Advertisment

ബജറ്റുകളുടെ പേരില്‍ ആദ്യമായി പേപ്പര്‍ പ്രസന്റേഷന്‍ മത്സരം. സംഘടിപ്പിക്കുന്നത് ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രിയുടെ പേരിലുള്ള കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ച്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  സംസ്ഥാനത്താദ്യമായി ബജറ്റുകളെ അടിസ്ഥാനമാക്കി മത്സരം സംഘടിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍ ധനമന്ത്രി കെ എം മാണിയുടെ പേരിലുള്ള കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര പേപ്പർ പ്രസന്റേഷൻ മത്സരം നടത്തപ്പെടുന്നത്.

Advertisment

ആദ്യ മത്സരത്തിന്റെ വിഷയവും മാണിയുമായി ബന്ധപ്പെട്ട് തന്നെ. "കെ എം മാണിയുടെ ബഡ്ജറ്റും അധ്വാന വർഗ്ഗ സിദ്ധാന്തവും" എന്ന വിഷയത്തിലാണ് ഫെബ്രുവരി 23 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ കോട്ടയം ജോയ്‌സ് റസിഡൻസിയിൽ വെച്ച് മത്സരം നടത്തപ്പെടുക.

publive-image

കെ എം മാണിയുടെ മരുമകള്‍ നിഷ ജോസ് കെ മാണി ചെയര്‍പേഴ്സനും മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി വൈസ് ചെയര്‍മാനുമായുള്ള ഗവേഷണ കേന്ദ്രമാണ് കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ച്. സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെടെ നിരവധി പ്രഗല്‍ഭര്‍ ഇതില്‍ അംഗങ്ങളാണ്.

ബഡ്ജറ്റുകളെ കൂടുതൽ ജനകീയമാക്കുവാനും, പുതിയ തലമുറയില്‍ ബജറ്റുകളെക്കുറിച്ചുള്ള ഭാവന വളര്‍ത്താനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് പുതിയ നീക്കം. കേരള രൂപീകരണത്തിന് ശേഷം സംസ്ഥാനത്തിന്റെ 13 ബജറ്റുകള്‍ക്ക് രൂപം നല്‍കിയത് കെ എം മാണിയാണ്. ഇത് രാജ്യത്ത് തന്നെ ബജറ്റുകളുടെ ചരിത്രത്തില്‍ അപൂര്‍വ്വമായ കണക്കാണ്.

കാലാകാലങ്ങളില്‍ സംസ്ഥാനത്തിന്റെ വരവ് ചെലവ് കണക്കുകളുടെ അവതരണം മാത്രമായി ആവര്‍ത്തിച്ചു പോന്നിരുന്ന ബജറ്റുകളെ ധനമന്ത്രിയുടെ ഭാവനയ്ക്കും ജനങ്ങളുടെ ഇംഗിതത്തിനുമനുസരിച്ച് ഗൌരവതരമായി സമീപിച്ച് നയിപ്പിച്ചത് കെ എം മാണിയുടെ കാലം മുതലാണെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായ പല ബജറ്റ് പ്രഖ്യാപനങ്ങളും നടന്നത് മാണിയുടെ ബജറ്റുകളിലൂടെയാണ്.

കര്‍ഷക പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, കാര്‍ഷിക കടാശ്വാസം, കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില എന്നിവയൊക്കെ മാണി ബജറ്റുകളുടെ സംഭാവനകളില്‍ ചിലത് മാത്രമാണ്. ബജറ്റുകളെ ഇന്നത്തെ രൂപത്തിലുള്ള ശൈലിയിലേക്ക് മാറ്റിയതും മാണിയുടെ ബജറ്റുകള്‍ തന്നെ. ഈ സാഹചര്യത്തിലാണ് കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന് രൂപം നല്‍കാന്‍ തീരുമാനിച്ചത്.

ബജറ്റിനെ കൂടുതല്‍ ജനകീയമാക്കാനും എല്ലാത്തരത്തിലുമുള്ള ആളുകൾക്കും ബഡ്ജറ്റിന് ആശയങ്ങൾ പ്രദാനം ചെയ്യുവാനും കഴിയുന്ന തരത്തിൽ വേദിയൊരുക്കുവാൻ കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ച് കൊണ്ടു കഴിയും. കൂടുതൽ ഉത്തരവാദത്വ ബോധത്തോടുകൂടി ബഡ്ജറ്റിനെയും, അതിലൂടെ നൽകുന്ന പദ്ധതികളെയും കാണുന്ന പൊതു സമൂഹത്തെ വളർത്തിയെടുത്തുകൊണ്ട് വരുവാൻ ഇതുവഴി സഹായകരമാകും.

വിദ്യാർത്ഥികൾക്കും, ഗവേഷണ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉൾപ്പെടെ ബഡ്ജറ്റ് കേന്ദ്രീകൃതമായ ഗവേഷണങ്ങൾ ചെയ്യുവാനുള്ള അവസരങ്ങൾ ഒരുക്കുവാനും, അത് അവതരിപ്പിക്കുവാനുമുള്ള അവസരങ്ങളും ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ കഴിവുകളെ പുറത്തുകൊണ്ടുവരുവാനുള്ള അവസരങ്ങളും ഇതിലൂടെ ലഭ്യമാകും.

കൂടാതെ കെ എം മാണി കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കും, അധ്വാന വർഗ്ഗ സിദ്ധാന്തത്തിലൂടെ ലോകത്തിനും നൽകിയിട്ടുള്ള സംഭാവനകൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യങ്ങളോട് കൂടിയാണ് നിഷാ ജോസ് ചെയർപേഴ്സനും, ഡോ. കുര്യാസ് കുമ്പളക്കുഴി വൈസ് ചെയർമാനും ആയിട്ടുള്ള കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ച് ആരംഭിച്ചിരിക്കുന്നത്.

പേപ്പർ പ്രസന്റേഷൻ മത്സരത്തിന് അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, ഡിഗ്രി / പിജി വിദ്ധാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. ഏറ്റവും മികച്ച പ്രസന്റേഷന് 10000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 7500 രൂപയും ഉം മൂന്നാം സ്ഥാനത്തിന് 5000 രൂപയും സമ്മാനമായി നൽകും. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. മലയാളത്തിലും ഇംഗ്ലീഷിലും പ്രസന്റേഷൻ നടത്തുവാൻ അവസരം ഉണ്ട്‌. ഒപ്പം വിദേശത്തുള്ളവർക്ക് വീഡിയോ കോൺഫറൻസിലൂടെ പ്രസന്റേഷൻ നടത്തുവാൻ കഴിയും.

കെ എം മാണിയുടെ എൺപത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന ഇന്ന് ഈ സെന്ററിന്റെ ആദ്യ പരിപാടിയായി അദ്ദേഹത്തിന്റെ ബഡ്ജറ്റുകളും സിദ്ധാന്തവും ഉൾപ്പെടുന്ന പേപ്പർ പ്രസന്റേഷൻ നടത്തുന്ന വിവരം അനൗൺസ് ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്ന് സെന്റർ ചെയർപേഴ്സൺ നിഷാ ജോസ് പറഞ്ഞു.

പ്രസന്റേഷൻ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് :

നിഷാ ജോസ് : 9895698364

റോബിൻ റോയി : 9544332981

Advertisment