Advertisment

വർക്കല എസ് ആർ മെഡിക്കൽ കോളേജ്: വിദഗ്ധ സമിതി റിപ്പോർട്ട് മാനേജ്മെന്റിന്റെ താൽപര്യ സംരക്ഷണത്തിനു വേണ്ടി: ഫ്രറ്റേണിറ്റി മൂവ്മെന്റ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  വർക്കല എസ്. ആർ മെഡിക്കൽ കോളേജിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് ആരോഗ്യ സർവ്വകലാശാല വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് മാനേജ്മെന്റിന്റെ താൽപര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

Advertisment

കഴിഞ്ഞ കുറെ നാളുകളായി എസ്.ആർ മെഡിക്കൽ കോളെജിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളും വിദ്യാർഥി സമരങ്ങളും ഗൗരവത്തിൽ പരിഗണിക്കാൻ സമിതി തയ്യാറായിട്ടില്ല. വിദ്യാർത്ഥികൾ ഉന്നയിച്ചിരുന്ന വിഷയങ്ങൾക്ക് പരിഹാരമോ നിർദ്ദേശങ്ങളോ വിദഗ്ധസമിതി മുന്നോട്ട് വെക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.

വ്യാജ രോഗികളെ ഹോസ്പിറ്റലിൽ ഇറക്കിയതിനെ കുറിച്ചോ ഡോക്ടർമാരുടെ അസാന്നിധ്യത്തെക്കുറിച്ചോ വിദഗ്ധസമിതിയുടെ റിപ്പോർട്ട് പരാമർശങ്ങൾ കാണുന്നില്ല. വിദ്യാർത്ഥികളുടെ ഭാവിയെ സംബന്ധിച്ചുള്ള യാതൊരു നിർദ്ദേശവും റിപ്പോർട്ടിലില്ല. അവർക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് മാറുന്നതിനുള്ള സാധ്യതയെ കുറിച്ച് അധികൃതരുടെ മൗനം അപലനീയമാണ്.

സ്ഥാപനത്തെ സംബന്ധിച്ച് ചില പോരായ്മകൾ ഉണ്ട് എന്ന് അഭിപ്രായം മാത്രമാണ് സമിതി അധ്യക്ഷൻ യു. നളിനാക്ഷൻ പറഞ്ഞത്. പഠനാന്തരീക്ഷം ഇല്ല എന്ന പരാമർശത്തിനപ്പുറം കൂടുതൽ നിരീക്ഷണങ്ങൾ റിപ്പോർട്ടിൽ ചേർക്കാതിരുന്നത് മാനേജ്മെന്റിനെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.

വിദ്യാർത്ഥികളുടെ ഭാവിയെ കൂടുതൽ അനിശ്ചിതത്വത്തിൽ ആക്കുന്ന ഒന്ന് മാത്രമാണ് ആരോഗ്യ സർവ്വകലാശാലയുടെ ഈ റിപ്പോർട്ട്. സർക്കാർ വിഷയത്തിൽ അടിയന്തരമായ ഇടപെടൽ നടത്തുകയും റിപ്പോർട്ട് പുനഃപരിശോധിക്കാൻ സർവകലാശാലയോട് നിർദേശം നൽകുകയും വേണം.

കോളേജിലെ അക്കാഡമിക അന്തരീക്ഷം മെച്ചപ്പെടുത്താൻ മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകുമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു. ജില്ലാ പ്രസിഡൻറ് ആദിൽ അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. നബീൽ പാലോട്, രഞ്ജിനി, ഹന്ന ഫാത്തിമ, മുനീബ്, അൽ മയൂഫ് തുടങ്ങിയവർ സംസാരിച്ചു.

Advertisment