Advertisment

കന്യാസുരക്ഷാ പദ്ധതി: പരാതി അന്വേഷിക്കാന്‍ മുഖ്യമന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പേരില്‍ കോട്ടയം കളക്ട്രേറ്റ് കേന്ദ്രീകരിച്ച് നടപ്പാക്കിയ കന്യാസുരക്ഷാപദ്ധതിയെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

Advertisment

കെ.ആര്‍. നാരായണന്‍ രാഷ്ട്രപതിയായി സ്ഥാനമേറ്റതിന്റെ സ്മരണക്കെന്ന പേരില്‍ 1997 ല്‍ ആണ് കന്യാസുരക്ഷാ പദ്ധതി എന്ന പേരില്‍ കോട്ടയം കളക്‌ട്രേറ്റ് കേന്ദ്രീകരിച്ചു ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിച്ചതെന്ന് എബി ജെ. ജോസ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

ജില്ലയിലെ പെണ്‍കുട്ടികളെ പതിനഞ്ച് വര്‍ഷത്തേക്ക് പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി.യുടെ പെന്‍ഷന്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് വിഭാഗവും ജില്ലാ മഹിളാ പ്രധാന്‍ ഏജന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രചാരണം.

വര്‍ഷംതോറും 260 രൂപാ വീതം പ്രീമിയം അടച്ച് 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേക ബെനിഫിറ്റ് സ്‌കീം എന്ന നിലയില്‍ ഇരുപതിനായിരം രൂപാ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതു പെണ്‍കുട്ടിക്ക് 21 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നല്‍കുമെന്നും അധികൃതരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ പദ്ധതി ദേശീയ ശ്രദ്ധയും നേടി.

ഒരു കുടുംബത്തില്‍നിന്നു പിതാവിന്റെയും മാതാവിന്റെയും പേരില്‍ ഓരോ പെണ്‍കുട്ടികളെ മാത്രമേ പദ്ധതിയില്‍ ചേരാന്‍ അനുവദിച്ചിരുന്നുള്ളൂ. പെണ്‍കുട്ടിയുടെ രക്ഷിതാവ് മരണമടഞ്ഞാല്‍ പ്രീമിയം തുക പിന്നീട് അടക്കേണ്ടതില്ലെന്നും അധികൃതര്‍ അന്ന് പറഞ്ഞിരുന്നു. ഡെത്ത് ക്ലെയിം അനുവദിച്ചുള്ള തുകയോ അപകടമരണമാണെങ്കില്‍ പരമാവധി നാലുലക്ഷം രൂപാ വരെയോ പെണ്‍കുട്ടിയുടെ വിവാഹത്തിനായി നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം.

അന്നത്തെ കോട്ടയം ജില്ലാ കളക്ടര്‍ പി.എച്ച്. കുര്യന്‍, എല്‍.ഐ.സി. ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ഓഫീസറായിരുന്ന വി.എന്‍.എസ്. പിള്ള, ദേശീയ സമ്പാദ്യപദ്ധതി ഡപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന കബീര്‍ ബി ഫാറൂണ്‍ തുടങ്ങിവരുടെ നേതൃത്വത്തിലാണ് പദ്ധതിക്കു തുടക്കം കുറിച്ചത്.

പദ്ധതിയെക്കുറിച്ചു കേട്ടറിഞ്ഞ് 52220 പേര്‍ ആദ്യമാസം തന്നെ പദ്ധതിയില്‍ ചേര്‍ന്നു. കോട്ടയം കളക്‌ട്രേറ്റിലാണ് അംഗത്വം വിതരണം ചെയ്തിരുന്നത്. നാല്‍പ്പതും അമ്പതും കിലോമീറ്റര്‍ സഞ്ചരിച്ച് ഒട്ടനവധി പേര്‍ കോട്ടയം കളക്‌ട്രേറ്റില്‍ എത്തി. മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് അംഗത്വമെടുത്തത്. ദിവസങ്ങളോളം കളക്‌ട്രേറ്റില്‍ വന്‍തിക്കും തിരക്കും ഉണ്ടായി. ഇതൊഴിവാക്കാന്‍ പോലീസിന്റെ സഹായവും അധികൃതര്‍ അന്ന് തേടിയിരുന്നു..

അഞ്ചു വര്‍ഷത്തിനുശേഷം 2002 ജൂലൈയില്‍ കെ.ആര്‍. നാരായണന്‍ രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞപ്പോള്‍ അംഗസംഖ്യ 72000 കവിഞ്ഞു. 2010 ആയപ്പോഴേയ്ക്കും ഇത് ഒരു ലക്ഷത്തിമുപ്പത്തി ആറായിരം കവിഞ്ഞു.

എന്നാല്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്കു പണമടക്കുന്നതിനുവേണ്ടിയുള്ള ഒരു പേപ്പര്‍ കാര്‍ഡുമാത്രമാണ് നല്‍കിയിരിക്കുന്നത്. ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നടത്തുമ്പോള്‍ പദ്ധതിയുടെ കാര്യങ്ങള്‍ സംബന്ധിച്ചു വ്യക്തമായ രേഖകള്‍ അംഗത്തിനു നല്‍കണമെന്ന വ്യവസ്ഥ ഉണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ടു ഇത്തരത്തില്‍ യാതൊന്നും നല്‍കിയിരുന്നില്ല.

കളക്‌ട്രേറ്റില്‍ നിന്നും രജിസ്‌ട്രേഷന്‍ എടുത്തവര്‍ക്ക് ആദ്യം ജില്ലാ സഹകരണ ബാങ്ക് ശാഖകളില്‍ പ്രീമിയം അടയ്ക്കാന്‍ സൗകര്യം നല്‍കി. പിന്നീട് ഫെഡറല്‍ ബാങ്കിനെ ചുമതലപ്പെടുത്തി. രണ്ടുതവണയ്ക്കുശേഷം അവരും ചുമതല ഒഴിഞ്ഞു. തുടര്‍ന്നു വിവിധ സഹകരണ ബാങ്കുകളെയാണ് ചുമതലപ്പെടുത്തിയത്. ജൂണ്‍ മുതല്‍ ജൂലൈ വരെ കാലാവധിക്കിടയിലാണ് പ്രീമിയം അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. കുടിശ്ശിഖ വരുത്തിയാല്‍ കോട്ടയം കളക്‌ട്രേറ്റില്‍ ചെന്നു പുതുക്കണമെന്നാണു നിബന്ധന.

പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കാലാവധി പൂര്‍ത്തീകരിക്കുമ്പോള്‍ 20,000 രൂപാ ലഭിക്കില്ലെന്നു മഹിളാപ്രധാന്‍ ഏജന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഇപ്പോള്‍ പറയുന്നത്. ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി എന്ന നിലയില്‍ മാത്രം ഏര്‍പ്പെടുത്തിയ പ്രത്യേക സ്‌കീമാണ് കന്യാസുരക്ഷാപദ്ധതിയെന്നും അവര്‍ ഇപ്പോള്‍ പറയുന്നു. പ്രീമിയത്തില്‍ അഞ്ചു രൂപാ ചുമതല വഹിക്കുന്ന മഹിളാ പ്രധാന്‍ സൊസൈറ്റിക്കു ലഭിക്കും.

84 രൂപാ ഇന്‍ഷ്വറന്‍സിനും 15 രൂപാ അപകട ക്ലെയിമിനും വേണ്ടിയാണ് ഈടാക്കുന്നത്. ബാക്കി വരുന്ന തുകയായ 156 രൂപയാണ് അംഗത്തിന്റെ നിക്ഷേപമായി കണക്കാക്കുന്നത്. രക്ഷിതാവിന്റെ പേരില്‍ ക്ലെയിമൊന്നുമുണ്ടായില്ലെങ്കില്‍ 156 രൂപ വീതം 15 വര്‍ഷം അടച്ചതിനും അതിന്റെ അര്‍ഹമായ പലിശയും അംഗത്തിനു ലഭിക്കും. ഇതാണ് തങ്ങള്‍ വിഭാവനം ചെയ്ത പദ്ധതിയെന്നു മഹിളാ പ്രധാന്‍ സംഘാടകര്‍ ഇപ്പോള്‍ പറയുുന്നത്.

എന്നാല്‍ പത്രമാധ്യമങ്ങള്‍ അംഗത്തിനു 20,000 രൂപാ വീതം കിട്ടുമെന്നു റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ തിരുത്തു നല്‍കാത്തതിനെക്കുറിച്ചു അധികൃതര്‍ വിശദീകരിക്കുന്നില്ല. കളക്‌ട്രേറ്റില്‍ രജിസ്‌ട്രേഷന്‍ ഫീസ് സ്വീകരിച്ചതുമൂലം സര്‍ക്കാര്‍ പദ്ധതിയാണൈന്നു ആളുകള്‍ കരുതി.

പെണ്‍കുട്ടിക്ക് 21 വയസ്സു പൂര്‍ത്തീകരിക്കുമ്പോള്‍ മുഴുവന്‍ പ്രീമിയവും അടച്ചവര്‍ക്ക് പരമാവധി ആറായിരം രൂപ മാത്രമേ ലഭിക്കുകയുള്ളൂ. ചാരിറ്റബിള്‍ സൊസൈറ്റി പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു സംഘടനക്ക് കളക്‌ട്രേറ്റില്‍ പണം സ്വീകരിക്കാന്‍ അനുമതി നല്‍കിയതില്‍ ദുരൂഹതയുണ്ട്.

കളക്‌ട്രേറ്റ് കേന്ദ്രീകരിച്ചു പണം സമാഹരിച്ചതിലൂടെ ലക്ഷക്കണക്കിനു ആളുകളെ സര്‍ക്കാര്‍ പദ്ധതിയെന്നു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കളക്‌ട്രേറ്റില്‍ രജിസ്‌ട്രേഷനും മറ്റു നടപടികളും നടത്തിയതോടെ പദ്ധതി സര്‍ക്കാരിന്റേതാണെന്നു ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി. ഇതിനോടകം ഒന്നരലക്ഷത്തിലധികം ആളുകള്‍ സര്‍ക്കാര്‍ പദ്ധതിയാണെന്നു വിശ്വസിച്ചു പദ്ധതിയില്‍ അംഗങ്ങളായിക്കഴിഞ്ഞു.

പദ്ധതിയുടെ പേരില്‍ ജില്ലയില്‍നിന്നും ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപയാണ് സമാഹരിച്ചത്. പദ്ധതിയില്‍ ആദ്യം ചേര്‍ന്നവരില്‍ ഒട്ടനവധി പേര്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും ചേര്‍ന്നപ്പോള്‍ പറഞ്ഞിരുന്ന ആനുകൂല്യം നല്‍കിയിട്ടില്ല. പദ്ധതിയില്‍ ചേര്‍ന്നിരിക്കുന്നത് സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ആയിരുന്നു.

മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്റെ പേര് ദുരുപയോഗിക്കുകയും കോട്ടയം കളക്ട്രേറ്റ് ഒരു സംഘടനയ്ക്ക് പണമിടപാടിനു വിട്ടുകൊടുക്കുകയും ചെയ്ത് കോട്ടയം ജില്ലയിലെ ലക്ഷക്കണക്കിനു സാധാരണക്കാരെ കബളിപ്പിക്കുകയാണ് ഇതുമായി ബന്ധപ്പെട്ടവര്‍ ചെയ്തിരിക്കുന്നതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസും സെക്രട്ടറി സാംജി പഴേപറമ്പിലും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തപക്ഷം കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.

Advertisment