അമ്മയുടെ ക്രൂര മർദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരിച്ചു. മരണകാരണം തലച്ചോറിനേറ്റ ഗുരുതര പരുക്ക്

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, April 19, 2019

കൊച്ചി:  എറണാകുളം ഏലൂരില്‍ അമ്മയുടെ ക്രൂര മർദ്ദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് മരണകാരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ മാതാവ് ജാര്‍ഖണ്ഡ് സ്വദേശിനി ഹെന (28) യെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളാണു ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പരുക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന കാര്യം വലിയ വെല്ലുവിളിയാണെന്ന് കോട്ടയം മെഡിക്കൽ കോളജിൽ നിന്നെത്തിയ മൂന്നംഗ വിദഗ്ധ വൈദ്യ സംഘം ഇന്നലെ വിലയിരുത്തിയിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്നു വയസുള്ള മകനെ ബുധനാഴ്ച ഉച്ചയ്ക്ക് 1.45 നാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്‍റെ ശരീരത്തില്‍ മർദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്‍റെ അമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് കണ്ടെത്തിയത്.

ഏണിപ്പടിയിൽ നിന്നു വീണു പരുക്കേറ്റുവെന്നാണ് ആശുപത്രിയിൽ ആദ്യം രക്ഷിതാക്കൾ പറഞ്ഞിരുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ, അനുസരണക്കേടു കാട്ടിയതിനു തല്ലിയെന്നാണ് അമ്മ പറഞ്ഞത്. ശരീരത്തിന്റെ പല ഭാഗത്തും മർദനമേറ്റ പാടുകളുണ്ട്. തലയ്ക്കകത്തു രക്തസ്രാവമുണ്ടായി.

പിൻഭാഗത്ത് ചട്ടുകമോ മറ്റോ വച്ച് പൊള്ളിച്ചിട്ടുണ്ട്. കുട്ടിയും അമ്മയും ജാർഖണ്ഡിൽനിന്നു കേരളത്തിൽ എത്തിയതു രണ്ടാഴ്ച മുൻപു മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി സ്വകാര്യ കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്ററായി ഒരു വർഷമായി ഇവിടെയുണ്ട്.

×