Advertisment

പ്രവാസികളുടെ ആശങ്ക മുഴുവൻ 14 ന് ലോക്ക് ഡൗൺ കഴിഞ്ഞാലും പിന്നെന്ത് സംഭവിക്കുമെന്ന കാര്യത്തിൽ ? വിദേശത്ത് കുടുങ്ങി കിടക്കുന്ന നാട്ടുകാർക്കും നാട്ടിൽ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കും എന്ന് തിരികെയെത്താനാകും ? വിവാഹത്തിനായെത്തുന്ന പ്രവാസി മണവാളന്മാരെയും മണവാട്ടിമാരെയും ക്വാറന്റൈന് അയയ്ക്കുമോ ? കാത്തിരിക്കുന്നത് ഉത്തരങ്ങൾക്കായി !

New Update

കുവൈറ്റ്‌ :  നാട്ടിൽ നിന്ന് വെക്കേഷൻ കാലത്ത് വിദേശത്ത് എത്തിയവരും വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയവരുമൊക്കെയായി ആയിരക്കണക്കിനാളുകളാണ് വിമാനയാത്രാ നിരോധനത്തിൽ കുടുങ്ങി കിടക്കുന്നത്.

Advertisment

ഏപ്രിൽ 14 ന് അവസാനിക്കുന്ന അർധരാത്രിക്കുശേഷം ലോക്ക് ഡൗണും അവസാനിക്കുകയാണെങ്കിൽ വിമാന സർവീസുകളുടെ കാര്യത്തിൽ എന്താകും സ്ഥിതി എന്ന ആകാംഷയാണ് ഇവർക്ക്.

publive-image

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും വ്യക്തമായി ഒന്നും അറിയിച്ചിട്ടില്ല. അത് അദ്ദേഹത്തിൻറെ പരിധിയിൽ നിൽക്കുന്ന കാര്യമല്ലെന്നതാണ് യാഥാർഥ്യം.

കാരണം ഇനിയുള്ള ദിവസങ്ങളിലും ഈ മഹാമാരിയുടെ വ്യാപനത്തെ പിടിച്ചുകെട്ടുന്നതിൽ നാം എത്രകണ്ട് വിജയിക്കുക എന്നതിനെ ആശ്രയിച്ചാകും അദ്ദേഹത്തിൻറെ തീരുമാനങ്ങൾ. കൊറോണയോട് വിജയിക്കണമെങ്കിൽ സർക്കാർ മാത്രം വിചാരിച്ചാൽ പോരാ. ജനങ്ങളും കൂടി മനസ് വയ്ക്കണം.

14 നു ശേഷവും നിയന്ത്രണം ഉറപ്പ്, അതെങ്ങനെയാകും ?

അതിനാൽ തന്നെ ഇനിയുള്ള 11 ദിവസങ്ങൾ നിർണ്ണായകമാണ്. ലോക്ക് ഡൗൺ 14 ന് അവസാനിപ്പിക്കാൻ തീരുമാനിച്ചാലും ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സാഹചര്യം അനുവദിക്കില്ലെന്ന സൂചന പ്രധാനമന്ത്രിയുടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ നിലപാടുകളിലുണ്ട്.

അങ്ങനെയെങ്കിൽ ട്രെയിൻ, ബസുകൾ, വിമാനം എന്നിങ്ങനെയുള്ള പൊതുഗതാഗത സർവീസുകൾ ഉടൻ അനുവദിക്കുമോ എന്നതാണ് ചോദ്യം. സംശയമാണ്. കാരണം അത് സാമൂഹ്യ അകലം എന്ന ലക്ഷ്യത്തെ താറുമാറാക്കും.

അതിനാൽ തന്നെ പൊതുഗതാഗത സംവിധാനങ്ങൾക്ക് അൽപ്പം കൂടി ക്ഷമയോടെ ജനം കാത്തിരിക്കേണ്ടി വരുമെന്നർത്ഥം.

publive-image

കുടുങ്ങിപ്പോയവർ ഇവരൊക്കെയാണ്

പക്ഷേ, അവധിക്കുവന്ന പ്രവാസികളുടെയും, വിദേശത്തുള്ള പ്രവാസികളുടെ അടുത്തേയ്ക്ക് വെക്കേഷൻ കാലത്ത് പോയി തിരികെ വരാൻ കഴിയാതെ അവിടെ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെയും കാര്യത്തിൽ ആശങ്ക ശക്തമാണ്.

ഈസ്റ്ററിനു ശേഷമുള്ള ദിവസങ്ങളിൽ വിവാഹം ഉറപ്പിച്ച് ഏപ്രിൽ, മെയ് മാസങ്ങളിലായി തീയതി കുറിച്ച് ടിക്കറ്റും എടുത്ത് കാത്തിരിക്കുന്നവർ ഏറെയാണ്. ഏപ്രിൽ 14 നു ശേഷവും വിമാന യാത്രാ വിലക്ക് ഈ നിലയ്ക്ക് തുടർന്നാൽ അവരുടെയൊക്കെ കാര്യങ്ങൾ അവതാളത്തിലാകും.

പ്രവാസികളിൽ ചിലരെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധികൾ

അവധിയ്ക്ക് നാട്ടിലെത്തി മടങ്ങിപ്പോകാൻ കഴിയാത്തവരെ വലിയ പ്രതിസന്ധികളാണ് കാത്തിരിക്കുന്നത്. അവരൊക്കെ ജോലി ചെയ്യുന്നത് ചെറിയ കമ്പനികളിലാണെങ്കിൽ ജോലി തിരിച്ചുകിട്ടുമോ എന്ന് ഉറപ്പില്ല. ലീവ് മുഴുവൻ തീരുകയും ചെയ്യും.

സന്ദർശക വിസയിൽ വിദേശത്തു കഴിയുന്നവർക്ക് വിസ കാലാവധി കഴിഞ്ഞാൽ എത്ര പിഴ അടയ്‌ക്കേണ്ടി വരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അക്കാര്യത്തിലൊന്നും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വ്യക്തത വരുത്തിയിട്ടില്ല.

publive-image

മിക്ക പ്രവാസികളും അതാത് രാജ്യങ്ങളിൽ ബാങ്ക് വായ്പകളെടുത്ത്‌ നാട്ടിൽ ഭവന നിർമ്മാണം, വിവാഹം തുടങ്ങിയ കാര്യങ്ങൾ നടത്തിയവരാണ്. തിരികെ ചെല്ലുമ്പോൾ ജോലിയില്ലെങ്കിൽ വായ്പാ തിരിച്ചടവ് മുടങ്ങും.

മണവാളനും മണവാട്ടിക്കും ക്വാറന്റൈൻ വില്ലനാകുമോ ?

മറ്റൊരു പ്രധാന പ്രശ്നം അകത്തോട്ടാണെങ്കിലും പുറത്തേക്കാണെങ്കിലും മടങ്ങി ചെല്ലുന്ന വരെ കാത്തിരിക്കുന്ന ക്വാറന്റൈൻ ദിനങ്ങളാണ്. വിവാഹം നിശ്ചയിച്ച് ഒരാഴ്ച മുമ്പ് നാട്ടിലെത്തുന്നവരോട് 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞേ പുറത്തിറങ്ങാവൂ എന്ന് പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി.

പ്രവാസ ലോകത്തേക്ക് തിരികെ എത്തുന്നവർക്കും ജോലിയിൽ പ്രവേശിക്കാതെ നിരീക്ഷണ ക്യാംപുകളിൽ കഴിയേണ്ടി വരുമോ, സ്വയം ക്വാറന്റൈന് വിധേയമാകേണ്ടി വരുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.

വിമാന സർവീസുകൾ ഈ മാസം ആരംഭിച്ചാൽ തന്നെയും യു എസ്, ചൈന, ഇറ്റലി, യു കെ, സ്‌പെയിൻ എന്നിങ്ങനെ കൊറോണ വ്യാപനം ശക്തമായ രാജ്യങ്ങളിലേക്ക് നിരോധനം തുടരാനാണ് സാധ്യത.

corona world corona kuwait
Advertisment