Advertisment

ഫ്ലക്സിനും ബോര്‍ഡിനും പണമില്ലാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ക്ലേശിക്കുമ്പോള്‍ എതിര്‍ ക്യാമ്പിലേക്ക് ലോഡ് കണക്കിന് പ്രചരണ സാമഗ്രികള്‍ ഒഴുക്കി യുഡിഎഫ് ഉന്നതന്റെ അബ്കാരി ബന്ധു. ഓര്‍ത്തഡോക്സിനെ പിണക്കാന്‍ തന്ത്രങ്ങളൊരുക്കിയതും കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി മോഹി. മുന്നണിയില്‍ കനലെരിയുമ്പോഴും മുന്നേറ്റത്തോടെ മോഹന്‍രാജ്. ചരിത്രത്തിലാദ്യമായി കിട്ടിയ ക്രൈസ്തവ പിന്തുണ ആവേശത്തില്‍ ബിജെപി. കോണ്‍ഗ്രസ് കലഹത്തില്‍ കണ്ണുംനട്ട് ഇടത് മുന്നണി. കോന്നി കേരള രാഷ്ട്രീയത്തിലെ പുതിയ പരീക്ഷണശാലയാകുമ്പോള്‍ ..

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

കോന്നി:  സ്ഥാനാര്‍ഥി പ്രഖ്യാപനത്തെച്ചൊല്ലി തുടങ്ങിയ തര്‍ക്കം യു ഡി എഫില്‍ പരിഹരിച്ചെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോഴും അണിയറയില്‍ സ്ഥാനാര്‍ഥി മോഹന്‍രാജിനെതിരെ കരുനീക്കങ്ങള്‍ ശക്തം. ഓര്‍ത്തഡോക്സ് സഭയില്‍ യു ഡി എഫ് നേതാവിന്റെ പ്രസംഗം വൈകാരിക ഇടപെടലിന് കാരണമാകുന്ന വിധം അവതരിപ്പിച്ച് സമുദായത്തെ മുന്നണിക്കെതിരാക്കുന്നതിന് സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന ഉന്നതന്‍ തന്നെയാണ് കരുക്കള്‍ നീക്കിയതെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

Advertisment

publive-image

അതിനിടെ എതിര്‍ സ്ഥാനാര്‍ഥിയ്ക്ക് പണവും സന്നാഹങ്ങളും ഒരുക്കി നല്‍കാന്‍ മുന്നില്‍ നില്‍ക്കുന്നത് കോന്നിയിലെ ഉന്നതന്റെ ബന്ധുകൂടിയായ അബ്കാരി മുതലാളിയാണെന്ന വിവരങ്ങളും പുറത്തുവരുന്നു ? ഇടത് മുന്നണിയ്ക്കും ബി ജെ പിയ്ക്കും പ്രചരണ സാമഗ്രികള്‍ നിര്‍ലോഭമുണ്ടെങ്കിലും യു ഡി എഫ് ഇക്കാര്യത്തില്‍ പിന്നിലാണ്.  അക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് സഹായം ചെയ്യേണ്ട നേതാവിന്റെ ബന്ധുവാണ് ലോഡ് കണക്കിന് പ്രചരണ സാമഗ്രികള്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ ക്യാംപിലേക്ക് എത്തിച്ചു നല്‍കുന്നത്.

ഏത് വിധേനയും യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പരാജയം ഉറപ്പാക്കുംവിധമുള്ള കരുനീക്കങ്ങളാണ് കോന്നിയിലെ അസംതൃപ്തരായ ചില നേതാക്കളുടെ ക്യാമ്പില്‍ നിന്നും ഉണ്ടാകുന്നതെന്ന വ്യാപകമായ പരാതികളാണ് ഉയരുന്നത്. പാലാ ഗുണപാഠമായി കാണാന്‍ യു ഡി എഫിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ ഇനിയും തയാറായിട്ടില്ലെന്നതിന് അടിവരയിടുന്ന സംഭവ വികാസങ്ങളാണ് കോന്നിയിലെ യു ഡി എഫ് പ്രചരണത്തിന്റെ പിന്നാമ്പുറത്ത് അരങ്ങേറുന്നത്.

publive-image

സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ പായ്ക്കേജായിരുന്നു കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വച്ചത്.  മുന്‍ ഡി സി സി അധ്യക്ഷന്‍ മോഹന്‍രാജിനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ പകരം മാറ്റി നിര്‍ത്തിയ റോബിന്‍ പീറ്ററെ ഡി സി സി വൈസ് പ്രസിഡന്റായി നോമിനേറ്റ് ചെയ്തിരുന്നു.

മാത്രമല്ല, കോന്നിയില്‍ മോഹന്‍രാജിനെ വിജയിപ്പിച്ചാല്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ റാന്നിയില്‍ മോഹന്‍ പീറ്ററിനെ സ്ഥാനാര്‍ഥിയാക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് ഒരു വിഭാഗം യു ഡി എഫിന്റെ പ്രചരണ പരിപാടികള്‍ക്ക് തുരങ്കം വയ്ക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

എന്നാല്‍ മുന്നണിയില്‍ കാര്യങ്ങള്‍ അത്ര ഭദ്രമല്ലെങ്കിലും കോന്നിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി വന്‍ മുന്നേറ്റം നേടിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ഥികളില്‍ പ്രഗത്ഭനെന്നതും  മോഹന്‍രാജിന് ഗുണമാണ്. കെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായെത്തിയതോടെ ബി ജെ പി പക്ഷത്ത് നിന്നും ബി ഡി ജെ എസ് പക്ഷത്ത് നിന്നും ഇടതിലേക്കുള്ള വോട്ടുചോര്‍ച്ച തടയപ്പെട്ടുവെന്ന വിലയിരുത്തലാണ് യു ഡി എഫിന്റെത്. ഇത് തങ്ങള്‍ക്ക് അനുകൂലമാണെന്നും യുഡിഎഫ് കരുതുന്നു.

publive-image

അതേസമയം, യുഡിഎഫിലെ തര്‍ക്കങ്ങളിലാണ് ഇടതുപക്ഷത്തിന്റെയും പ്രതീക്ഷ.  കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് തന്നെ സഹായം ലഭിക്കുമെന്നാണ് ഇടത് സ്ഥാനാര്‍ഥി ജനീഷ് കുമാറിന്റെ പ്രതീക്ഷ.  ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ സഭയുടെ പിന്തുണ കിട്ടിയ ആവേശത്തിലാണ് ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ ക്യാമ്പ്.

ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ തങ്ങളുടെ വോട്ടുവിഹിതത്തില്‍ വന്‍ വര്‍ധന കൊണ്ടുവരുമെന്നും വിജയം തന്നെയാണ് പ്രതീക്ഷയെന്നും ബി ജെ പി അവകാശപ്പെടുന്നു. എല്ലാം കൂടിയാകുമ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ വേറിട്ടൊരു പരീക്ഷണ ശാലയായി മാറുകയാണ് കോന്നി.

byelection 2019
Advertisment