Advertisment

മാണിയോടുള്ള സമ്മേളന നയം ഇ പി ജയരാജന്‍ മുന്നേ പറഞ്ഞു. മനോരമ ഇടപെട്ടപ്പോള്‍ കേന്ദ്രത്തിലേക്കൊരു ഇ മെയില്‍ അയച്ച് വി എസും കളം ലൈവാക്കി. കാനത്തെയും വി എസിനെയും അപ്പുറം ഇപ്പുറമിരുത്തി മാണി നാളെ സിപിഎം സമ്മേളനത്തെ അഭിസംബോധന ചെയ്യും. ശേഷം കേരള രാഷ്ട്രീയത്തില്‍ ... ?

New Update

തൃശൂര്‍:  കേരളാ കോണ്‍ഗ്രസ്-(എം) ചെയര്‍മാന്‍ കെ എം മാണി സി പി എം സംസ്ഥാന സമ്മേളനത്തിലെ സെമിനാറില്‍ പങ്കെടുക്കാന്‍ നാളെ ഉച്ചയ്ക്ക് തൃശൂരിലെത്തും. സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിവസമായ നാളെ വൈകിട്ട് 'കേരളം ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിലാണ് കെ എം മാണി പ്രസംഗിക്കുക.

Advertisment

മാണി സി പി എം സമ്മേളന വേദിയില്‍ എത്തുന്നത് നടാടെയല്ലെങ്കിലും ഇത്തവണത്തെ മാണിയുടെ സമ്മേളന സാന്നിധ്യത്തിന് പ്രത്യേകതയുണ്ട്. 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കെ എം മാണിയുടെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെയും ഇടത് മുന്നണി പ്രവേശനം സി പി എം ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തിലാണ് മാണി പങ്കെടുക്കുക.

മാണിയുടെ മുന്നണി പ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനും പങ്കെടുക്കുന്ന അതേ വേദിയില്‍ തന്നെയാണ് കെ എം മാണിയെയും പ്രാസംഗികനായി സി പി എം ക്ഷണിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധേയം.

publive-image

മറ്റൊരു പ്രത്യേകതയുമുണ്ട് നാളത്തെ ദിവസത്തിന്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ എം മാണിയെ അന്നത്തെ പ്രതിപക്ഷം അതിശക്തമായി പ്രതിരോധിച്ച ബാര്‍ കോഴക്കേസ് സി ബി ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ഹി നാളെ സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

വിജിലന്‍സ് ഒരിക്കല്‍ അന്വേഷണവും രണ്ടു തവണ പുനരന്വേഷണവും നടത്തി തള്ളിയ കേസാണെന്നതിനാല്‍ ഈ ഹര്‍ജിക്ക് അത്ര പ്രാധാന്യം കല്‍പ്പിക്കാനില്ലെങ്കിലും മാണിയുടെ സമ്മേളന സാന്നിധ്യത്തെയും സുപ്രീം കോടതിയിലെ ഹര്‍ജിയെയും നാളെ ഒരു ദിവസത്തെക്കെങ്കിലും വിവാദമാക്കാന്‍ ആഗ്രഹിക്കുന്ന മനോരമ പോലുള്ളവര്‍ക്ക് അതൊരു ആശ്വാസത്തിനുള്ള വകയാണ്.

കെ എം മാണിയുടെ പാര്‍ട്ടിയും സി പി എമ്മും തമ്മില്‍ 82 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഇടത് മുന്നണിയില്‍ നിന്നും വിട്ടുപോന്ന ശേഷം നേരിട്ട് ഏറ്റുമുട്ടല്‍ നടന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബാര്‍ കോഴ വിവാദത്തില്‍ മാത്രമാണ്. അതിനുമുമ്പും അതിനു ശേഷവും മാണിയും സി പി എമ്മും പരസ്പരം മൃദുസമീപനം കൈക്കൊണ്ടവരാണ്.

സി പി എമ്മില്‍ നിന്നുകൊണ്ട് വി എസ് അച്യുതാനന്ദന്‍ മാണിയെ പരസ്യമായി തള്ളിപ്പറയുമ്പോഴും പിണറായി വിജയനോ കോടിയേരിയോ സി പി എമ്മിലെ മറ്റേതെങ്കിലും നേതാവോ അതിനൊപ്പം നിന്ന് മാണിയെ തള്ളിപ്പറഞ്ഞിട്ടില്ല.

publive-image

എന്ന് മാത്രമല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാണി ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ സ്പീക്കറുടെ കസേരയെടുത്ത് കൂട്ടുകാരെയും കൂട്ടി ഡയസില്‍ നിന്നും തള്ളി താഴെയിട്ട ഇ പി ജയരാജന്‍ സമ്മേളന നഗരിയില്‍ നിന്നുകൊണ്ട് മാണിയെ വാനോളം പുകഴ്ത്തുകയും ചെയ്തു.

മാണി കേരളത്തില്‍ ഏറ്റവും വിപുലമായ ജനകീയ അടിത്തറയുള്ള നേതാവാണെന്നായിരുന്നു ജയരാജന്‍റെ വാക്കുകള്‍. നടന്നുവരുന്ന സംസ്ഥാന സമ്മേളനത്തിന് മാണിയോടുള്ള നയമാണ് ജയരാജന്റെ വാക്കുകള്‍. അതിനെ പ്രതിരോധിക്കാനാണ് ഇന്നലെ വൈകിട്ട് മനോരമ പ്രതിനിധിയുടെ പ്രേരണ കൊണ്ട് വി എസ് അച്യുതാനന്ദന്‍ മാണിയ്ക്കെതിരെ സി പി എം കേന്ദ്ര നേതൃത്വത്തിന് ഒരു കത്തയപ്പിച്ചത്.

അത് ഇ മെയില്‍ സന്ദേശമായിരുന്നതിനാലാകാം ചോര്‍ന്ന് ഇന്ന് രാവിലെ ചാനലുകള്‍ക്കൊക്കെ ലഭ്യമായി. സി പി എം കേന്ദ്ര നേതൃത്വത്തിലുള്ളവരൊക്കെ ത്രുശൂരിലോ തൃശൂരിലേക്ക് വരാന്‍ ഫ്ലൈറ്റിലോ ഇരിക്കുമ്പോഴായിരുന്നു സമ്മേളന ഒരുക്കങ്ങളും മാണിയെ മുന്നണിയിലെടുക്കാനുള്ള ചര്‍ച്ചകളും തുടങ്ങിയിട്ട് മാസങ്ങളായിട്ടും അന്നൊന്നും അയയ്ക്കാതിരുന്ന കത്ത് ഇന്നലെ രാത്രി തിരക്കിട്ട് വി എസ് അയച്ചത്. എന്തായാലും കത്തിന്റെ ലക്‌ഷ്യം രാവിലെ ചാനലുകള്‍ നിറവേറ്റി.

publive-image

സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍ വി എസ് എത്ര കത്തുകള്‍ ആര്‍ക്കൊക്കെ അയച്ചാലും ചര്‍ച്ച ചെയ്യുകയും തീരുമാനം കൈക്കൊള്ളുകയും ചെയ്യും. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് കെ എം മാണി ഇന്ന് സി പി എം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുക. അതിശക്തമായ ഒരു രാഷ്ട്രീയ മാറ്റങ്ങള്‍ക്കുള്ള നാന്ദിയാകുമോ ഈ സെമിനാറിലെ മാണിയുടെ സാന്നിധ്യവും സമ്മേളനവും എന്നതൊക്കെ കാത്തിരുന്നു കാണേണ്ടതാണ്.

എന്തായാലും സംസ്ഥാന സമ്മേളനം മാണിയെ മുന്നണിയിലെടുക്കാന്‍ തീരുമാനം കൈക്കൊള്ളില്ലെന്ന് ഉറപ്പാണ്. വേണ്ടെന്ന് തീരുമാനിക്കില്ലെന്നതും മൂന്ന്‍ തരം. അത്തരം തീരുമാനങ്ങള്‍ ഒന്നോ രണ്ടോ മാസങ്ങള്‍ക്കകം കേരളം വീണ്ടും ചര്‍ച്ച ചെയ്യും. വി എസിന്റെയും കാനത്തിന്റെയും ആശങ്കകള്‍ക്ക് വലിയ അടിസ്ഥാനമൊന്നുമില്ലെന്ന് അന്ന് രാഷ്ട്രീയ കേരളം തിരിച്ചറിയുമോ എന്നാണ് അറിയേണ്ടത്.

 

km mani pinarayivijayan kanam
Advertisment