ചുരുക്കും.

മണ്ഡലംതല കമ്മിറ്റിയംഗങ്ങളുടെയും എണ്ണം കുറയ്ക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റിയോഗത്തില്‍ പുനസംഘടനാ ചര്‍ച്ചകള്‍ നടന്നിരുന്നു. ചുമതലപ്പെടുത്തിയവര്‍ നല്‍കുന്ന ശുപാര്‍ശകള്‍ അടുത്ത യോഗം പരിഗണിക്കും.

ഇതിനുശേഷം ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ നടപ്പാക്കാനാണ് ധാരണ. നേതാക്കളുടെ എണ്ണത്തിലല്ല, പ്രവര്‍ത്തനത്തിലാണ് കാര്യമെന്നാണ് പാര്‍ട്ടി ചെയര്‍മാന്റെ പക്ഷം.

kerala congress m
Advertisment