Advertisment

കാസയും പീലാസയും ഏന്തേണ്ട കൈകള്‍കൊണ്ട് വ്യാജരേഖ ചമയ്ക്കുകയും സമരം ചെയ്യുകയും ചെയ്ത വൈദികര്‍ വീണ്ടും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനെതിരെ വിശ്വാസി കൂട്ടായ്മകള്‍ ! വരും തലമുറയുടെ വിശ്വാസം നശിപ്പിക്കുന്ന നടപടികള്‍ അംഗീകരിക്കരുതെന്ന് ആവശ്യം ! നിര്‍ഗുണരായി മാറിയ അല്‍മായ സംഘടനാ നേതൃത്വത്തിനെതിരെയും പ്രതിഷേധം ഇരമ്പുന്നു !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:   ദിവ്യകാരുണ്യ നാഥന് മുമ്പില്‍ യേശുവിന്റെ ശരീരവും തിരുരക്തവും വഹിക്കുന്ന കാസയും പീലാസയും ഉയര്‍ത്തേണ്ട കൈകള്‍ കൊണ്ട് സഭാ പിതാവിനെതിരെ വ്യാജരേഖ ചമയ്ക്കുകയും ക്രിമിനല്‍ കേസ് പ്രതികളെ സംരക്ഷിക്കാന്‍ സമരം നടത്തുകയും ചെയ്യുന്ന വിമത വൈദികരെ വീണ്ടും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അനുവദിക്കുന്ന സഭാ നേതൃത്വത്തിന്റെ നിലപാടിനെതിരെ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ഇരമ്പുന്നു.

Advertisment

അതിരൂപതാ ആസ്ഥാനത്ത് കര്‍ദ്ദിനാളിനെതിരെ സമരം നടത്തി സഭാ വിരുദ്ധ ശക്തികള്‍ക്കും സാത്താന്‍ സേവകര്‍ക്ക് പോലും അത് ആഘോഷിക്കാന്‍ മനപ്പൂര്‍വ്വം അവസരമൊരുക്കിയ വിമത വൈദികര്‍ ഇനിയും സഭാപരമായ പരി: കര്‍മ്മങ്ങളില്‍ കാര്‍മ്മികരായി വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിശ്വാസികളുടെ നിലപാട്.

publive-image

വരും തലമുറയുടെ വിശ്വാസ ബോധ്യങ്ങളെ തന്നെ ഹാനികരമായി ബാധിക്കുന്ന വിധം പ്രവര്‍ത്തിച്ച വൈദികരുമായി ഒത്തുതീര്‍പ്പ്‌ ചര്‍ച്ച നടത്തുന്നതും അവരെ ഇടവക ജനത്തെ ഭരിക്കാന്‍ അനുവദിക്കുന്നതും തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് വീണ്ടും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അനുവദിക്കുന്നതും അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിശ്വാസികള്‍. വിമതരുമായി ചര്‍ച്ചയല്ല വേണ്ടത്, ഇവരെ തിരുപ്പട്ടത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടതെന്നാണ് സഭയിലെ പൊതുവികാരം.

വിശ്വാസികള്‍ക്കിടയില്‍ പ്രശസ്തനായിരുന്ന ധ്യാനഗുരു ഉള്‍പ്പെടെയാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. ദൈവഗുണമോ ആത്മീയ ചൈതന്യമോ ഉള്ള ഭാഷയും പ്രതികരണവുമല്ല തുടര്‍ച്ചയായി വിമത വൈദികരില്‍ നിന്നും ഉണ്ടാകുന്നതെന്നും വിശ്വാസികള്‍ ആരോപിക്കുന്നു.

ഇതിനെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തിറങ്ങാനാണ് വിശ്വാസി കൂട്ടായ്മകള്‍ ആലോചിക്കുന്നത്. അതിനിടെ സഭയില്‍ നടമാടുന്ന വിശ്വാസരഹിത നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാനോ ക്രിയാത്മകമായി ഇടപെടാനോ കഴിയുന്നില്ലെന്ന ആരോപണം നേരിടുന്ന അല്‍മായ സംഘടനകളായ കെ സി വൈ എം, എ കെ സി സി എന്നീ സംഘടനകളുടെ നേതൃത്വത്തിനെതിരെയും വിമര്‍ശനം ശക്തമാണ്.

publive-image

ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ ശേഷിയും ശക്തിയും നേതൃഗുണവുമില്ലാത്ത ആളുകളെ ഇത്തരം സംഘടനകളുടെ തലപ്പത്ത് കൊണ്ടിരുത്തിയതാണ് സഭയുടെ ശാപമെന്ന നിലയിലാണ് എ കെ സി സി, കെ സി വൈ എം സംഘടനകള്‍ക്കെതിരായ വിമര്‍ശനം. അല്‍മായ സംഘടനകളുടെ വിവിധ ഫോറങ്ങളില്‍ ഇപ്പോഴും അടയിരിക്കുന്നത് വൈദികരുടെയും ബിഷപ്പുമാരുടെയും ളോഹ താണ്ടികളാണെന്നാണ്‌ വിമര്‍ശനം.

നേതൃഗുണവും നേതൃശേഷിയുള്ളവരെ ഇത്തരം സംഘടനകളുടെ നേതൃത്വങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കാതിരുന്ന സഭാ നേതൃത്വം അതിന്റെയൊക്കെ തിക്ത ഫലങ്ങളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

സഭാ നേതൃത്വത്തിനെതിരെ വിരലിലെണ്ണാവുന്ന ചിലര്‍ സഭാ / വിശ്വാസ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയിട്ടും നട്ടെല്ലുയര്‍ത്തി നില്‍ക്കാനും അവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കാനും തിരുത്തല്‍ ശക്തികളായി മാറാനും ഇത്തരം നേതൃത്വങ്ങള്‍ക്ക് കഴിയാതെ വരുന്നതാണ് സഭയിലെ അല്‍മായ സംഘടനകള്‍ നേരിടുന്ന പ്രതിസന്ധി.  ഈ സംഘടനകളെ ഇത്തരത്തില്‍ നിര്‍ജ്ജീവമാക്കി മാറ്റിയതില്‍ സഭാ നേതൃത്വത്തിനും പങ്കുണ്ട്.

publive-image

തൊടുപുഴ സ്വദേശിയും ഇത്തരം ഒരു ഉന്നത പദവിയില്‍ പേര് പരാമര്‍ശിക്കാന്‍ പോലും യോഗ്യതയില്ലാത്ത ഒരു അഭിഭാഷകനാണ് അഖില കേരളാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ തലപ്പത്ത്.  കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ തിളങ്ങിയ യുവ നേതാവാണ്‌ കെ സി വൈ എമ്മിനെ നയിക്കുന്നതെങ്കിലും ആത്മീയ സംഘടനയുടെ നേതൃത്വത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.

ഏതോ രൂപതയില്‍ എ കെ സി സിയുടെ രൂപതാ പ്രസിഡന്റായി 5 കൊല്ലം 'സേവനം' ചെയ്ത് ബിഷപ്പിന്റെ പിന്നാലെ നടന്ന അല്മായന് ഷെവലിയര്‍ 'പുരസ്കാരം' നല്കിയതൊക്കെയാണ് സഭയുടെ സമീപകാല ചരിത്രം. ഇത്തരം രണ്ടുംകെട്ട നേതൃത്വങ്ങളാണ് കത്തോലിക്കാ സഭയിലെ ശുഷ്കമായ അല്‍മായ നേതൃപദവികളില്‍ കയറിക്കൂടിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഇത്തരം സംഘടനകളെ മാറ്റി നിര്‍ത്തി തന്നെ സഭാ വിരുദ്ധര്‍ക്കെതിരെ രംഗത്ത് വരാനുള്ള ആഹ്വാനങ്ങളാണ് ഇന്ത്യന്‍ കാത്തലിക് ഫോറം പോലുള്ള പുത്തന്‍  അല്‍മായ കൂട്ടുകെട്ടുകളുടെ പ്രവാസി യൂണിറ്റുകളില്‍ നിന്നുപോലും ഉയരുന്നത്.

alanchery
Advertisment