Advertisment

മാലിന്യ സംസ്കരണത്തിന് സംവിധാനമുണ്ടാക്കാതെ, ജനങ്ങളെ പെറ്റിയടിച്ച് പിഴിയാൻ സർക്കാർ. പൊതുസ്ഥലത്ത് മാലിന്യം ഇട്ടാൽ 250 രൂപ പിഴ. ജലാശയത്തിലാണെങ്കിൽ പിഴ അരലക്ഷം വരെ. വിവരം നൽകുന്നവർക്ക് 2500 രൂപ സമ്മാനം. മാലിന്യം പിടികൂടാൻ പോലീസിനും ചുമതല. നഗരങ്ങൾ മാലിന്യസംസ്കരണമില്ലാതെ ചീഞ്ഞുനാറുമ്പോൾ സർക്കാരിന്റെ പെറ്റിയടിക്കൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിന്റെ ചുമതലയുള്ള തദ്ദേശസ്ഥാപന സെക്രട്ടറിമാർ വീഴ്ച വരുത്തിയാൽ ശമ്പളം വാങ്ങാൻ ധാർമ്മിക അവകാശമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ജനത്തെ പെറ്റിയടിച്ച് പിഴിയാനുറച്ച് സർക്കാർ.

Advertisment

publive-image

മാലിന്യ സംസ്കരണത്തിന് സംവിധാനമുണ്ടാക്കാതെ, ജനങ്ങളെ പിഴിയാനാണ് തീരുമാനം. പൊതു സ്ഥലത്ത് ചപ്പുചവറുകളോ മാലിന്യമോ ഇട്ടാൽ ചുരുങ്ങിയത് 250രൂപ ഇനി മുതൽ പെറ്റിയിടിക്കണം. ജലാശയങ്ങളിലാണെങ്കിൽ പെറ്റി 5,000 മുതൽ 50,000 രൂപ വരെയായിരിക്കും. വിവരം നൽകുന്നവർക്ക് 2500 രൂപ വരെ സമ്മാനം നൽകാനും സർക്കാർ തീരുമാനിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

നഗരങ്ങളിലെ മാലിന്യ സംസ്‌കരണത്തിൽ ഏറ്റവും പിന്നിൽ കൊച്ചിയാണെന്ന് തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ. കോഴിക്കോട്ടെ മാലിന്യ സംസ്‌കരണം മികച്ചതാണ്. മുനിസിപ്പാലിറ്റികളിൽ പുനലൂർ, ആലപ്പുഴ, ചേർത്തല, കുന്നംകുളം എന്നിവ മുന്നിലാണ്.

അതേസമയം, ചേർത്തല നഗരസഭ മാത്രമാണ് മികവ് പുലർത്തുന്നതെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് കോടതി പ്രതികരിച്ചു. തിരുവനന്തപുരത്ത് ബയോ സി.എൻ.ജി പ്ലാന്റിന് തത്വത്തിൽ തീരുമാനമായെങ്കിലും സ്ഥലം കിട്ടിയിട്ടില്ല. മാലിന്യം തള്ളിയതിന് 400 വാഹനങ്ങൾ പിടിച്ചെടുത്തെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചെങ്കിലും ഇതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പൊതുസ്ഥലത്ത് മാലിന്യമിട്ടാൽ പിഴ ചുമത്താനുള്ള ഉത്തരവിറങ്ങിയത്.

മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ആ‌ർക്കു വേണമെങ്കിലും വിവരം കൈമാറാം. വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും.

വാട്സ്ആപ്പിലും മെയിലിലും വിവരം നൽകാം. വിവരം കൈമാറിയാൽ ഏഴ് ദിവസത്തിനകം തീർപ്പുണ്ടാക്കണം. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കിയാൽ 30 ദിവസത്തിനകം വിവരം നൽകിയ ആളുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി സമ്മാനത്തുക ട്രാൻസ്‌ഫർ ചെയ്യണം.

മാലിന്യം വലിച്ചെറിയുന്നത് തടയാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എൻഫോഴ്സ്‌മെന്റ് സംഘങ്ങളിൽ പോലീസിനെയും ഉൾപ്പെടുത്തി ഡി.ജി.പി ഉത്തരവിറക്കി. വാഹനങ്ങൾ പിടിച്ചെടുക്കാനും കണ്ടുകെട്ടാനും എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന് അധികാരമുണ്ട്. അറസ്റ്റിനും നിയമനടപടിക്കും പോലീസുണ്ടാവും.

Advertisment