Advertisment

കോന്നിയില്‍ പ്രബല മുന്നണികളെ വിറപ്പിച്ച് ഓര്‍ത്തഡോക്സ് വികാരം ! ബെന്നി ബെഹന്നാന്റെ പ്രസംഗം യുഡിഎഫിന് തിരിച്ചടിയായപ്പോള്‍ കളംപിടിച്ചത് കേന്ദ്രമന്ത്രി മുരളീധരന്‍ ! ഓരോ വോട്ടിലും ശ്രദ്ധയൂന്നി മോഹന്‍രാജും ജനീഷ് കുമാറും സുരേന്ദ്രനും ! വിജയം ആര്‍ക്കൊപ്പം ?

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

കോന്നി:  ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാഷ്ട്രീയ കരുനീക്കങ്ങളില്‍ സജീവമാകുകയാണ് കോന്നി മണ്ഡലം.  സിറ്റിംഗ് സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. മോഹന്‍രാജിനെതിരെ ഇടത് മുന്നണി സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാറും ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രനും ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

Advertisment

സഭയും സമുദായങ്ങളും നിര്‍ണ്ണായക ശക്തികേന്ദ്രങ്ങളായ കോന്നിയില്‍ ഓര്‍ത്തഡോക്സ് സഭയുടെ നിലപാടാണ് യു ഡി എഫിന് എല്‍ ഡി എഫിനും ഭീഷണിയാകുന്നതെങ്കില്‍ സഭയുടെ പരസ്യ പിന്തുണ കിട്ടിയ ആവേശത്തിലാണ് കെ സുരേന്ദ്രന്‍.

publive-image

ഓര്‍ത്തഡോക്സ് പിന്തുണയുടെ കാര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ യു ഡി എഫിനും എല്‍ ഡി എഫിനും അവകാശവാദങ്ങളുണ്ട്‌.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തനായ സിറ്റിംഗ് എം എല്‍ എ ശിവദാസന്‍ നായരെ വീണാ നായര്‍ മുട്ടുകുത്തിച്ചത് ഓര്‍ത്തഡോക്സ് സഭയുടെ പിന്‍ബലത്തിലായിരുന്നു.

പക്ഷെ, കോന്നിയിലെത്തുമ്പോള്‍ ഇടതുപക്ഷത്തിന് ഓര്‍ത്തഡോക്സില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ലെന്നതാണ് സ്ഥിതി.  സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ കയ്യൊഴിഞ്ഞെന്ന വികാരം വിശ്വാസികള്‍ക്കുണ്ട്. സര്‍ക്കാരിനെതിരെ സഭയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരണം ശക്തമാണ്.

തെറ്റിദ്ധരിപ്പിച്ചത് ബെന്നിയുടെ വാക്കുകള്‍

അതേസമയം, ഈ പിന്തുണ തങ്ങളുടെ പക്ഷത്ത് എത്തിക്കാനുള്ള യു ഡി എഫിന്റെ നീക്കം പൊളിഞ്ഞത് കണ്‍വീനര്‍ ബെന്നി ബെഹന്നാന്റെ നിലപാടാണെന്ന ആക്ഷേപമാണ് ഓര്‍ത്തഡോക്സ് വിഭാഗം ഉയര്‍ത്തുന്നത്.

പാര്‍ത്രിയാക്കീസ് വിഭാഗത്തിന്റെ യോഗത്തില്‍ പങ്കെടുത്ത് സഭാ വികാരം പങ്കുവയ്ക്കുന്ന തരത്തില്‍ ബെന്നി പ്രസംഗിച്ചെന്നും യു ഡി എഫിന്റെ പിന്തുണയും പാര്‍ത്രിയാക്കീസ് പക്ഷത്തിനുണ്ടെന്ന് വ്യക്തമാക്കിയെന്നുമൊക്കെയാണ് ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ ആരോപണം. ഇക്കാര്യങ്ങളെല്ലാം ഓര്‍ത്തഡോക്സുകാരുടെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പില്‍ സജീവ ചര്‍ച്ചകളാണ്.

publive-image

കളം പിടിച്ചത് മന്ത്രി മുരളീധരന്‍ !

അതേസമയം, കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ കോന്നി പ്രസംഗമാണ് ഓര്‍ത്തഡോക്സ് വിഭാഗത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.  ഓര്‍ത്തഡോക്സ് സഭയ്ക്ക് നീതി കിട്ടിയില്ലെന്നായിരുന്നു മുരളിയുടെ പ്രസ്താവന.  ഇതോടെയാണ് ഇടതിനെയും വലതിനെയും തള്ളി ബി ജെ പിയോട് അടുക്കാന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ഒരു വിഭാഗത്തെ ചിന്തിപ്പിച്ചത്.

ഉമ്മന്‍ചാണ്ടിയെ കൈവിടുമോ ?

സഭാംഗങ്ങളായ രാഷ്ട്രീയ നിലപാടുള്ള വിശ്വാസികള്‍ അവരവരുടെ നിലപാടുകളില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നതാണ് സ്ഥിതി.  പക്ഷേ, പുതിയ വോട്ടര്‍മാരും നിഷ്പക്ഷ നിലപാടുള്ളവരും സഭയ്ക്കൊപ്പം ചേരും. തിരുവല്ലയില്‍ നിന്നുള്ള ഒരു വൈദികന്‍ ഒഴികെ സഭയുടെ ഉന്നത നേതൃത്വത്തില്‍ ആരും ഇത്തവണ പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും സഭയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ യുവാക്കളുടെ നിലപാട് ഇത്തവണ മാറി ചിന്തിക്കണമെന്നാണെന്ന്പറയപ്പെടുന്നു.

എന്തായാലും കോന്നിയിലെ രണ്ടാമത് സമുദായവും വോട്ടു ബാങ്കുമായ ഓര്‍ത്തഡോക്സ് സഭയുടെ നിലപാട് തങ്ങള്‍ക്കൊപ്പമെത്തിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ഇരു മുന്നണികളും തുടരുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ നോമിനിയായ സ്ഥാനാര്‍ഥി മത്സരിക്കുമ്പോള്‍ അദ്ദേഹത്തെ അത്രകണ്ട് ഉപേക്ഷിക്കാനും സഭയ്ക്ക് പരിമിതികളുണ്ട്.

publive-image

പായ്ക്കേജുകളില്‍ തൃപ്തനാകാതെ റോബിന്‍ പീറ്റര്‍

അതിനൊക്കെ പുറമേ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളും തൃപ്തികരമായ നിലയില്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. അടൂര്‍ പ്രകാശ് തുടക്കത്തില്‍ നിര്‍ദ്ദേശിച്ച റോബിന്‍ പ്രകാശിന് ഡി സി സി ഉപാധ്യക്ഷ സ്ഥാനവും റാന്നി സീറ്റും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ക്യാമ്പ് സജീവമല്ലെന്ന ആക്ഷേപം ശക്തമാണ്. ഓര്‍ത്തഡോക്സ് വിഭാഗക്കാരനായ റോബിന്റെ നിലപാട് ഇത്തവണ കോന്നിയില്‍ നിര്‍ണ്ണായകമാണെന്നതില്‍ തര്‍ക്കമില്ല.

കോന്നി കൈവിട്ടാല്‍ അടൂര്‍ പ്രകാശിനെ പാര്‍ട്ടിയും കൈവിടും

അതിനൊപ്പം തന്നെ രാജിവച്ച എം എല്‍ എ അടൂര്‍ പ്രകാശിനെ സംബന്ധിച്ച് കോന്നി നിര്‍ണ്ണായകമാണ്. കോന്നിയില്‍ യു ഡി എഫിനുണ്ടാകുന്ന തോല്‍വി അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ ഭാവിയുടെ പരാജയമായി വിലയിരുത്തുന്നവര്‍ ഏറെയാണ്‌. സ്വന്തം കാര്യം നേടിക്കഴിയുമ്പോള്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന നേതാക്കളുടെ ശൈലിക്കെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം ശക്തമാണ്.

സഭയുടെ ഒറ്റക്കെട്ടായ പിന്തുണ കെ സുരേന്ദ്രന് ലഭിച്ചാല്‍ കോന്നിയില്‍ പ്രധാന മുന്നണികള്‍ മത്സരിക്കേണ്ടത് കെ സുരേന്ദ്രനുമായി നേര്‍ക്കുനേരായിരിക്കും. അതായത് ജയിക്കുന്നത് ഇടതാണെങ്കിലും വലതാണെങ്കിലും മറ്റെയാള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അത് യു ഡി എഫ് സ്ഥാനാര്‍ഥിയായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരിക അടൂര്‍ പ്രകാശ് എം പിയായിരിക്കും.

അതിനാല്‍ തന്നെ തീപാറുന്ന പോരാട്ടത്തിലാണ് യു ഡി എഫും ഇടതുപക്ഷവും. ഓരോ വോട്ടും നിര്‍ണ്ണായകം തന്ന. അത് ഈഴവ ആയാലും ബി ഡി ജെ എസ് ആണെങ്കിലും ഓര്‍ത്തഡോക്സ് ആണെങ്കിലും ..

 

 

pala ele byelection 2019
Advertisment