Advertisment

പിളര്‍പ്പൊഴിവാക്കാന്‍ പിജെ ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി, ചേരി തിരിഞ്ഞ് വാക്‌പോര് ? തര്‍ക്കം മൂത്ത് കസേരയെടുത്ത നേതാവിനെ സമാധാനിപ്പിച്ചത് ചെയര്‍മാന്‍ നടത്തിയ ഇടപെടല്‍ ! ജോയി എബ്രഹാം കേരളാ കോണ്‍ഗ്രസുകളുടെ പൊതുശല്യമെന്ന് തുറന്നടിച്ച് വിമത നേതാക്കള്‍. വലിഞ്ഞു കയറി വന്നവര്‍ക്ക് പാര്‍ട്ടി എന്തെന്ന് അറിയില്ലെന്ന് തിരിച്ചടിച്ച് മറുവിഭാഗം. 'ആപ്പാഞ്ചിറ'യിലെ രണ്ടാളുള്ള പാര്‍ട്ടിയല്ല, എല്ലാ ജില്ലയിലും കമ്മറ്റിയും അണികളുമുള്ള പാര്‍ട്ടിയായിരുന്നു തങ്ങളുടെതെന്നും തിരിച്ചടിച്ച് വിമതര്‍. സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന് പറഞ്ഞ് തടിതപ്പാന്‍ നോക്കിയ പിജെ ജോസഫിനോടും തൊടുപുഴ നിയോജക മണ്ഡലത്തിലെങ്കിലും 6 മണ്ഡലം കമ്മറ്റികള്‍ തികച്ചുണ്ടോയെന്നും മറുചോദ്യം !

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ: കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് ഒഴിവാക്കാനായി പിജെ ജോസഫിന്റെ പുറപ്പുഴയിലെ വസതിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കളുടെ വാക്‌പോര് കയ്യാങ്കളിയിലേക്ക് വരെ എത്തി.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കയ്യാങ്കളിയുടെ വക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ദേഷ്യം മൂത്ത ഒരു മുതിര്‍ന്ന നേതാവ് മറ്റൊരു നേതാവിനെതിരെ കസേരയെടുത്ത് അടിക്കാനോങ്ങിയെന്നാണ് പുറത്തുവന്ന വിവരം.

പാര്‍ട്ടി കോര്‍ കമ്മറ്റിയിലെ നാലംഗങ്ങള്‍ ഉന്നയിച്ച പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നു രാവിലെ 10 മാനിക്കായായിരുന്നു പിജെ ജോസഫ് ആദ്യം യോഗം വിളിച്ചത്. തുടര്‍ന്ന് ചാനലുകാര്‍ എത്തിയതോടെ യോഗം വൈകിട്ടത്തേക്ക് മാറ്റുകയായിരുന്നു. നാലിന് യോഗം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും വൈകിത്തുടങ്ങിയ യോഗം 9.30വരെ നീണ്ടു.

യോഗത്തില്‍ ജോണി നെല്ലൂരും അറയ്ക്കല്‍ ബാലകൃഷ്ണപിള്ളയും മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനുമെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു . കേരളാ കോണ്‍ഗ്രസുകളുടെ പൊതുശല്യമാണ് ജോയി എബ്രഹമാമെന്നായിരുന്നു വിമത വിഭാഗത്തിന്റെ പരാമര്‍ശം. ഇതോടെ മറുവിഭാഗം പ്രതിഷേധവുമായി എഴുന്നേറ്റു.

വലിഞ്ഞു കയറി വന്നവര്‍ പാര്‍ട്ടി കാര്യം തീരുമാനിക്കേണ്ടെന്നും ജോയി എബ്രഹാമിന്റെ വില പാര്‍ട്ടിക്ക് അറിയാമെന്നും മോന്‍സ് ജോസഫ് എംഎല്‍എ തിരിച്ചടിച്ചതോടെ ബഹളമായി. ഇതോടെ ചാടിയെഴുന്നേറ്റ ഫ്രാന്‍സിസ് ജോര്‍ജ് കടുത്ത ഭാഷയിലാണ് മോന്‍സിനെ വിമര്‍ശിച്ചത്. തങ്ങളാരും വലിഞ്ഞു കയറി വന്നതല്ലെന്നും ആളുള്ള പാര്‍ട്ടിയെ നയിച്ച നേതാക്കളാണ് തങ്ങളെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

രണ്ടു നേതാക്കളുള്ള 'ആപ്പാഞ്ചിറ' പാര്‍ട്ടിയെയല്ല തങ്ങള്‍ നയിച്ചതെന്നും എല്ലാ ജില്ലയിലും കമ്മറ്റിയും അണികളുമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. പിജെ ജോസഫ് ക്ഷണിച്ചപ്രകാരമാണ് തങ്ങള്‍ പാര്‍ട്ടിയില്‍ വന്നതെന്നും ഒരു മണ്ഡലത്തില്‍ ജയിച്ചാല്‍ അതു സ്വന്തം വലുപ്പമാണെന്നു തെറ്റിദ്ധരിക്കരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

ഇതിനിടെയായിരുന്നു 'കസേര' പ്രയോഗം നടന്നത്. കേരളാ കോണ്‍ഗ്രസിന്റെ പഴയ ചരിത്രമാവര്‍ത്തിക്കാതെ നേതാക്കള്‍ ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കി. വിമത നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്നും നിലവിലെ എക്‌സിക്യുട്ടീവ് കമ്മറ്റി താല്‍ക്കാലികമാണെന്നും പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫും വ്യക്തമാക്കി.

ഉടനെ തന്നെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന ധാരണയില്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ മണ്ഡലം കമ്മറ്റികള്‍ എവിടെയാണെന്ന ചോദ്യവും ഇതിനിടെ ഉയര്‍ന്നു.

12 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമുള്ള തൊടുപുഴ നിയോജക മണ്ഡലത്തില്‍ പോലും 6 മണ്ഡലം കമ്മറ്റികള്‍ തികച്ചില്ലെന്ന പരിഹാസവും ഉണ്ടായി .

ഈ സ്ഥിതിയില്‍ എങ്ങനെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന ചോദ്യവും ബാക്കിയാണ്. അതിനിടെ നേതാക്കളുടെ തര്‍ക്കവും കയ്യാങ്കളിയും പാര്‍ട്ടിക്ക് പുതിയ നാണക്കേട് ഉണ്ടാക്കുകയാണ്.

pj joseph
Advertisment