Advertisment

കെ എം മാണിയെ സ്നേഹിക്കുന്നവരുടെ പാര്‍ട്ടിയില്‍ ഇനി പി ജെ ജോസഫിന്റെ നേതൃത്വം വേണ്ട ? അധികാരത്തര്‍ക്കം പരിഹരിക്കാനുള്ള അനുരഞ്ജന ചര്‍ച്ചയ്ക്ക് മുമ്പേ നിലപാട് കടുപ്പിച്ച് ജോസഫ് - മാണി വിഭാഗങ്ങള്‍ !

New Update

കൊച്ചി:  കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കം പരിഹരിക്കാന്‍ ബുധനാഴ്ച കൊച്ചിയില്‍ നടക്കുന്ന അനുരഞ്ജന ചര്‍ച്ചകള്‍ പ്രഹസനമായി മാറാന്‍ സാധ്യത. ഇന്ന് പകലും ഒരു വിഭാഗങ്ങളും തങ്ങളുടെ നിലപാടുകളില്‍ നിന്ന് കടുകിട വ്യതിചലിക്കാതെ പരസ്യമായി രംഗത്തെത്തിയതോടെ ചര്‍ച്ച പൊളിയും എന്നുറപ്പായി.

Advertisment

publive-image

ചെയര്‍മാന്‍ പദവി വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് പി ജെ ജോസഫ്.  എന്നാല്‍ കോട്ടയം സീറ്റിന് അവകാശവാദം ഉന്നയിച്ചത് മുതല്‍ പി ജെ ജോസഫിന്റെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മാണി അനുഭാവികള്‍. കെ എം മാണിയോടുള്ള വൈകാരിക അടുപ്പത്തിന്റെ പേരില്‍ രൂപംകൊണ്ട പാര്‍ട്ടിയില്‍ അവസാന കാലത്ത് പോലും മാണിസാറിനെ രാഷ്ട്രീയമായി വേട്ടയാടാന്‍ ശ്രമിച്ച പി ജെ ജോസഫ് ചെയര്‍മാനായി വരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാണി വിഭാഗം അറിയിച്ചുകഴിഞ്ഞു.

തുടക്കത്തില്‍ പി ജെ ജോസഫുമായി സഹകരിച്ചു നീങ്ങാനുള്ള മാനസികാവസ്ഥയിലായിരുന്ന ജോസ് കെ മാണിയും ഇപ്പോള്‍ ജോസഫിനെതിരെ കടുത്ത നിലപാടില്‍ തന്നെയാണ്.

കോട്ടയം സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമായിരുന്നു കേരളത്തില്‍ കോണ്‍ഗ്രസില്‍ കെ എം മാണി നടത്തിയ അവസാനത്തെ രാഷ്ട്രീയ ചര്‍ച്ച. "കോട്ടയം സീറ്റ് വേണമെന്ന് പറഞ്ഞാല്‍ എന്റെ ഹൃദയം പറിച്ചു തരണമെന്നല്ലേ ഔസേപ്പച്ചാ പറയുന്നതെന്നായിരുന്നു" ആ ചര്‍ച്ചയില്‍ കെ എം മാണി ജോസഫിനോട് ചോദിച്ചത്.

publive-image

സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ സംസാരം. "ഞാന്‍ തൊടുപുഴ ആവശ്യപ്പെടുന്നത് പോലല്ലേ ഔസേപ്പച്ചാ, നിങ്ങള്‍ പാലാ ഉള്‍പ്പെടുന്ന കോട്ടയം ആവശ്യപ്പെടുന്നതെന്നും" കെ എം മാണി ചോദിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ കെ എം മാണിയെ സ്നേഹിക്കുന്നവരുടെ പാര്‍ട്ടിയില്‍ ഇനി ജോസഫിന്റെ നേതൃത്വം വേണ്ടെന്നാണ് ജോസ് കെ മാണി അനുഭാവികളുടെ നിലപാട്. പക്ഷെ, ജോസഫ് ഇത് അംഗീകരിക്കില്ല. ഇതോടെ സഭാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം നടക്കുന്ന ബുധനാഴ്ചത്തെ അനുരഞ്ജന ചര്‍ച്ച ഫലം കാണുമോ എന്ന് സംശയമാണ്.

kerala congress new pala ele
Advertisment