Advertisment

കൂത്താട്ടുകുളം-നടക്കാവ് ദേശീയ പാതയോരത്ത് മാടക്കട വീടാക്കി എഴുപതുകാരന്‍ കണ്ണമ്മേലില്‍ കുട്ടന്‍. മാടക്കട വാങ്ങിച്ചു കൊടുത്തത് പോലീസ് ട്രെയിനിംഗ് കാലത്ത് കിട്ടിയ സ്റ്റൈപ്പന്‍ഡ് കൊണ്ട് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബിജി

New Update

പിറവം:  കൂത്താട്ടുകുളം- നടക്കാവ് ദേശീയ പാതയില്‍ എ പി വര്‍ക്കി ആശുപത്രിയുടെ അടുത്ത് കരിഓയില്‍ പൂശിയ ഒരു മാടക്കട ആ വഴി കടന്നുപോയിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകും. നീല പടുതകൊണ്ട് മേല്‍കൂര വിരിച്ച, നാലുകാലില്‍ നിവര്‍ന്നു നിന്ന്, ഗൃഹാതുരത്വം ഉണര്‍ത്തുന്ന മലയാളികളുടെ പഴയകാല മിനി സൂപ്പര്‍മാര്‍ക്കറ്റ്.

Advertisment

publive-image

ചിലനേരം മാടക്കടയുടെ കിളിവാതില്‍ ഒരു കമ്പ്കൊണ്ട് മുട്ട് കൊടുത്ത് പാതി ഉയര്‍ത്തി, കാലുകള്‍ താഴത്തേയ്ക്ക് തൂക്കിയിട്ട് പ്രത്യേകിച്ച് ഒരു ഭാവവും മുഖത്തുവരാതെ നിര്‍വികാരനായി ഒരാള്‍ ഇരിയ്ക്കുന്നത്കാണാം.

ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിയ്ക്കുന്നതല്ല എന്ന മട്ടില്‍. കണ്ണമ്മേലില്‍ കുട്ടന്‍ എന്ന എഴുപതുകാരന്‍.

കുട്ടന്റെ കഥയിങ്ങനെ;

പുളിയ്ക്കമാലി കണ്ണമ്മേലില്‍ കുറുമ്പന്റെയും റോസയുടെയും ഏക മകന്‍.കുട്ടന് ഒന്നര വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.

കൂലിപ്പണിയും തെങ്ങുകയറ്റവുമായിരുന്നു കുറുമ്പന്റെ തൊഴില്‍.അച്ഛന്റെ മരണശേഷം വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്ന ഏതൊരു കുടുംബത്തിനും സംഭവിയ്ക്കാവുന്നത് കുട്ടന്റെ ജീവിതത്തിലും സംഭവിച്ചു.

ഉണ്ടായിരുന്ന വിടും സ്ഥലവും എങ്ങനെയോ നഷ്ടപ്പെട്ടു.അമ്മ വേറെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിച്ചതുമില്ല. കുട്ടനെ വളര്‍ത്താന്‍ പാടുപെടുന്നതിനിടയില്‍ പഠിപ്പിയ്ക്കാനും കഴിഞ്ഞില്ല ആ സാധുവിന്.

അന്യവീടുകളില്‍ പണിയെടുത്തും കൂലിപ്പണിയെടുത്തും മകനെ വളര്‍ത്തി. ആരുടെയോ കരുണയാല്‍ കിട്ടിയ ചെറിയ വാടകവീട്ടിലായിരുന്നു താമസം .

കുട്ടന്‍ വളരുന്നതനുസരിച്ച് ജോലി ചെയ്ത് കുടുംബം പോറ്റാന്‍ തുടങ്ങി.ഇതിനിടെ കോല്‍കളി പഠിച്ച് നല്ല കോല്‍കളി കലാകാരനായി. കോല്‍കളി പഠിയ്ക്കാന്‍ ധാരാളം പേര്‍ വരികയും കുറെ ശിഷ്യരെ ലഭിയ്ക്കുകയും ചെയ്തു .

കൂലിപ്പണിയും തെങ്ങുകയറ്റവും തൊഴിലാക്കിയ കുട്ടന് എല്ലാവരും ഇഷ്ടപ്പെടുന്ന സ്വഭാവമായിരുന്നു.ഏത് പണിയും ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ക്കുകയും ചെയ്യും. ഒരു പരിഭവവും പിണക്കവും ആരോടും കാണിയ്ക്കാറുമില്ലായിരുന്നു. വിവാഹപ്രായമെത്തിയപ്പോള്‍ അമ്മയുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിച്ചു.

വിവാഹജീവിതം അസ്വാരസ്യങ്ങള്‍ കൊണ്ട് കലുഷിതമായി. ആ വിവാഹ ബന്ധത്തില്‍ ഒരു കുട്ടി ജനിച്ച് അധികം താമസിയാതെ ബന്ധം ഉപേക്ഷിച്ചു.

publive-image

കുട്ടന് നാല്‍പത്തിനാല് വയസ്സുള്ളപ്പോള്‍ അമ്മയും മരിച്ചു. ജോലി ചെയ്യുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് കുട്ടന് നട്ടെല്ലിന് പരുക്കേറ്റു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു.

ആരക്കുന്നത്ത് തിരികെ എത്തിയപ്പോള്‍ ആശ്രയം ആരക്കുന്നത്തെ കടത്തിണ്ണകളും വെയിറ്റിംഗ് ഷെഡ്ഢുകളും ആയി. ഒരിയ്ക്കല്‍ പടക്കം പൊട്ടിയ്ക്കുമ്പോള്‍ അപകടം പറ്റി കേള്‍വിയ്ക്ക് തകരാറുണ്ടായി.

ആരക്കുന്നം ഊഴത്തോട് പുളിഞ്ചുവട്ടില്‍ യോഹന്നാന് ആരക്കുന്നത്തെ സെന്റ് ജോര്‍ജ്ജ് ജാക്കബെററ് സിറിയന്‍ പള്ളിയുടെ അടുത്ത് ഹോട്ടല്‍ ഉണ്ടായിരുന്നു.

വളരെ നല്ല മനുഷ്യരായിരുന്ന യോഹന്നാനും അദ്ദേഹത്തിന്റെ ഭാര്യ അമ്മിണിയും കുട്ടന് ഭക്ഷണം പ്രതിഫലമില്ലാതെ തന്നെ കൊടുക്കാന്‍ തുടങ്ങി. ഹോട്ടലില്‍ രാത്രി കിടക്കാനും അനുവദിച്ചു.

ആരക്കുന്നം പള്ളിയുടെ സെമിത്തേരിയിലെ ജോലികളും കുട്ടന്‍ ചെയ്തിരുന്നു.വീഴ്ചയിലെ പരുക്കുകള്‍ ആ ജോലിയെയും ബാധിച്ചു.പിന്നെ പത്രവിതരണത്തിലൂടെ ചില്ലറ വരുമാനത്തിന് അവസരം കിട്ടുയുണ്ടായി.

എ.പി.വര്‍ക്കി ഹോസ്പിറ്റല്‍ പേപ്പതിയില്‍ ആരംഭിച്ചപ്പോള്‍ യോഹന്നാന് കാന്റീന്‍ നടത്താനായി ഹോസ്പിറ്റല്‍ അധികൃതര്‍ അവസരം കൊടുത്തു.കുട്ടനും കാന്റീനിലേയ്ക്ക് മാറി.

വര്‍ഷങ്ങളായി യോഹന്നാനും ഭാര്യയും വിശ്രമമില്ലാതെ ജോലിചെയ്യുകയായിരുന്നല്ലോ ഉപജീവനത്തിനും മക്കളെ പഠിപ്പിയ്ക്കാനും.മൂത്ത മകന് വില്ലേജ് ഓഫീസര്‍ ആയും ഇളയ മകള്‍ക്ക് കേരളാ പോലീസിലും ജോലി ലഭിച്ചപ്പോള്‍ മക്കള്‍ തന്നെ പറഞ്ഞു ഇനി കാന്റീനില്‍ കിടന്ന് കഷ്ടപ്പെടണ്ടന്ന്.

കാന്റീന്‍ നിര്‍ത്താന്‍ പോകുകയാണന്നറിഞ്ഞപ്പോള്‍ കുട്ടന്‍ പൊട്ടിക്കരഞ്ഞു. കുട്ടന് കിടപ്പാടമില്ല,ഭക്ഷണത്തിന് മാര്‍ഗ്ഗമില്ല,ആരോഗ്യം ക്ഷയിച്ചു വരുന്നു.

യോഹന്നാനും ഭാര്യ അമ്മിണിയ്ക്കും വിഷമമായി.ഒരു കൂടപ്പിറപ്പിനെപോലെ കരുതി ചേര്‍ത്ത് പിടിച്ച ആ പച്ചപ്പാവത്തിനെ ഉപേക്ഷിച്ചു പോവാന്‍ അവര്‍ വിഷമിച്ചു. കിടപ്പാടമെങ്കിലും ഉണ്ടാക്കി കൊടുക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു.

ആ സമയത്തായിരുന്നു യോഹന്നാന്റെ മകള്‍ ബിജിയുടെ പോലീസ് ട്രെയിനിംഗ് കഴിയുന്നത്. ട്രെയിനിംഗ് സമയത്ത് കിട്ടിയ സ്റ്റൈപ്പന്‍ഡ് ആറായിരം രൂപ അമ്മയുടെ കൈയില്‍ കൊടുത്തു, കുട്ടന് അന്തിയുറങ്ങാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടാക്കാന്‍.വീട് വാങ്ങി കൊടുക്കാനുള്ള സാമ്പത്തികസ്ഥിതി ഒന്നും അവര്‍ക്ക് ഇല്ലായിരുന്നു.

കുട്ടന്റെ പാര്‍പ്പിടാവശ്യത്തിനായുള്ള അന്വേഷണത്തിനിടയില്‍ ഒരു മാടക്കട കൊടുക്കാന്‍ ഉണ്ടന്ന് അറിഞ്ഞു. ഏഴായിരത്തിഅഞ്ഞൂറ് രൂപ കൊടുക്കണം.

ബിജിയുടെ ആറായിരം രൂപയും അമ്മയുടെ വക ആയിരത്തി അഞ്ഞൂറ് രൂപയും ചേര്‍ത്ത് ഏഴായിരത്തിഅഞ്ഞൂറ് രുപ കൊടുത്ത് മാടക്കട വാങ്ങി, അത് എ.പി.വര്‍ക്കി ഹോസ്പിറ്റലിനു മുന്നിലായി സ്ഥാപിച്ചു.

കുട്ടന്‍ അതില്‍ താമസം തുടങ്ങുകയും ചെയ്തു.കുട്ടന്റെ ഭക്ഷണത്തിനായി ഹോസ്പിറ്റലിലെ കാന്റീനില്‍ ഏര്‍പ്പാടാക്കി. ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫ് ആണ് കാന്റീനിലെ ഭക്ഷണത്തിന്റെ പൈസ കൊടുക്കുന്നത്.

കുട്ടന്‍ മാടത്തിലില്ലാതിരുന്ന ഒരു പകല്‍ അമിതവേഗത്തില്‍ വന്ന വണ്ടി മാടം ഇടിച്ച് തെറിപ്പിച്ചു.ഹോസ്പിറ്റല്‍ ജീവനക്കാരുടെ സഹായത്തോടെ മാടം നന്നാക്കി ഹോസ്പിറ്റലിനു മുന്നില്‍ നിന്നും ഇപ്പോള്‍ ഇരിയ്ക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റിവച്ച് കൊടുത്തു.

മേല്‍ക്കൂരയിലെ ഓടുകളെല്ലാം പൊട്ടിതകര്‍ന്നിരുന്നു.അതിനു പകരം പ്ലാസ്റ്റിക് പടുതാകൊണ്ട് മേല്‍ക്കൂര വിരിച്ചിരിയ്ക്കുകയാണ്.

അനാരോഗ്യം മൂലം നടക്കാന്‍ വിഷമമുണ്ട് ഇപ്പോള്‍. കാലൊക്കെ നീരുവന്ന് വീര്‍ത്തിട്ടുണ്ട്.ജോലിയുടെ തിരക്കിനിടയിലും ബിജി കുട്ടനെ സന്ദര്‍ശിയ്ക്കാറുണ്ട്. രാമമംഗലം പോലീസ് സ്റ്റേഷനില്‍ സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ ബിജി തന്നാല്‍ കഴിയുന്ന സാമ്പത്തിക സഹായവും ചെയ്യാറുണ്ട്.

യോഹന്നാനും അമ്മിണിയും കാണാന്‍ പോകാറുണ്ട്.കുട്ടന്റെ അനാരോഗ്യത്തില്‍ ഇവര്‍ക്ക് ഉല്‍ക്കണ്ടയുണ്ട്.പഞ്ചായത്ത് അധികൃതരുടെയോ സന്നദ്ധസംഘടനകളുടെയോ ഇടപെടലുണ്ടായാല്‍ കുട്ടന് സുരക്ഷിതമായ പാര്‍പ്പിടവും വൈദ്യസഹായവും കിട്ടും.

പേരിനും പ്രശസ്തിയ്ക്കും വേണ്ടി ആയിരം രൂപ കൊടുക്കാന്‍ പത്തുലക്ഷം രൂപയുടെ പരസ്യം ചെയ്യുന്ന പ്രാഞ്ചിയേട്ടന്‍മാരുടെ ഈ കാലത്ത് ബിജിയും അച്ഛന്‍ യോഹന്നാനും അമ്മ അമ്മിണിയും എ.പി.വര്‍ക്കി ആശുപത്രിയിലെ നഴ്സുമാരും വേറിട്ട കാഴ്ചയാണ്.

എല്ലാ ഓണത്തിനും കുട്ടന് ഓണക്കോടിയുമായി പോകുന്ന ആരക്കുന്നത്തെ സെന്റ് ജോര്‍ജ്ജ് പള്ളിയിലെ ഒരു ഭാരവാഹിയുണ്ട്.പേര് പറയരുതെന്ന് പ്രത്യേകം പറഞ്ഞതിനാല്‍ ഒഴിവാക്കുന്നു.

നന്മയുടെ ചന്ദനസുഗന്ധം കര്‍മപാതയിലെ ചാന്ദ്രശോഭയില്‍ ചാലിച്ച് തളിയ്ക്കുന്ന ഇവര്‍ ഗ്രാമവിശുദ്ധിയുടെ അര്‍ച്ചനപൂക്കളാണ്.

Advertisment