Advertisment

പരിസ്ഥിതിദിനാഘോഷം വ്യത്യസ്‌തമാക്കാനൊരുങ്ങി കെ സി വൈ എം

New Update

ജൂണ്‍ 5, ലോക പരിസ്ഥിതി ദിനം. ലോകമെമ്പാടും പരിസ്ഥിതി ദിനം വിവിധനതരത്തില്‍ ആഘോഷിക്കുവാനുള്ള മുന്നൊരുക്കങ്ങളിലാണ്‌. പതിവുപോലെ വൃക്ഷ തൈകള്‍ നട്ടും, ശുചീകരണം നടത്തിയും പരിസ്ഥിതി ദിനം വീണ്ടും ആഘോഷിക്കുവാന്‍ മറ്റുള്ളവര്‍ തയ്യാറെടുക്കുമ്പോള്‍, അവരില്‍ നിന്നൊക്കെ വ്യത്യസ്‌തമായി ഈ ദിനം മാതൃകാപരമായി ആഘോഷിക്കുവാനുള്ള കഠിന ശ്രമത്തിലാണ്‌ കേരള കാത്തലിക്‌ യൂത്ത്‌ മൂവ്‌മെന്റ്‌ സംസ്ഥാന സമിതി പ്രവര്‍ത്തകര്‍.

Advertisment

ഫാസ്റ്റ്‌ ഫുഡ്‌, ബോട്ടില്‍ഡ്‌ ട്രിങ്ക്‌സ്‌ സംസ്‌കാരത്തിന്‌ മലയാളി കീഴടങ്ങിയപ്പോള്‍ കേരളത്തില്‍ നിര്‍മ്മാര്‍ജനം ചെയ്യാന്‍ കഴിയാത്ത നാടെങ്ങും കുന്നുകൂടുന്ന ഒരുവസ്‌തുവായി മാറി പ്ലാസ്റ്റിക്‌. പരിസ്ഥിതി ദിനത്തില്‍ ശുചീകരണമെന്ന പേരില്‍ പലയിടത്തും ചില ശുചീകരണ പ്രഹസനങ്ങളും ബോധവത്‌കരണങ്ങളും നടത്തുന്നത്‌ പതിവ്‌ കാഴ്‌ചയാണ്‌. പക്ഷെ മിക്കപ്പോഴും ഈ പരിപാടികളൊക്കെ ഒറ്റ ദിവസത്തെ വെറുമൊരു പരിപാടിയായി മാത്രം ഒതുങ്ങുകയാണ്‌ പതിവ്‌.

കേരളത്തില്‍ ഒരു ദിവസം പുറന്തള്ളുന്നത്‌ ഏകദേശം 10000 ടണ്‍ മാലിന്യമാണ്‌. ഇതില്‍ പകുതി അളവ്‌ മാലിന്യം മാത്രമാണ്‌ കൃത്യമായി സംസ്‌കരിക്കപ്പെടുന്നത്‌. ഈ മാലിന്യത്തില്‍ കൂടുതല്‍ അളവും പ്ലാസ്റ്റിക്‌ തന്നെയാണ്‌. പലപ്പോഴും പലയിടങ്ങളിലും പ്ലാസ്റ്റിക്‌ നിര്‍മാര്‍ജനം ഒരു ഉത്തരം കിട്ടാത്ത ചോദ്യമാണ്‌.

ഈ പ്രശ്‌നത്തിന്‌ ഒരു പരിഹാരമായി ആദ്യപടി എന്നപോലെ, പരിസ്ഥിതി ദിനത്തില്‍ കെ സി വൈ എം സംസ്ഥാന സമിതി യുവജനങ്ങള്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തുകയാണ്‌. കെ സി വൈ എം സംസ്ഥാന സമിതിയുടെ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി പ്രാരംഭ ഘട്ടമെന്ന നിലയില്‍ പ്ലാസ്റ്റിക്‌ വിമുക്ത കേരളമാക്കുകയാണ്‌ ഇവരുടെ ലക്ഷ്യം.

ഈ പദ്ധതി പരിസ്ഥിതി ദിനത്തില്‍ ആദ്യമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്‌ ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഇടവകയിലാണ്‌. ഇതിന്റെ ഭാഗമായി കാറളം ഇടവകയിലെ വീടുകളില്‍ നിന്നും പൊതു സ്ഥാപനങ്ങളില്‍ നിന്നും ദേവാലയങ്ങളില്‍ നിന്നും പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങള്‍ ശേഖരിക്കുകയാണ്‌ കെ സി വൈ എം യുവജനങ്ങള്‍.

ജൂണ്‍ 2 മുതല്‍ വിവിധ ഇടവകകളില്‍ നിന്ന്‌ ശേഖരിച്ച പ്ലാസ്റ്റിക്‌ കുപ്പികള്‍ പരിസ്ഥിതി ദിനത്തില്‍ കാറളം മാലിന്യ സംസ്‌കരണ പ്ലാന്റിന്‌ കൈമാറിയാണ്‌ കെ. സി വൈ എം പരിസ്ഥിതി ദിനാഘോഷം വ്യത്യസ്‌തമാക്കാന്‍ ശ്രമിക്കുന്നത്‌. കൂടാതെ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്‌കരിക്കുന്നതിനെപ്പറ്റി ബോധവത്‌കരണ ക്ലാസ്സുകളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്‌.

പ്ലാസ്റ്റിക്‌ എന്ന വിപത്തിനെ സമൂഹത്തില്‍ നിന്ന്‌ ഒരു പരിധി വരെ നിര്‍മാര്‍ജനം ചെയ്യാന്‍ ഈ യുവജന കൂട്ടായ്‌മ ഒരു മാതൃകാപരമായ തുടക്കം കുറിക്കുകയാണ്‌ ഈ ശുചിത്വ യജ്ഞപദ്ധതിയിലൂടെ. അതോടൊപ്പം തന്നെ കേരളത്തിലെ 10 ദേവാലയങ്ങളിലെങ്കിലും ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കുന്ന തരത്തിലേക്ക്‌ എത്തിക്കാനുള്ള പ്രയത്‌നത്തിലാണ്‌ കെ സി വൈ എം സംസ്ഥാന സമിതിയെന്ന്‌ സംസ്ഥാന അദ്ധ്യക്ഷന്‍ സിറിയക്‌ ചാഴികാടന്‍ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണത്തില്‍ യുവജനങ്ങളുടെ പങ്ക്‌ ഇനിയുള്ള തലമുറക്ക്‌ കാട്ടികൊടുക്കുകയാണ്‌ കെ സി വൈ എം സംസ്ഥാന സമിതി യുവജനങ്ങള്‍.

Advertisment