Advertisment

വട്ടിയൂര്‍ക്കാവ് പീതാംബരക്കുറുപ്പിന് പകരം മോഹന്‍കുമാറിനെ ഉറപ്പിച്ചു. പാര്‍ട്ടി നിര്‍ബന്ധിച്ചപ്പോള്‍ മുരളീധരനും കൈകൊടുത്തു. എറണാകുളത്ത് കെ പി സി സിയുടെ നോമിനി ടി ജെ വിനോദ്. ഹൈക്കമാന്റ് വഴി സീറ്റ് തട്ടാനുള്ള തന്ത്രങ്ങളുമായി കെ വി തോമസ്‌. തര്‍ക്കം തുടരുന്നത് കോന്നിയിലും അരൂരിലും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ഇടതുപക്ഷം പതിവുപോലെ ശക്തരായ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് നീങ്ങുമ്പോഴും യു ഡി എഫില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 4 സീറ്റുകളിലെയും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തര്‍ക്കത്തില്‍ തുടരുകയാണ്.  കോന്നി, അരൂര്‍ സീറ്റുകളുടെ കാര്യത്തിലാണ് അവസാന ഘട്ടവും ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Advertisment

വട്ടിയൂര്‍ക്കാവില്‍ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗവും മുന്‍ എം എല്‍ എയുമായ കെ മോഹന്‍കുമാറിനെ മത്സരിപ്പിക്കാന്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്.

publive-image

ഇവിടെ എന്‍ പീതാംബരക്കുറുപ്പ് എക്സ് എം പിയായിരുന്നു രാജിവച്ച കെ മുരളീധരന്റെ നോമിനി. എന്നാല്‍ കുറുപ്പിനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായി രംഗത്തെത്തുകയും മറ്റ്‌ ചില ആരോപണങ്ങള്‍ ഉയരുകയും ചെയ്തതോടെ പുനരാലോചന വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ കെ മുരളീധരനോട് ആവശ്യപ്പെടുകയായിരുന്നു. പകരം നിര്‍ദ്ദേശിച്ച കെ മോഹന്‍കുമാര്‍ മുമ്പ് മുരളീധരന്റെ അടുപ്പക്കാരനായിരുന്നെങ്കിലും ഡി ഐ സി രൂപീകരണ സമയത്ത് മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് ഗ്രൂപ്പ് വിട്ടതായിരുന്നു.

ഇതായിരുന്നു മുരളീധരന്റെ എതിര്‍പ്പിന് കാരണമെങ്കിലും അതിന്റെ പേരില്‍ സീറ്റ് ചര്‍ച്ച വഴിമുട്ടിക്കാനോ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനോ മുരളീധരന്‍ തയാറായില്ലെന്നതാണ് ശ്രദ്ധേയം. മോഹന്‍കുമാര്‍ പാലക്കാട് നിന്നും മടങ്ങിയെത്തി മുരളീധരനെ കണ്ട് ചര്‍ച്ച നടത്തിയതോടെ പഴയതൊക്കെ മറക്കാന്‍ മുരളീധരനും തയാറായി.

മാത്രമല്ല, പീതാംബരക്കുറുപ്പിന് മുരളീധരന്റെ അഭിപ്രായം മാനിച്ച് പാര്‍ട്ടിയിലോ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലോ അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഉറപ്പും നല്‍കി.

publive-image

എറണാകുളത്ത് ടി ജെ വിനോദിന്റെ പേരിനാണ് സംസ്ഥാന ഘടകത്തില്‍ മുന്‍തൂക്കം.  എന്നാല്‍ ലിസ്റ്റ് കെ പി സി സി ഹൈക്കമാന്റിന് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഹൈക്കമാന്റിനെ സ്വാധീനിച്ച് ഈ സീറ്റ് സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി കെ വി തോമസ്‌ ഡല്‍ഹിയില്‍ കരുക്കള്‍ നീക്കുന്നതില്‍ സംസ്ഥാന നേതാക്കള്‍ക്ക് ആശങ്കയുണ്ട്. പക്ഷേ, അത് അത്രകണ്ട് എളുപ്പമായിരിക്കില്ല. രാജിവച്ച എം എല്‍ എ ഹൈബി ഈഡന്റെ നിലപാടും വിനോദിന് അനുകൂലമാണ്.

അതിനാല്‍ എറണാകുളത്തിന്റെ കാര്യത്തില്‍ സംസ്ഥാന തലത്തില്‍ ധാരണ ആയതായി സമാധാനിക്കാം.  എന്നാല്‍ കോന്നിയില്‍ തര്‍ക്കം തുടരുകയാണ്.  ഇവിടെ റോബിന്‍ പീറ്ററിനെതിരെ ഡി സി സി ഒന്നടങ്കം രംഗത്തിറങ്ങി.  റോബിന്‍ പീറ്ററിന് വേണ്ടി കോന്നിയിലെ പ്രാദേശിക നേതാക്കളും രംഗത്തിറങ്ങി.  ചുരുക്കത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും തലവേദന കോന്നിയാണ്.

publive-image

ഇവരെയെല്ലാം അനുനയിപ്പിച്ച് വേണം ധാരണയിലെത്താന്‍.  ഇവിടെ അടൂര്‍ പ്രകാശിന്റെ 'ആത്മാര്‍ത്ഥ' സഹകരണം ഉണ്ടായാലേ വിജയം സാധ്യമാകൂ എന്നതാണ് പ്രശ്നം.

ഒടുവില്‍ കോന്നിയും അരൂരും എ, ഐ ഗ്രൂപ്പുകള്‍ വച്ചുമാറുന്നത് സംബന്ധിച്ചും ആലോചന സജീവമാണ്.  റോബിന്‍ പീറ്ററെ മാറ്റേണ്ടി വന്നാല്‍ കോന്നി എ ഗ്രൂപ്പ് ഏറ്റെടുത്ത് മോഹന്‍രാജിനെയോ പഴകുളം മധുവിനെയോ പരിഗണിച്ചേക്കാം. അങ്ങനെ വന്നാല്‍ അരൂരില്‍ ഡി സി സി അധ്യക്ഷന്‍ എം ലിജുവിനോ എ എ ഷുക്കൂറിനോ സാധ്യതയുണ്ട്. ഇത് രണ്ടില്‍ ഒരിടത്ത് നിര്‍ബന്ധമായും ഈഴവ സ്ഥാനാര്‍ഥി വേണമെന്നതും മറ്റൊരു തലവേദനയാണ്.

എല്ലാ തര്‍ക്കവും പരിഹരിച്ച് ഇന്ന് രാത്രി തന്നെ ലിസ്റ്റ് എത്തിക്കണമെന്നാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. നാളെ വൈകിട്ട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനാണ് ആലോചന.

pala ele
Advertisment