Advertisment

ഉപതെരഞ്ഞെടുപ്പുകള്‍ ഈ 9 നേതാക്കള്‍ക്ക് നിര്‍ണ്ണായകമാണ് ! ആര്‍ക്കൊക്കെ ? എന്തുകൊണ്ട് ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:   കേരളത്തിലങ്ങിങ്ങായി ചിതറിക്കിടക്കുന്ന 5 മണ്ഡലങ്ങള്‍.  പൊതുതെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മുമ്പുള്ള ഉപതെരഞ്ഞെടുപ്പ്. അഞ്ചും അഞ്ച് സ്വഭാവങ്ങളിലുള്ള മണ്ഡലങ്ങള്‍. ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ ചിലര്‍ക്ക് നിര്‍ണ്ണായകമാണ്. ആര്‍ക്കൊക്കെ ? എങ്ങനെയൊക്കെ ?

Advertisment

publive-image

 1, പിണറായി വിജയന്‍ ! (മുഖ്യമന്ത്രി)

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ അതിദയനീയ തോല്‍വിയുടെ പഴി കേട്ടത് മുഖ്യമന്ത്രിയായിരുന്നു. മുന്നണിയിലെ അപ്രമാദിത്വം ഒന്നുകൊണ്ടുമാത്രം കസേരയ്ക്ക് ഭീഷണി ഉണ്ടായില്ല. ആ തോല്‍വികളുടെ പാപഭാരത്തില്‍ നിന്നും രക്ഷപെടാന്‍ ഉപതെരഞ്ഞെടുപ്പ് വിജയങ്ങള്‍ മുഖ്യമന്ത്രിക്ക് ആശ്വാസമാകും.

പാലായിലെ വിജയം ജീവശ്വാസമായിരുന്നു.  മറ്റ്‌ 5 ഇടങ്ങളില്‍ ഒന്നില്‍ കൂടുതല്‍ എത്ര കിട്ടിയാലും ഇടത് മുന്നണിയ്ക്ക് ലാഭമാണ്, മുഖ്യമന്ത്രിക്ക് നേട്ടവും. ആറില്‍ ഒന്നൊഴികെ 5 ഉം യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.

54 വര്‍ഷമായി യു ഡി എഫ് കൈവശം വച്ച സീറ്റ് പിടിച്ചെടുത്തത് ചില്ലറ കാര്യമല്ല. ഇനി അരൂര്‍ നിലനിര്‍ത്തണം, ബാക്കി ഒന്നോ രണ്ടോ എണ്ണം കൂടി കിട്ടിയാല്‍ അടിപൊളി, മുഖ്യമന്ത്രിക്ക് ധൈര്യമായി മുന്നേറാം. അല്ലാതെ വന്നാല്‍ അടുത്ത തവണ മുന്നണിയെ നയിക്കാന്‍ മറ്റൊരു നേതാവിനെപ്പറ്റി സി പി എം ആലോചിച്ചേക്കും !

2, രമേശ്‌ ചെന്നിത്തല (പ്രതിപക്ഷ നേതാവ്) 

പ്രതിപക്ഷത്തിന് മുമ്പില്‍ വരുന്ന വിഷയങ്ങളെ ഇത്ര വിശദമായി പഠിച്ച് സമഗ്രമായി അവതരിപ്പിച്ച മറ്റൊരു പ്രതിപക്ഷ നേതാവ് കേരളത്തില്‍ ഇല്ലെന്നു പറയാം. പക്ഷേ, അതിന്റെ നേട്ടം രമേശ്‌ ചെന്നിത്തല എന്ന നേതാവിന് എത്ര കണ്ട് കിട്ടി എന്ന് കണ്ടറിയണം.

പക്ഷേ യു ഡി എഫ് അതിന്റെ നേട്ടം അനുഭവിച്ചിട്ടുണ്ട്. പ്രളയവും ശബരിമലയും സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കാണിച്ച മെയ്വഴക്കത്തിന്റെ വിജയമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലേത്.

ശബരിമല വിധിയില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് വേറെ ആയിരുന്നെങ്കിലും മറിച്ചൊരു നിലപാട് കേരളത്തില്‍ സ്വീകരിക്കാന്‍ ഹൈക്കമാന്റിനെ കാര്യങ്ങള്‍ ധരിപ്പിച്ചതില്‍ ചെന്നിത്തല വിജയിച്ചു. പക്ഷേ ഇത്തവണ മത്സരം ഒന്നൊഴികെ എല്ലായിടത്തും സിറ്റിംഗ് സീറ്റുകളിലാണ്.

പാലാ കൈവിട്ടു. ബാക്കിയും കൈവിട്ടാല്‍ അത് പ്രതിപക്ഷത്തെ നായക ഗുണം ചെയ്യില്ല. എങ്കിലും ഭരിക്കുന്ന മുന്നണിയുടെ സ്ഥാനാര്‍ഥികളോട് ജനത്തിന് ആഭിമുഖ്യം തോന്നുക സ്വാഭാവികമെന്ന കാര്യം ചെന്നിത്തലയ്ക്ക് ന്യായീകരണമാകും.

publive-image

3, കെ സുരേന്ദ്രന്‍ (കോന്നി ബി ജെ പി സ്ഥാനാര്‍ഥി)

സുരേന്ദ്രന് ചില്ലറ മോഹങ്ങളല്ല. ശ്രീധരന്‍ പിള്ള തെറിച്ചാല്‍ (തെറിക്കും) അടുത്ത സംസ്ഥാന അധ്യക്ഷനാകേണ്ട ആളാണ്‌. അതിനു മുമ്പ് വീണ്ടുമൊരു തോല്‍വി അദ്ദേഹം ആഗ്രഹിച്ചതല്ല. പക്ഷേ അതാഗ്രഹിക്കുന്നവര്‍ സ്വന്തം പാര്‍ട്ടിയിലുള്ളതുകൊണ്ട് അദ്ദേഹം കോന്നിയില്‍ സ്ഥാനാര്‍ഥിയായി.

തോറ്റാല്‍ അതൊരു അയോഗ്യതയായി സുരേന്ദ്രനില്‍ ചാര്‍ത്താന്‍ കച്ചകെട്ടിയിരിക്കുന്നവര്‍ ഏറെയാണ്‌.  അതിനാല്‍ തന്നെ കോന്നിയില്‍ വിജയം ഉണ്ടായില്ലെങ്കില്‍ അത് സുരേന്ദ്രന് രാഷ്ട്രീയമായി വെല്ലുവിളിയായിരിക്കും. ജയിച്ചാല്‍ സമീപകാല ബി ജെ പി രാഷ്ട്രീയം സുരേന്ദ്രന്‍ നിയന്ത്രിക്കും.

4, തുഷാര്‍ വെള്ളാപ്പള്ളി (ബി ഡി ജെ എസ് അധ്യക്ഷന്‍)

ബി ഡി ജെ എസ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായിട്ട് ഇതുവരെ തങ്ങളുടെ ശക്തി തെളിയിച്ചിട്ടില്ലെന്നാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ പരാതി. നിങ്ങള്‍ ആദ്യം നിങ്ങളുടെ ശക്തിയും ആത്മാര്‍ഥതയും കൂറും തെളിയിക്കുക, അതിനുശേഷം മാത്രം സ്ഥാനമാനങ്ങള്‍ എന്നതാണ് ബി ജെ പിയുടെ നിലപാട്.

അതിനാല്‍ ഇത്തവണയെങ്കിലും ഈഴവ വോട്ടുകള്‍ കുറെയെങ്കിലും എന്‍ ഡി എയുടെ പെട്ടിയില്‍ വീഴിച്ചില്ലെങ്കില്‍ അത് തുഷാറിന് തിരിച്ചടിയാകും.  ചിലപ്പോള്‍ ബി ജെ പി കൈയ്യൊഴിഞ്ഞേക്കാം. അതിന്റെ പ്രത്യാഘാതങ്ങള്‍ രാഷ്ട്രീയത്തിനു പുറമേ വേറെയുമുണ്ടാകും.

5, ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍ യു ഡി എഫ് സ്ഥാനാര്‍ഥി)

അരൂരില്‍ കൂടി തോറ്റാല്‍ ഷാനിമോള്‍ ഉസ്മാന് ഇനി സീറ്റിനായി ഡല്‍ഹിക്ക് പറക്കേണ്ടി വരില്ല. മേല്‍പ്പോട്ടുള്ള പടികള്‍ ഷാനിമോള്‍ക്ക് മുമ്പില്‍ കൊട്ടിയടക്കും. പകരം പഴയപോലെ നഗരസഭയോ ജില്ലാ പഞ്ചായത്തോ ഒക്കെയായോ കഴിയേണ്ടി വരും.

കോണ്‍ഗ്രസ് പാര്‍ട്ടി ഇത്രയധികം ഒരു വനിതാ നേതാവിനെയും സഹിച്ചിട്ടില്ല. വിജയിച്ചാല്‍ മണ്ഡലം നിലനിര്‍ത്താന്‍ നിലവിലെ പ്രവര്‍ത്തന ശൈലിയിലും രീതികളിലുമൊക്കെ മാറ്റം വരുത്തേണ്ടി വരും.

6, അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍ എം പി)

താന്‍ ഒഴിഞ്ഞ കോന്നിയില്‍ തന്റെ നോമിനിയായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാന്‍ അടൂര്‍ പ്രകാശ് കിണഞ്ഞു ശ്രമിച്ചതാണ്. നടക്കാതെ വന്നപ്പോള്‍ പിണങ്ങുകയും ചെയ്തു. പക്ഷേ ഇപ്പോള്‍ പ്രചരണം നയിക്കുന്നത് അടൂര്‍ പ്രകാശാണ്. പക്ഷേ, കോന്നിയില്‍ വിജയിച്ചില്ലെങ്കില്‍ അടൂര്‍ പ്രകാശ് പഴികേള്‍ക്കും, തീര്‍ച്ച.

തോല്‍വിയുടെ ഉത്തരവാദിത്വം മുമ്പേ തന്നെ പ്രകാശിനാണെന്ന് കെ പി സി സി അധ്യക്ഷന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതിനാല്‍ കോന്നിയില്‍ അഹിതമായത് സംഭവിച്ചാല്‍ അദ്ദേഹത്തിന് കുശാലായിരിക്കും.

publive-image

7, കെ മുരളീധരന്‍ (വടകര എം പി)

തന്റെ സീറ്റ് എന്‍ പീതാംബരക്കുറുപ്പിന് നല്‍കണമെന്നായിരുന്നു മുരളീധരന്റെ താല്പര്യം. കിട്ടിയത് മുരളിക്ക് അത്രയൊന്നും താല്പര്യമില്ലാത്ത മോഹന്‍കുമാറിന്.

പക്ഷേ വട്ടിയൂര്‍ക്കാവ് മണ്ഡലം സുരക്ഷിതമായി പാര്‍ട്ടിക്ക് തിരികെ ഏല്‍പ്പിക്കേണ്ടത് കെ മുരളീധരന്‍ എന്ന നേതാവിന്റെ നേതൃപാടവത്തിന്റെ അളവുകോലായി മാറും. അതൊരു വെല്ലുവിളി തന്നെയാണ്. മോഹന്‍\കുമാറിന്റെ വിജയം സ്ഥാനാര്‍ഥിയേക്കാള്‍ മുരളിയുടെ ആവശ്യമാണ്‌.

8, ഹൈദരാലി ശിഹാബ് തങ്ങള്‍ (ലീഗ് അധ്യക്ഷന്‍)

സീറ്റ് നിര്‍ണ്ണയത്തെ ചൊല്ലി പാണക്കാട് തറവാടിനു മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത് എണ്ണപ്പെട്ട സംഭവമാണ്.

അതിനാല്‍ തന്നെ മഞ്ചേശ്വരത്ത് ലീഗ് എം എല്‍ എ മരിച്ച ഒഴിവില്‍ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കേണ്ടത് അദ്ദേഹത്തിന്‍റെ ആവശ്യമാണ്‌. അതല്ലെങ്കിലും അദ്ദേഹത്തിന്‍റെ പദവിയ്ക്ക് കോട്ടം സംഭവിക്കില്ലെങ്കിലും തിളക്കം കുറയും !

9, പി എസ് ശ്രീധരന്‍ പിള്ള (ബി ജെ പി അധ്യക്ഷന്‍)

ശ്രീധരന്‍ പിള്ളയുടെ തന്നെ ഭാഷയില്‍ വീണുകിട്ടിയ അവസരങ്ങള്‍ പോലും പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയ സംസ്ഥാന അധ്യക്ഷനാണ് ശ്രീധരന്‍പിള്ള.  ശബരിമലയില്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കി നല്‍കിയിട്ടും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

ഇത്തവണ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതില്‍ 3 എണ്ണവും ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളാണ്. വിജയമോ ഒന്നിലധികം രണ്ടാം സ്ഥാനങ്ങളോ ഉണ്ടായില്ലെങ്കില്‍ ശ്രീധരന്‍പിള്ളയുടെ കസേര ഉടന്‍ ഇളകും. പകരം പദവികളും ഉണ്ടായേക്കില്ല.

byelection 2019
Advertisment