Advertisment

അഫീലിന്റെ മരണം: പാലായിൽ 5 പേരുടെ അറസ്റ്റ് ഉടൻ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  പാലായിൽ സ്‌കൂൾ മീറ്റിനിടെ അഫീൽ ജോൺസൺ എന്ന 16 കാരൻ അപകടത്തിൽ മരിച്ച സംഭവത്തിൽ അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികളായ അഞ്ച് പേർ അറസ്റ്റിലായേക്കും. ഇവരെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടിയതായാണ് റിപ്പോർട്ട്.

Advertisment

അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികളും മത്സരത്തിന്റെ വിധികർത്താക്കളും ഉൾപ്പെടെയുള്ള അഞ്ച് പേരാണ് അറസ്റ്റിലാവുക. മനഃപൂർവ്വമല്ലാത്ത നരഹത്യയ്‌ക്കും അപകടകരമായി മത്സരം സംഘടിപ്പിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

publive-image

ഹാമർ മത്സരവും ജാവലിൻ ത്രോയും ഒരേ സമയം നടത്തിയതും രണ്ടു മത്സരങ്ങൾക്കും ഒരേ ഫിനിഷിങ് പോയിന്റ് നിശ്ചയിച്ചതും അത്‌ലറ്റിക് മത്സര ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ മത്സരത്തിലേക്ക് പാലാ സെന്റ് തോമസ് കോളേജ് പ്ലസ് വൺ വിദ്യാർത്ഥിയായ അഫീലിനെ സഹായിയായി വിളിച്ചുവരുത്തിയത് ആരെന്നും അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്.

അഫീൽ തന്നിഷ്ടപ്രകാരമാണ് ഗ്രൗണ്ടിൽ എത്തിയതെന്ന് അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികളുടെ വിശദീകരണം പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അപകടകരമാംവിധം മത്സരം നടക്കുന്ന ഒരു സ്ഥലത്ത് വേണ്ടത്ര സുരക്ഷിതത്വങ്ങൾ ഇല്ലാതെ ഫിനിഷിംഗ് പോയിന്റിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചതും കുറ്റകരമായ അനാസ്ഥയായി കണ്ടെത്തിയിട്ടുണ്ട്.

അപകടം നടന്ന ശേഷം അഫീലിന്റെ ഫോണിന്റെ ലോക്ക് തുറന്ന് മാതാപിതാക്കളുടെ ഫോണിലേക്ക് കോൾ പോയിരുന്നു. പിന്നീട് അഫീലിന്റെ കോൾ ലിസ്റ്റ് ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. ഇതോടെ തെളിവ് നശിപ്പിക്കാൻ ശ്രമം ഉണ്ടായതായി സംശയിക്കുന്നുണ്ട്. ഇതൊക്കെ മത്സരങ്ങളിലെ സംഘാടകരായ അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികൾക്ക് പ്രതികൂലമായി മാറിയിരുന്നു.

Advertisment