Advertisment

അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ശ്രദ്ധ നേടിയ ജേക്കബ്ബ് തോമസിന്റെ സസ്പെന്‍ഷന്‍ വമ്പന്‍ അഴിമതി കേസില്‍ ? അഴിമതി വിരുധന്റെ അനധികൃത സമ്പാദ്യം കേരളത്തിന് പുറത്തുമാത്രം 200 ഏക്കര്‍. തട്ടിപ്പ് മറയ്ക്കാന്‍ മാണിയെയും ബാബുവിനെയും കെ എം എബ്രാഹത്തെയും അറസ്റ്റ് ചെയ്ത് ഹീറോയാകാന്‍ ശ്രമിച്ചതിന്റെ വിവരങ്ങളും പുറത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാധ്യമ ശ്രദ്ധ നേടിയ അഴിമതി വിരുദ്ധ പോരാട്ടം നടത്തിയ ഉദ്യോഗസ്ഥന്‍ ഡി ജി പി (സസ്പെന്‍ഷന്‍) ജേക്കബ്ബ് തോമസായിരുന്നു.  എന്നാല്‍ ഇപ്പോള്‍ സര്‍വ്വീസിലെ തുടര്‍ച്ചയായ മൂന്നാമത്തെ സസ്പെന്‍ഷന്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത് അഴിമതി കേസിലാണ്.

Advertisment

publive-image

ഒരു വര്‍ഷം മുമ്പുവരെ അദ്ദേഹം തന്നെ മേധാവിയായിരുന്ന വിജിലന്‍സിന്റെ പക്കലുള്ള വിവരങ്ങള്‍ പ്രകാരം കേരളം കണ്ട ഏറ്റവും വലിയ അഴിമതി വീരനായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ജേക്കബ്ബ് തോമസ്‌.  അദ്ദേഹത്തിന്‍റെ അഴിമതി കഥകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നിരിക്കുന്നത് അദ്ദേഹം തന്നെ ജനകീയ സര്‍ക്കാരെന്ന് വിശേഷിപ്പിച്ച പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പാണ്.

അതിനാല്‍ തന്നെ ഈ കണ്ടെത്തലുകളെയും നടപടികളെയും വൈരാഗ്യം തീര്‍ക്കലായോ മനപൂര്‍വ്വമുള്ളതായോ വിശേഷിപ്പിക്കാന്‍ ജേക്കബ്ബ് തോമസിനും കഴിയില്ല.

publive-image

തുറമുഖ വകുപ്പില്‍ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ കോടികളുടെ അഴിമതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ സസ്പെന്‍ഷന്‍.  ഈ അഴിമതി ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത് കണ്ണൂരുകാരനായ പൊതുപ്രവര്‍ത്തകന്‍ സത്യന്‍ നരവൂരായിരുന്നു.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തനിക്കെതിരെ പരാതിയുമായി രംഗത്ത് വന്ന സത്യനെ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ വിജിലന്‍സ് ഡയക്ടറായ ജേക്കബ്ബ് തോമസ്‌ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു.

പക്ഷേ, സത്യന്‍ പോരാട്ടം നിര്‍ത്തിയില്ല. ഒരു കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പേരിലായിരുന്നു സത്യനെതിരെ ജേക്കബ്ബ് തോമസിന്റെ വിജിലന്‍സ് കേസെടുത്തത്. അത് കള്ളക്കേസാണെന്ന് തെളിഞ്ഞു.

publive-image

സ്വന്തം അഴിമതി കഥകള്‍ മറച്ചുവയ്ക്കാനാണ് ജേക്കബ്ബ് തോമസ്‌ മറ്റ്‌ പലര്‍ക്കുമെതിരെ അഴിമതി കേസുകള്‍ പ്രചരിപ്പിക്കുകയും കേസെടുക്കുകയും ചെയ്യുന്നതെന്ന ആരോപണം മുമ്പേയുണ്ട്.  ഇതിലൂടെ അഴിമതിക്കെതിരെയുള്ള വലിയ പോരാട്ടമാണ് താന്‍ നടത്തുന്നതെന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാനായിരുന്നു ജേക്കബ്ബ് തോമസിന്റെ ശ്രമം. ഇതിന് മിക്ക മാധ്യമങ്ങളും വ്യാപകമായ പിന്തുണ നല്‍കി.

അതിലൂടെ ജേക്കബ്ബ് തോമസിനെതിരായ കേസുകള്‍ക്ക് വാര്‍ത്താ പ്രാധാന്യം കിട്ടിയില്ല. തുറമുഖ ട്രസ്റ്റില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും ഡ്രഡ്ജര്‍ വാങ്ങിയതിലുമായി കോടികളുടെ ആരോപണമാണ് 10 കേസുകളിലായി നിലവിലുള്ളത്. ഡി വൈ എസ് പി ബി കൃഷ്ണകുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ . അതിലൊരു കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സസ്പെന്‍ഷന്‍.

publive-image

അനധികൃത സമ്പാദ്യം സംബന്ധിച്ച് അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തിന് പുറത്ത് കര്‍ണ്ണാടകയിലെ കുടകില്‍ 151 ഏക്കറും തമിഴ്നാട്ടിലെ രാജപാളയത്ത് 50 ഏക്കറും സ്ഥലമുണ്ട്.  ഇത് രണ്ടും സര്‍വീസിലിരിക്കെ സമ്പാദിച്ചതാണ്.

സ്വത്ത് വെളിപ്പെടുത്തി സര്‍ക്കാരിന് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ തമിഴ്നാട്ടിലെ 50 എക്കറിനെപ്പറ്റി വിവരങ്ങള്‍ ഇല്ലായിരുന്നു. കര്‍ണ്ണാടകയില്‍ ബഹുകോടികള്‍ വിലയുള്ള 150 ഏക്കര്‍ വാങ്ങുന്നതിനുള്ള വരുമാനത്തിന്റെ ഉറവിടവും വെളിപ്പെടുത്തിയിരുന്നില്ല.

ഈ ആരോപണങ്ങള്‍ അനധികൃത സമ്പാദ്യം അന്വേഷിക്കുന്ന ഐ ടി വിഭാഗത്തിന്‍റെ അന്വേഷണ പരിധിയിലുണ്ട്. കേരളത്തില്‍ മറ്റൊരു ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥനും ഇത്രയധികം ഭൂസ്വത്ത് കൈവശമില്ല.

publive-image

തമിഴ്നാട്ടിലെ ഭൂമി കൈമാറ്റത്തില്‍ കൃത്രിമ മേല്‍വിലാസം ഉപയോഗിച്ചുവെന്ന ആരോപണം വേറെയുമുണ്ട്. 2001 നവം. 15 ന് നടന്ന ഈ ഭൂമി ഇടപാടില്‍ കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയുടെ വിലാസമായിരുന്നു ജേക്കബ്ബ് തോമസ്‌ തന്റെ പേരിനൊപ്പം ചേര്‍ത്തിരുന്നത്. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ നീക്കം.

അന്വേഷണത്തില്‍ ഈ കമ്പനി തന്റെ പേരില്‍ എഴുതിയിട്ടതാണ് ഭൂമി എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.  ഇതേക്കുറിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങള്‍ അദ്ദേഹത്തിന്റെ കള്ളക്കളി വ്യക്തമാക്കുന്നതായിരുന്നു.

ഈ വസ്തു ഇടപാട് നടന്ന ദിവസം ഈ കമ്പനിയുടെ അക്കൌണ്ടില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും എന്നാല്‍ ജേക്കബ്ബ് തോമസിന്റെ ഭാഗത്ത് നിന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിരുന്നു. അതോടെ ഈ തട്ടിപ്പും വെളിച്ചത്തായി.

publive-image

ഇതുള്‍പ്പെടെ നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും നേരിടുമ്പോഴാണ് ഇദ്ദേഹം മുന്‍ ചീഫ് സെക്രട്ടറിയും ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ തന്നെ ഏറ്റവും പേരുകേട്ട ഉദ്യോഗസ്ഥനുമായിരുന്ന ഡോ. കെ എം എബ്രാഹം, നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ക്കൊക്കെ എതിരെ വിജിലന്‍സ് കേസെടുപ്പിച്ച് അറസ്റ്റ് നീക്കം നടത്തിയത്.

ഐ എ എസ് ഉദ്യോഗസ്ഥര്‍ ഒന്നാകെ പ്രതികരണവുമായി രംഗത്ത് വന്നതോടെയാണ് അറസ്റ്റ്‌ ഒഴിവായത്.  എന്തെങ്കിലും ആരോപണം ചുമത്തി അറസ്റ്റ് ചെയ്യുക, മാധ്യമങ്ങള്‍ അത് ആഘോഷിക്കട്ടെ, വര്‍ഷങ്ങള്‍ കഴിഞ്ഞ് പിന്നീട് അയാള്‍ നിരപരാധി ആണെന്ന് തെളിഞ്ഞ് ഇറങ്ങിപ്പോയാല്‍ നമുക്കെന്ത് പറ്റാനാണ് - എന്ന നയമാണ് ജേക്കബ്ബ് തോമസിന്റെതെന്ന് മറ്റൊരു കേസില്‍ ഇദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്ത എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

ഒരുയര്‍ന്ന നേതാവിനേയോ ഉദ്യോഗസ്ഥനെയോ അറസ്റ്റ് ചെയ്ത് ഹീറോ ആകാം എന്നതായിരുന്നു നയം. ഇത്തരത്തില്‍ ബാര്‍ കോഴ കേസില്‍ കെ എം മാണിയെ അറസ്റ്റ് ചെയ്യാനും ഇദ്ദേഹം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.  എന്നാല്‍ അതിനുള്ള തെളിവില്ലെന്നും ഇത് കോടതിയില്‍ നിന്നും തിരിച്ചടിക്കുമെന്നും കീഴ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതന്നല്ലേ അന്ന് ഞാനും താനും സര്‍വീസില്‍ ഉണ്ടാകില്ലല്ലോ എന്നായിരുന്നത്രെ മറുപടി.

publive-image

ഒടുവില്‍ മാണിയെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഭരണതലപ്പത്ത് നിന്ന് തന്നെ വിജിലന്‍സ് തലപ്പത്തേക്ക് കോള്‍ വന്നു - നിങ്ങള്‍ക്ക് വാഹനം റോഡില്‍ ഓടിക്കാനുള്ള ലൈസന്‍സാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്, അല്ലാതെ വണ്ടി ഇടിപ്പിച്ച് ആളെ കൊല്ലാന്‍ ലൈസന്‍സ് ഇല്ലാ എന്ന്. അതോടെ ആ നീക്കവും പൊളിഞ്ഞു.

വിജിലന്‍സ് ഡയക്ടറായിരിക്കെ അദ്ദേഹത്തിന് ശത്രുതയുള്ള ഉദ്യോഗസ്ഥര്‍ക്കും നേതാക്കള്‍ക്കുമെതിരെ മാത്രമാണ് കേസെടുത്തത് എന്ന ആരോപണങ്ങള്‍ ഉയരുകയും ആ കേസുകള്‍ക്കൊന്നും കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ ചുമതലയില്‍ നിന്ന് നീക്കം ചെയ്തത്.  അതോടെ സര്‍ക്കാരിനെതിരെയായി നീക്കം. അത് ഇവിടെ വരെ എത്തുകയും ചെയ്തു.

Advertisment