Advertisment

മാണി സാറിനെ കള്ളനെന്നു വിളിച്ചതിനും റെക്കോർഡ് തിരുത്തിയ അവസാന ബജറ്റ് അവതരണത്തിനിടെ ഇറക്കിവിട്ടതിനും ഇടതുപക്ഷത്തിന്റെ പ്രായശ്ചിത്തം ! മാണി സ്മാരകത്തിനായി ജോസ് കെ മാണി ചോദിച്ചത് 50 സെന്റും 5 കോടിയും. പണം അനുവദിച്ചും കാരുണ്യ പദ്ധതി തുടരുമെന്ന് പ്രഖ്യാപിച്ചും ബജറ്റിലൂടെ മാണി സാറിന് അഗ്നിശുദ്ധിയും ആദരവും ! മാണിയെ പലതവണ മാമോദീസ മുക്കാൻ തുനിഞ്ഞവരുടെ മാണി സ്നേഹത്തിന് പിന്നിലെ രാഷ്ട്രീയം ?

New Update

കോട്ടയം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷം ഏറ്റവും അധികം എതിർത്തത് ധനമന്ത്രിയായിരുന്ന കെ എം മാണിയെയായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ ഏറ്റവും വലിയ ആയുധം സോളാർ കഴിഞ്ഞാൽ പിന്നെ കെ എം മാണി പ്രതിയായ ബാർ കോഴയായിരുന്നു.

Advertisment

പിന്നീട് യു ഡി എഫ് മാറി എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മാണി സാറിനെ ഏറ്റവും അധികം പഴിച്ച ബാർ കോഴ കേസിൽ അദ്ദേഹം നിരപരാധി ആണെന്ന് റിപ്പോർട്ട് നൽകിയതും ഈ സർക്കാരിന്റെ വിജിലൻസാണ്.

publive-image

ഇപ്പോൾ കെ എം മാണി എന്ന കേരള രാഷ്ട്രീയത്തിലെ അതികായന് സ്മാരകം നിർമ്മിക്കാൻ മകൻ ജോസ് കെ മാണിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ചെയർമാനായ കെ എം മാണി ഫൗണ്ടേഷന് 5 കോടി അനുവദിച്ചിരിക്കുകയാണ് പിണറായി സർക്കാർ.

രാജ്യത്ത് ഏറ്റവും അധികം ബജറ്റുകൾ അവതരിപ്പിച്ച് റെക്കോർഡിട്ട മാണി സാറിനെ അവസാന ബജറ്റ് അവതരണത്തിൽ തടസപ്പെടുത്തുകയും സഭയ്ക്ക് തന്നെ കളങ്കം ചാർത്തിയ നാടകീയ രംഗങ്ങൾ സൃഷ്ടിക്കുകയും അപമാനിച്ച് ഇറക്കി വിടുകയും ചെയ്ത അതേ മുന്നണി ഇപ്പോൾ മറ്റൊരു ബജറ്റിലൂടെ കെ എം മാണിക്ക് ആദരങ്ങൾ അർപ്പിച്ചിരിക്കുകയാണ്.

സ്മാരകം നിർമ്മിക്കാൻ 5 കോടി മാത്രമല്ല, കെ എം മാണി ആവിഷ്കരിച്ച കാരുണ്യ ചികിത്സാ സഹായ പദ്ധതി തുടരുമെന്നും ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കൽ പ്രിയങ്കരനായ മാണിസാറിനോട് ചെയ്ത അപരാധങ്ങൾക്ക് തക്ക പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ് പുതിയ നീക്കത്തിലൂടെ ഇടത് സർക്കാർ.

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം എം എൽ എയും മന്ത്രിയുമായിരുന്ന കെ എം മാണിക്കായി പഠന ഗവേഷണ കേന്ദ്രം ഉൾപ്പെടുന്ന സ്മാരകം നിർമ്മിക്കാൻ 50 സെന്റ് സ്ഥലവും അവിടെ കെട്ടിടം നിർമ്മിക്കാൻ 5 കോടി രൂപയുമായിരുന്നു കെ എം മാണി ഫൗണ്ടേഷന് വേണ്ടി ജോസ് കെ മാണി ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.

സ്ഥലം അനുവദിച്ചിട്ടില്ല. പകരം സ്മാരകത്തിനായി ആകെ 5 കോടിയാണ് അനുവദിച്ചിരിക്കുന്നത്.

publive-image

കെ എം മാണിയുടെ ഒന്നാം ചരമ വാർഷികത്തിന് രണ്ടു മാസം കൂടി ബാക്കി നിൽക്കെയാണ് കെ എം മാണിയുടെ രാഷ്ട്രീയ എതിരാളികൾ തന്നെ അദ്ദേഹത്തിന് ഉചിതമായ സ്മാരകം നിർമ്മിക്കാനായി തുക അനുവദിച്ചിരിക്കുന്നതും, അദ്ദേഹം തുടങ്ങിയ കാരുണ്യ പദ്ധതി അതെ പേരിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതും.

അതിനാൽ തന്നെ മാണി സാർ ജീവനോടില്ലെങ്കിലും ഒരു കാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ ആരോപണങ്ങളിൽ അതുന്നയിച്ചവർ തന്നെ മാണി സാറിന് അഗ്നിശുദ്ധി വരുത്തിയിരിക്കുകയാണ്.

കേരളാ കോൺഗ്രസ് നേതാക്കളിൽ ഇടതുപക്ഷത്തോട് ഏറ്റവും അകലം പാലിച്ച നേതാവായിരുന്നു മാണി. 80 ൽ രണ്ടു വർഷം മാത്രമാണ് മാണി ഇടതുപക്ഷവുമായി സഹകരിച്ചത്.

അതിനു മുമ്പും പിൻപും മാണി കോൺഗ്രസ് ചേരിയിൽ ഉറച്ചു നിന്നു. അതേസമയം പി ജെ ജോസഫ് 21 വർഷവും ഇപ്പോൾ ആർ ബാലകൃഷ്ണ പിള്ള 5 വർഷമായും ഇടതുപക്ഷത്തിനൊപ്പമായിരുന്നു.

എങ്കിലും കെ എം മാണി എന്ന അതികായൻ അർഹമാംവിധം ആദരിക്കാൻ ഇടതുപക്ഷം മറന്നില്ല. പല തവണ മാണിയെ മാമോദിസാ മുക്കാൻ തന്ത്രങ്ങൾ മെനഞ്ഞ ഇടതുപക്ഷത്തിന് അതിനു പിന്നിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് കാത്തിരുന്നു കാണണം.

Advertisment