ദീപാ നിശാന്ത് മാര്‍ക്കറ്റ് ചെയ്യപ്പെട്ടത് വരുന്ന തെരഞ്ഞെടുപ്പിനുവേണ്ടി ? പക്ഷേ, കവിതാ മോഷണം വെറുക്കപ്പെട്ട മുഖമാക്കി മാറ്റി !

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, December 6, 2018

തൃശൂര്‍:  മധ്യകേരളത്തില്‍ ഇടതുപക്ഷം വേണ്ടുവോളം പ്രോത്സാഹിപ്പിച്ച നവമാധ്യമ മുഖമായിരുന്നു ദീപാ നിശാന്ത്.  സമൂഹത്തിലും നവമാദ്ധ്യമങ്ങളിലുമായി നടത്തിയ ജനകീയ ഇടപെടലാണ് ദീപയെ പ്രശസ്തയാക്കിയത്.  വിദ്യാഭ്യാസവും സൌന്ദര്യവും പ്രതിശ്ചായയും ഈ യുവ എഴുത്തുകാരിയെ അതിവേഗം ജനമനസുകളിലേക്ക് ആനയിച്ചു.

വരും നാളുകളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടംപിടിക്കേണ്ട സ്ഥാനാര്‍ഥി പട്ടികയില്‍ പ്രഥമ സ്ഥാനത്തായിരുന്നു ദീപയുടെ സ്ഥാനം. പക്ഷേ, എസ് കലേഷിന്റെ കവിത മോഷ്ടിച്ചെന്ന ആരോപണം പുറത്തുവന്നതോടെ അത് ദീപയ്ക്ക് മാത്രമല്ല, മേഖലയിലെ ഇടതുപക്ഷ മുന്നേറ്റത്തിനും കനത്ത ആഘാതമായിരിക്കുകയാണ്.

ഒരു അധ്യാപികയായ എഴുത്തുകാരിയുടെ സൃഷ്ടി കോപ്പിയാണെന്ന് തിരിച്ചറിയപ്പെടുമ്പോള്‍ ഉണ്ടാകുന്ന സാംസ്കാരിക ദുരന്തമാണ് ദീപയുടെ കാര്യത്തില്‍ സംഭവിച്ചത്.  ഇനി അവരെങ്ങനെ കുട്ടികളെ പഠിപ്പിക്കും എന്ന ചോദ്യമാണ് അവര്‍ ജോലി നോക്കുന്ന കേരള വര്‍മ്മ കോളേജ് അധികൃതര്‍ ഉന്നയിച്ചിരിക്കുന്നത്. നടപടിയും ഉറപ്പായി.

അതിലേറെ നഷ്ടം ‘ദീപാ നിശാന്ത്’ എന്ന് മാര്‍ക്കറ്റ് ചെയ്യപ്പെട്ട എഴുത്തുകാരിയായ അധ്യാപികയിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തട്ടിത്തെറിപ്പിക്കപ്പെട്ടു എന്നതാണ്.  ഒരാഴ്ച മുമ്പത്തെ സ്ഥിതിയില്‍ വിജയം ഉറപ്പുള്ള സ്ഥാനാര്‍ഥിയായിരുന്നു ദീപാ നിശാന്ത്. പക്ഷേ, എത്ര പെട്ടെന്നാണ് അവര്‍ വെറുക്കപ്പെട്ട മുഖമായി മാറിയത് !

ദീപയോ അവരെ ആനയിച്ചവരോ ഇപ്പോള്‍ ഏറെ നിരാശരാക്കപ്പെട്ടതും ആ രാഷ്ട്രീയ സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞതിന്റെ പേരിലാണ്.

×